കോവിഡ്-19 പ്രതിസന്ധി ലോകരാഷ്ട്രങ്ങളുടെ നട്ടെല്ല് ഒടിച്ചിരിക്കുകയാണ്. ഒട്ടു മിക്ക സാമ്പത്തിക ശക്തികളും അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക തകർച്ച അനുഭവിക്കുകയാണ്.

അടച്ചുപൂട്ടലുകളുടേയും തൊഴിൽ നഷ്ടങ്ങളുടെയും കഥകൾ പതിവായ കാലത്തും ബിസിനസ്സ് ലോകത്തുനിന്നും ചില ശുഭവാർത്തകളെത്തുന്നു, ഒരു തിരിച്ചു വരവ് അസാദ്ധ്യമല്ലെന്ന് നമ്മളെ ഓർമ്മിപ്പിച്ചുകൊണ്ട്. സാങ്കേതിക മികവുകൊണ്ട് വിപണി കീഴടക്കിയ ആപ്പിളിന്റേയും, ഒരുകാലത്ത് സ്മാർട്ട് ഫോണുകളിൽ മുമ്പനായിരുന്ന ബ്ലാക്ക്‌ബെറിയുടേയും കഥ അത്തരത്തിൽ ലോക വിപണിക്ക് പ്രതീക്ഷകൾ ഏകുന്നതാണ്.

ഓഹരിക്കമ്പോളത്തിൽ ആപ്പിളിന്റെ വൻകുതിപ്പ്

വിപണിമൂല്യം 2 ട്രില്ല്യൺ ആസ്തി എന്ന നാഴികക്കല്ല് മറികടക്കുന്ന ആദ്യത്തെ അമേരിക്കൻ കമ്പനിയായി മാറിയിരിക്കുകയാണ് ആപ്പിൾ. ഇന്നലെ കമ്പനിയുടെ ഓഹരി മൂല്യം 1 ശതമാനം വർദ്ധിച്ചതോടെയാണ് സ്മാർട്ട്ഫോൺ രംഗത്തെ ഭീമന്മാർ ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. 1 ട്രില്ല്യൺ വിപണിമൂല്യം എന്ന നാഴികക്കല്ലിൽ നിന്നും ഈ നേട്ടം കൈവരിക്കുവാൻ കമ്പനി വെറും രണ്ട് വർഷം മാത്രമേ എടുത്തുള്ളു എന്നത് ആപ്പിളിന്റെ വളർച്ചയുടെ വേഗതയെ സൂചിപ്പിക്കുന്നു.

ചൈനയിലെ നിർമ്മാണ യൂണിറ്റുകൾ അടച്ചുപൂട്ടിയതും, കൊറോണ പ്രതിസന്ധിമൂലം റീടെയ്ൽ ഔട്ട്ലെറ്റുകൾ അടച്ചുപൂട്ടേണ്ടി വന്നതും ഒക്കെ സൃഷ്ടിച്ച പ്രതിസന്ധികൾ തരണം ചെയ്തും കമ്പനിയുടെ ഓഹരികൾ ഈ വർഷം 60 ശതമാനം നേട്ടമാണ് കൈവരിച്ചത്. എന്നും ആപ്പിളിന്റെ ഗുണമേന്മയാർന്ന ഉദ്പന്നങ്ങൾ ഇഷ്ടപ്പെട്ടിരുന്ന ഉപഭോക്താക്കൾ വീടുകളിൽ അടച്ചിരുന്നപ്പോഴും ഐ ഫോണും മറ്റ് ആപ്പിൾ ഉദ്പന്നങ്ങളും വാങ്ങിയിരുന്നു.

നേരത്തെ 2019 ഡിസംബറിൽ സൗദി ആരാംകോ, 2 ട്രില്ല്യൺ ഡോളർ വിപണിമൂല്യം എന്ന നാഴികക്കല്ലിൽ എത്തിയിരുന്നു. കമ്പനി പബ്ലിക് കമ്പനിയാക്കിയതിന് തൊട്ടുപിന്നാലെയാണ് ഈ നേട്ടം കൈവരിക്കാനായത്. എന്നാൽ അതിനുശേഷം സൗദി എണ്ണക്കമ്പനിയുടെ ഓഹരിമൂല്യം ഇടിയുകയായിരുന്നു. ഇപ്പോൾ ആരാംകോയുടെ വിപണി മൂല്യം 1.82 ട്രില്ല്യൺ ഡോളർ മാത്രമാണ് അമേരിക്കയിൽ, ആപ്പിളിന് തൊട്ടുപുറകിലായി ആമസോൺ, മൈക്രോസോഫ്റ്റ് എന്നീ കമ്പനികളാണ് വിപണി മൂല്യത്തിന്റെ കാര്യത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉള്ളത്.

ബ്ലാക്ക്‌ബെറിയുടെ ശക്തമായ തിരിച്ചുവരവ്

ടെക്സാസ് ആസ്ഥാനമായ ഒരു സ്റ്റാർട്ട് അപ് കമ്പനി ബ്ലാക്ക്‌ബെറിയുടെ ലൈസൻസ് കരസ്ഥമാക്കിയതോടെ കൂടുതൽ ശക്തിയോടെ തിരിച്ചുവരാൻ ഒരുങ്ങുകയാണ് ഒരുകാലത്ത് ഏറെ തിളങ്ങിനിന്ന ഈ സ്മാർട്ട്ഫോൺ ബ്രാൻഡ്. ഇതിന്റെ യഥാർത്ഥ നിർമ്മാതാക്കളിൽ നിന്നും ലൈസൻസ് കരസ്ഥമാക്കിയ ഓൺവേർഡ് മൊബിലിറ്റി എന്ന കമ്പനി 2021-ൽ ബ്ലാക്ക്‌ബെറിയുടെ 5ജി മോഡൽ വിപണിയിൽ എത്തുമെന്ന് അറിയിച്ചു.

പുതുക്കിയ ബ്ലാക്ക്‌ബെറി വിപണിയിൽ എത്തുന്നത്, ബ്രാൻഡ് മൂല്യം പ്രതിഫലിപ്പിക്കുന്ന തരത്തിൽ ഉള്ള ഒരു പുതിയ കീബോർഡ് ഡിസൈനുമായായിരിക്കും. പുതിയ ടൈപ്പിങ് അനുഭവം നൽകുവാൻ പാകത്തിലുള്ളതായിരിക്കും ഈ ഡിസൈൻ. ടോപ്പ്-നോച്ച് കാമറ, സർക്കാർ -തല സുരക്ഷ എന്നിവയും ഇതിൽ ഉൾപ്പെടുത്തും.

2000-ൽ ആദ്യമായി വിപണിയിൽ എത്തിയ ബ്ലാക്ക്‌ബെറി, പ്രൊഫഷണലുകൾക്ക് അത്യാവശ്യം വേണ്ടുന്ന ഒന്നായി മാറുകയായിരുന്നു. എന്നാൽ 20 വർഷങ്ങൾക്കിപ്പുറം ആ പേര് തീർത്തും അപ്രസക്തമായി മാറിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഫോൺ ഡെവെലപ്പ് ചെയ്യുവാനും വിതരണം ചെയ്യുവാനും ലൈസൻസ് ഉണ്ടായിരുന്ന ടി സി എൽ കമ്മ്യുണിക്കേഷൻസുമായുള്ള കരാർ കമ്പനി റദ്ദ് ചെയ്തത്.