- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധനുഷ്‌കയുടെ മൃതദേഹം കണ്ടെത്തിയ കുവി പൊലീസിലേക്ക്; പെട്ടിമുടിയിൽ നിന്നും കളിക്കൂട്ടുകാരിയുടെ മൃതദേഹം തിരിച്ചറിഞ്ഞ കുവി എത്തുക കെ 9 സ്‌ക്വാഡിലേക്ക്
നെടുങ്കണ്ടം: പെട്ടിമുടി ദുരന്തത്തിൽപ്പെട്ട കളിക്കൂട്ടുകാരി ധനുഷ്‌കയുടെ മൃതദേഹം കണ്ടെടുത്ത കുവി എന്ന വളർത്തുനായ സംസ്ഥാന പൊലീസിലേക്ക്. കെ 9 സ്‌ക്വാഡിലേക്ക് കുവിയെ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കുവിയെ ഏറ്റെടുക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കാൻ ഡിജിപി ഓഫിസിൽ നിന്നു ജില്ലാ പൊലീസ് ആസ്ഥാനത്തേക്കു നിർദേശമെത്തി.
കുവിയെ ഏറ്റെടുക്കാൻ തയാറായി ജില്ലാ കെ 9 ഡോഗ് സ്‌ക്വാഡിലെ ട്രെയിനറും സിവിൽ പൊലീസ് ഓഫിസറുമായ അജിത് മാധവൻ താൽപര്യം പ്രകടിപ്പിച്ചതോടെയാണ് കുവിക്ക് പൊലീസിലേക്കുള്ള അവസരം ഒരുങ്ങിയത്. കുവിയുടെ ആരോഗ്യപരമായ കാര്യങ്ങൾ വിദഗ്ധ വെറ്ററിനറി ഡോക്ടർമാർ പരിശോധിക്കും. അപകടം നടന്ന് എട്ട് ദിവസം കഴിഞ്ഞാണു പെട്ടിമുടി പുഴയിൽ നിന്നു 2 വയസ്സുകാരി ധനുഷ്‌കയുടെ മൃതദേഹം കുവി കണ്ടെടുത്തത്.
കുവിയെ ഏറ്റെടുക്കാൻ തയാറായി ജില്ലാ കെ 9 ഡോഗ് സ്‌ക്വാഡിലെ ട്രെയിനറും സിവിൽ പൊലീസ് ഓഫിസറുമായ അജിത് മാധവൻ താൽപര്യം പ്രകടിപ്പിച്ചു ജില്ലാ കലക്ടറെയും ജനപ്രതിനിധികളെയും പ്രദേശവാസികളെയും സമീപിച്ചിരുന്നു. ഇതോടെയാണ് കുവിയെ കെ 9 സ്‌ക്വാഡിൽ എടുക്കാമെന്ന ആലോചനയുണ്ടായത്.
ഗർഭിണിയുടേതടക്കം മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തി
മൂന്നാർ: ഇന്നലെ നടത്തിയ തിരച്ചിലിൽ പെട്ടിമുടിയിൽ നിന്നും ഒരു ഗർഭിണിയുടേതടക്കം മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. കൗശിക (15), ശിവരഞ്ജിനി (15), മുത്തുലക്ഷ്മി (26) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിയത്. മുത്തുലക്ഷ്മി ഗർഭിണിയായിരുന്നു. 2 മൃതദേഹങ്ങൾ കണ്ടെത്തിയ ഭൂതക്കുഴി ഭാഗത്തു തിരച്ചിൽ സംഘം പുലിയുടെ മുന്നിൽപെട്ടത് ആശങ്കയ്ക്കിടയാക്കി. തിരച്ചിൽ കാട്ടിനുള്ളിലേക്കു കടന്നതോടെ വന്യമൃഗ ഭീഷണി രൂക്ഷമാവുകയാണ്.
ഇതോടെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 65 ആയി. 5 പേരെ ഇനിയും കണ്ടെത്താനുണ്ട്. ലയങ്ങൾ നിന്നിടത്ത് റഡാറിന്റെ സഹായത്തോടെയുള്ള തിരച്ചിൽ തുടരുകയാണ്. മൂന്നാർ പഞ്ചായത്തിന്റെ എമർജൻസി റെസ്പോൺസ് ടീമും നാട്ടുകാരും കാട്ടിനുള്ളിലെ തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. കണ്ടെത്താനുള്ള 5 പേർക്കായി തിരച്ചിൽ ഇന്നും തുടരും. സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ ഇന്നലെ പെട്ടിമുടി സന്ദർശിച്ചു.