- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസിന്റെ കീഴിൽ കോവിഡ് കണക്കുകൾ ഇരട്ടിയായി; കോവിഡ് പ്രതിരോധ ചുമതല വീണ്ടും ആരോഗ്യ വകുപ്പിലേക്ക് മാറ്റി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: പൊലീസിന്റെ കീഴിൽ കോവിഡ് കണക്കുകൾ ഇരട്ടിയായതോടെ വീണ്ടു കോവിഡ് പ്രതിരോധ ചുമതല ആരോഗ്യ വകുപ്പിലേക്ക് മാറ്റി സംസ്ഥാന സർക്കാർ. പൊലീസിനെ ഉപയോഗിച്ചു രണ്ടാഴ്ച കൊണ്ടു കോവിഡ് നിയന്ത്രിക്കാനുള്ള നീക്കം ഉദ്ദേശിച്ച പോലെ വിജയിക്കാതെ വന്നതോടെയാണ് ചുമതലകളെല്ലാം വീണ്ടും സംസ്ഥാന ആരോഗ്യ വകുപ്പിലേക്ക് മാറ്റിയത്. പൊലീസിന്റെ കീഴിൽ കോവിഡ് കണക്കുകൾ ഉയരുകയും പട്ടിക തയാറാക്കുന്നതിനു ഫോൺ രേഖകൾ എടുക്കുന്ന പൊലീസ് നടപടിയും വിവാദത്തിലായതോടെയാണു പ്രതിരോധച്ചുമതല മെല്ലെ ആരോഗ്യ വകുപ്പിലേക്കു മാറ്റുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം കഴിഞ്ഞ 3 നാണു പ്രതിരോധച്ചുമതല പൊലീസിനെ ഏൽപിച്ചത്. അന്നു കോവിഡ് പോസിറ്റീവ് ആയത് 962 പേർ ആയിരുന്നെങ്കിൽ 17 ന് അത് 1725 ആയി. ഈ കാലയളവിൽ ആകെ പോസിറ്റീവ് ആയത് 20,229 പേർ. പൊലീസ് രംഗത്തു വന്നതോടെ സമ്പർക്കപട്ടിക തയാറാക്കൽ ഉൾപ്പെടെ അവതാളത്തിലായി.കോവിഡ് ബാധിച്ചവരുമായി സമ്പർക്കത്തിലായവരെ ക്വാറന്റീനിലാക്കി പകർച്ചാ സാധ്യത ഇല്ലാതാക്കുന്നതാണു പ്രതിരോധത്തിന്റെ പ്രധാന ചുമതല. സംസ്ഥാനത്തെ 4700 ഹെൽത്ത് ഇൻസ്‌പെക്ടർമാരാണ് ഈ ജോലി നിർവഹിച്ചിരുന്നത്. ഇവരെ മാറ്റി നിർത്തിയ ശേഷം ഓരോ പൊലീസ് സ്റ്റേഷനുകളും പട്ടിക തയാറാക്കണമെന്നു മുഖ്യമന്ത്രി ഉന്നതതല യോഗത്തിൽ നിർദേശിച്ചിരുന്നു.
ദൗത്യം പൊലീസ് ഏറ്റെടുത്തെങ്കിലും ഹെൽത്ത് ഇൻസ്‌പെക്ടർമാർ പട്ടിക തയാറാക്കുന്നുണ്ടായിരുന്നു. ആരോഗ്യ വകുപ്പിൽ നിന്നു നിർദ്ദേശം ലഭിക്കാത്തതിനാലാണ് അവർ ജോലി തുടർന്നത്. ദൗത്യം ഏറ്റെടുത്ത പൊലീസ്, ഹെൽത്ത് ഇൻസ്‌പെക്ടർമാർ ഉൾപ്പെടെ ആരോഗ്യ പ്രവർത്തകരിൽ നിന്നു വിവരങ്ങൾ ശേഖരിച്ചു മുകളിലേക്കു കൈമാറുകയായിരുന്നു. ആ കണക്കുകൾ ആരോഗ്യ ഡയറക്ടറേറ്റിനു ലഭിച്ചിരുന്നുമില്ല.
തങ്ങൾ ചെയ്യുന്നതിന്റെ ഫലം പൊലീസിനു ലഭിക്കുന്നതിൽ പ്രതിഷേധിച്ചു ഹെൽത്ത് ഇൻസ്‌പെക്ടർമാരും സമ്പർക്ക പട്ടിക തയാറാക്കുന്നതിൽനിന്നു പിൻവലിഞ്ഞു. കഴിഞ്ഞ ദിവസത്തെ അവലോകനത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ പാളിയെന്നു കണ്ടെത്തി. സമ്പർക്ക പട്ടിക അയയ്‌ക്കേണ്ട പ്രാഥമിക, സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ നിന്നു കണക്കുകൾ കിട്ടുന്നില്ലെന്നും തിരിച്ചറിഞ്ഞു.