- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യ ലാബിൽ നടത്തിൽ കോവിഡ് പരിശോധനാ ഫലം തെറ്റി; യുവതിക്ക് നഷ്ടമായത് ഏറെ മോഹിച്ച വ്യോമസേനയിലെ ജോലിക്കുള്ള അവസരം
ആലപ്പുഴ: സ്വകാര്യ ലാബിലെ കോവിഡ് പരിശോധനാഫലം തെറ്റിയതോടെ യുവതിക്കു നഷ്ടമായത് വ്യോമസേനയിൽ ജോലിക്കുള്ള അഭിമുഖം. എഴുത്തു പരീക്ഷ പാസ്സായ യുവതിക്ക് അഭിമുഖം എന്ന കടമ്പ കൂടി കടന്നാൽ ജോലിക്ക് അവസരം ലഭിക്കുമായിരുന്നു. ഈ അവസരത്തിലാണ് സ്വകാര്യ ലാബിന്റെ നിരുത്തരവാദിത്തപരമായ സമീപനം മൂലം അവസരം നഷ്ടമായത്. സ്വകാര്യ ലാബിലെ പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് ഫലംവന്നതോടെയാണ് ഇന്റർവ്യൂവിൽ പങ്കെടുക്കാൻ കഴിയാതിരുന്നത്.
72 മണിക്കൂറിനുള്ളിൽ സർക്കാർലാബിൽ പരിശോധിച്ചപ്പോൾ ഫലം നെഗറ്റീവാണെന്നുകണ്ടു. അപ്പോഴേക്കും വ്യോമസേനാ ജോലിക്കുള്ള അഭിമുഖം കഴിഞ്ഞിരുന്നു. ആലപ്പുഴ തലവടി നടുവിലേമുറി ശ്രീവത്സത്തിൽ മധു-റാണി ദമ്പതിമാരുടെ മകൾ അഞ്ജലിക്കാണ് അവസരം നഷ്ടമായത്. ഫെബ്രുവരിയിൽ എഴുത്തുപരീക്ഷ ജയിച്ചിരുന്നു. അടുത്തഘട്ടത്തിനായി ഓഗസ്റ്റ് എട്ടിന് മൈസൂരുവിലെ വ്യോമസേനാ സെലക്ഷൻ ബോർഡ് ഓഫീസിലെത്താൻ അറിയിപ്പുവന്നു. അതും കടന്നാൽ ജോലിക്കുള്ള അവസരമൊരുങ്ങും.
യാത്രയ്ക്കായി ഏഴിന് കൊച്ചിയിൽനിന്ന് മൈസൂരുവിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ ടിക്കറ്റ് ബുക്കുചെയ്തു. അവിടെ വിമാനത്താവളത്തിൽനിന്നു പുറത്തുകടക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. അതിനായി അഞ്ചിന് ഐ.സി.എം.ആർ.പട്ടികയിലുള്ള സ്വകാര്യ ലാബിൽ പരിശോധനയ്ക്കുചെന്നു. പിറ്റേന്ന് വൈകീട്ട് ബന്ധപ്പെട്ടിട്ടും റിപ്പോർട്ട് കിട്ടിയില്ല. വീണ്ടും പരിശോധനയ്ക്കയച്ചു എന്നുമറുപടി. തുടർന്ന് ഏഴിനു രാവിലെ എട്ടുമണിയോടെ ഫലം പോസിറ്റീവാണെന്ന് ലാബ് റിപ്പോർട്ട് കിട്ടിയതായി ആരോഗ്യവകുപ്പ് അധികൃതർ വീട്ടിലെത്തി അറിയിച്ചു.
ഇതോടെ യാത്ര മുടങ്ങുകയും വൈകീട്ട് അഞ്ജലിയെ ആലപ്പുഴ ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. വീണ്ടും ടെസ്റ്റ് നടത്താൻ അഞ്ജലി തീരുമാനിച്ചു. എട്ടിന് ആലപ്പുഴ മെഡിക്കൽ കോളേജിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്കയച്ചു. പിറ്റേന്ന് ഫലം വന്നു, നെഗറ്റീവ്. ഇനിയെന്തുചെയ്യണമെന്നറിയാതെ ഇരിക്കുകയാണ് അഞ്ജലിയും കുടുംബവും. ഇക്കാര്യങ്ങൾ അറിയിച്ച് എയർഫോഴ്‌സ് അധികൃതർക്ക് മെയിൽ അയച്ചെങ്കിലും മറുപടി കിട്ടിയില്ല.