കൊച്ചി: വരുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ മിഡ് ഫീൽഡിന് കരുത്തുപകരാൻ ഒരു യുവ താരം എത്തുന്നു. പതിനെട്ടുകാരനായ ഗിവ്‌സൺ സിങ് മൊയിരംഗ്‌ദെം കേരള ബ്ലാസ്റ്റേഴ്‌സുമായി കരാറിൽ ഒപ്പുവച്ചു. ഇന്ത്യൻ ആരോസിൽ നിന്നാണ് പ്രഗൽഭനായ ഈ യുവതാരം കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തുന്നത്.

കഴിഞ്ഞ ഐ ലീഗ് സീസണിൽ ഇന്ത്യൻ ആരോസിനു വേണ്ടി പ്രൊഫെഷണൽ അരങ്ങേറ്റം കുറിച്ചുകൊണ്ട് 16 തവണ കളത്തിലിറങ്ങിയ ഗിവ്‌സൺ രണ്ടു ഗോളുകളും 2 അസിസ്റ്റുകളും ടീമിനായി കാഴ്ചവെച്ചു. ഫുട്‌ബോൾ പ്രേമികൾ ധാരാളമുള്ള മണിപ്പൂരിലെ മൊയ് രംഗ് എന്ന ചെറിയ പട്ടണത്തിൽ നിന്നാണ് ഗിവ്‌സൺ സിങ് വരുന്നത്. പഞ്ചാബ് എഫ് സി ക്ക് വേണ്ടി കളിച്ചാണ് ഗിവ്‌സൺ ഫുട്‌ബോൾ ലോകത്തേക്ക് പ്രവേശിക്കുന്നത്.

2016ഇൽ ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ എലൈറ്റ് അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഗിവ്‌സൺ ഇന്ത്യൻ ആരോസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് വരെ മൂന്നു വർഷം അവിടെ ചെലവഴിച്ചു. അണ്ടർ 16 ഇന്ത്യൻ ദേശീയ ടീമിന്റെ അവിഭാജ്യഘടകമായിരുന്ന ഗിവ്‌സൺ അംഗമായിരുന്ന ടീം 2018 ഇൽ മലേഷ്യയിൽ നടന്ന അണ്ടർ 16 എ എഫ് സി ചാമ്പ്യൻഷിപ്പിൽ ക്വാർട്ടർ ഫൈനൽ വരെ എത്തിയിരുന്നു. കൂടാതെ ദേശീയ അണ്ടർ 17 ടീമിലും ഗിവ്‌സൺ ഇടംപിടിച്ചിട്ടുണ്ട്. 2019 ജൂൺ നാലിന് റഷ്യയിൽ നടന്ന ഇന്റർനാഷണൽ അണ്ടർ-19 ചാംപ്യൻഷിപ്പിലും കളിച്ചു.

'വളരെ ചെറിയ കുട്ടിയായിരിക്കുമ്പോൾ ആണ് എനിക്ക് ഫുട്‌ബോളിനോട് അഭിനിവേശം തോന്നി തുടങ്ങുന്നത്. സ്‌പോർട്‌സിനോട് വളരെയധികം ആഭിമുഖ്യം പുലർത്തുന്ന എന്റെ സംസ്ഥാനത്തെ പോലെ തന്നെയുള്ള ഒരു നാട്ടിൽ ഉള്ള ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാകുന്നതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. എന്റെ കരിയർ തുടങ്ങിയതേയുള്ളൂ. വലിയ ലക്ഷ്യങ്ങൾ എനിക്കും എന്റെ ടീമിനുവേണ്ടിയും നേടിയെടുക്കേണ്ടതുണ്ട്. എന്നെ ഈ മഞ്ഞ കുടുംബത്തിലേക്ക് സ്വാഗതം ചെയ്ത ഈ ക്ലബ്ബിലെ എല്ലാവരോടും ഞാൻ നന്ദി അറിയിക്കുന്നു. എന്റെ സ്വപ്നസാക്ഷാത്കാരത്തിനായി എന്തെല്ലാം നൽകണമോ അതെല്ലാം ഞാൻ നൽകും '.ഗിവ്‌സൺ സിങ് പറഞ്ഞു.

''ഇന്ത്യൻ ആരോസിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് ഗിവ്‌സൺ.എല്ലായ്‌പ്പോഴും തന്റെ പ്രായത്തിനപ്പുറം പക്വത അദ്ദേഹം കാണിച്ചിട്ടുണ്ട് . ടീമിൽ ഒരു നല്ല അംഗമായിരിക്കും ഗിവ്‌സൺ . എനിക്ക് ഉറപ്പുണ്ട്, ഗിവ്‌സൺ കഠിനാധ്വാനം തുടരുകയാണെങ്കിൽ കൂടുതൽ ഉയരങ്ങളിലേക്ക് പോകും. അദ്ദേഹത്തെ ടീമിലേക്ക് സ്വാഗതം ചെയ്യുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്, ഒപ്പം അദ്ദേഹത്തിന്റെ ഭാവിക്ക് എല്ലാവിധ ആശംസകളും നേരുന്നു''. കേരള ബ്ലാസ്റ്റേഴ്സ് അസിസ്റ്റന്റ് കോച്ച് ഇഷ്ഫാഖ് അഹമ്മദ് പറഞ്ഞു.