ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മഹാമാരി തുടർന്നാൽ ആറ് കോടിയിലേറെ യുവാക്കൾക്ക് തൊഴിൽ നഷ്ടപ്പെടും. നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 32.5% ആകുമെന്നും ഏഷ്യൻ ഡവലപ്‌മെന്റ് ബാങ്കിന്റെയും രാജ്യാന്തര ലേബർ ഓർഗനൈസേഷന്റെയും റിപ്പോർട്ട്. തൊഴിലെടുക്കാവുന്ന കുറഞ്ഞ പ്രായപരിധിയായ 15നും 24നും ഇടയ്ക്കുള്ളവർക്ക് കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി കാരണം തൊഴിലവസരങ്ങൾ കുറയുമെന്നാണ് കണക്ക്.

നിർമ്മാണ കാർഷിക മേഖലകളിലായിരിക്കും കൂടുതൽ ജോലി നഷ്ടമുണ്ടാകുന്നത്. അപ്രന്റീസ്ഷിപ്പുകളും ഇന്റേൺഷിപ്പുകളും കോവിഡ് പ്രതിസന്ധി തുടങ്ങിയതു മുതൽ ഇല്ലാതാവുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ബന്ധപ്പെട്ട സർക്കാരുകൾ (കേന്ദ്ര, സംസ്ഥാന) കൃത്യമായ നടപടികളെടുത്തില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും. ജൂലൈയിൽ രാജ്യത്ത് 50 ലക്ഷത്തോളം സ്ഥിരം ശമ്പളക്കാർക്കു ജോലി നഷ്ടപ്പെട്ടുവെന്ന് സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഇതോടെ കോവിഡും തുടർന്നുണ്ടായ ലോക്ഡൗണും കാരണം സ്ഥിരം ജോലി നഷ്ടപ്പെട്ടവർ 1.89 കോടിയായി.

അസംഘടിത മേഖലയിലുള്ളവർക്ക് 60 കഴിഞ്ഞാൽ പെൻഷൻ നൽകുന്ന കേന്ദ്രസർക്കാരിന്റെ പ്രധാനമന്ത്രി ശ്രം യോഗി മാൻധൻ യോജനയിൽ ചേരുന്നവരുടെ എണ്ണം കുറഞ്ഞതായി തൊഴിൽ മന്ത്രാലയത്തിന്റെ കണക്കുകളിൽ പറയുന്നു. ഏപ്രിലിനും ജൂലൈയ്ക്കുമിടയിൽ 61,908 പേരാണ് പദ്ധതിയിൽ ചേർന്നത്. മാർച്ച് ഡിസംബർ കാലത്ത് ഇത് 1,32,892 ആയിരുന്നു.