ബാക്ടീരിയകളും വൈറസ് മൂലം ഉണ്ടാകുന്ന രോഗങ്ങൾ മൂലം മാനവരാശിയാകെ കുറേക്കാലമായി കടുത്ത ഭീഷണി നേരിടുകയാണ്. അതോടൊപ്പം, ലോക ആരോഗ്യരംഗം നേരിടുന്ന ഒരു വലിയ വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ കോവിഡ് -19 എന്ന കൊറോണ വിഭാഗത്തിൽപ്പെട്ട വൈറസും.

ഇത് മനുഷ്യ വിഭവശേഷിയേയും അവരുടെ ജീവിതം, പഠനം, ക്ഷേമം, ഉൽപ്പാദനക്ഷമത, ബിസിനസുകൾ എന്നിവയെല്ലാം സാരമായി ബാധിക്കുകയും ചെയ്തിരിക്കുകയാണ്. ജനങ്ങൾ സാധാരണയായി ഒത്തുകൂടുന്ന വിനോദ മേഖലയാണ് ഈ പകർച്ചവ്യാധി മൂലം ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടു കൊണ്ടിരിക്കുന്ന വ്യവസായങ്ങളിലൊന്ന്.

ഒ റ്റി റ്റി, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറുവാനുള്ള പ്രവണത, പാരമ്പര്യ സിനിമ പ്രേക്ഷകർക്കിടയിൽ ശക്തമാവുന്നതിന്റെ സൂചനകളും കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിനോദ മേഖലയിൽ കണ്ടുവരുന്നുണ്ട്. ഈ പ്രവണത ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ , തീയറ്റർ മേഖലയിൽ നവീന സാങ്കേതിക വിദ്യകളുടെ സഹായത്തോടെയുള്ള വലിയ നിക്ഷേപങ്ങൾ നടത്തുകയും, അതുവഴി പ്രേക്ഷകർക്ക് ഒരു മികച്ച സിനിമ അനുഭവം പകർന്നു നൽകുകയും ചെയ്യുന്നതിനെക്കുറിച്ച് പല തീയേറ്റർ ഉടമകളും ആലോചിച്ചു തുടങ്ങിയിരിക്കുന്നു. സിനിമാ ഇന്റീരിയറുകൾ, സ്‌ക്രീനുകൾ, അക്കോസ്റ്റിക്സ്, പ്രൊജക്ഷനുകൾ മുതലായവയിൽ ഇത്തരത്തിലുള്ള നിക്ഷേപങ്ങൾ വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ടുവന്നു കൊണ്ടിരിക്കുന്നത്.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, ഇപ്പോഴും പ്രവർത്തനാനുമതി ലഭിച്ചിട്ടില്ലാത്ത വ്യവസായങ്ങളിൽ ഒന്നാണ് സിനിമാ പ്രദർശന മേഖല. കടുത്ത മാനസിക സമ്മർദ്ദമാണ് ഈ സാഹചര്യം മൂലം മിക്ക പ്രദർശനശാല ഉടമകളും തൊഴിലാളികളും അനുഭവിച്ചു വരുന്നത്.

ഈ സാഹചര്യത്തെ മറികടക്കാൻ, സിനിമ പ്രദർശനശാലകളിൽ ബാക്ടീരിയ, വൈറസ് എന്നിവയെ നിർവീര്യമാക്കുന്ന ഒരു പുതിയ കോവിഡ് പ്രൊട്ടക്ഷൻ സിസ്റ്റം ഇപ്പോൾ വിപണിയിലേക്ക് എത്തിയിരിക്കുകയാണ്. ദുബായ് ആസ്ഥാനമായുള്ള ഏരീസ് ഗ്രൂപ്പും സാങ്കേതികവിദ്യ ഗവേഷണ സ്ഥാപനമായ ആൾ എബൗട്ട് ഇന്നൊവേഷൻസും സംയുക്തമായാണ് ഇത്തരം ഒരു സംരംഭം ആരംഭിച്ചിരിക്കുന്നത്.

തിയേറ്റർ ഉടമകൾക്ക് വൈറസ് ഭീഷണി ഇല്ലാതെ അവരുടെ വ്യവസായം പുനരാരംഭിക്കാൻ, ചെലവു കുറഞ്ഞതും നൂതനവുമായ ഈ കണ്ടുപിടുത്തം സഹായിക്കുമെന്ന് ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്, ഏരീസ് വിസ്മയാസ് മാക്‌സ് സ്റ്റുഡിയോ, ഏരീസ് പ്ലെക്‌സ് എന്നിവയുടെ സ്ഥാപകനും സിഇഒയുമായ ഡോ. സോഹൻ റോയ് പറഞ്ഞു. 'ഈ ഉപകരണത്തിലൂടെ, സിനിമാ വ്യവസായം അതിന്റെ സുവർണ്ണ കാലഘട്ടത്തിലേക്ക് തിരികെയെത്തുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്, ഞങ്ങളുടെ കാഴ്ചക്കാർക്ക് പഴയ അന്തരീക്ഷം തിരികെ കൊടുത്തുകൊണ്ട് ഹൃദ്യമായ ഒരു സിനിമ അനുഭവം പകർന്നു നൽകുവാൻ ഈ സാങ്കേതികവിദ്യ സഹായിക്കും. ' അദ്ദേഹം അഭിപ്രായപ്പെട്ടു.

'മെയ്ഡ് ഇൻ ഇന്ത്യ ' വിഭാഗത്തിൽ ആൾ എബൗട്ട് നിർമ്മിച്ച, വോൾഫ് ബ്രാൻഡ് ഓസോൺ ജനറേറ്ററുകളും അയോൺ ത്രസ്റ്ററുകളും , അത് പ്രവർത്തിക്കുന്ന മേഖലകളെ മികച്ച രീതിയിൽ ശുദ്ധീകരിക്കാൻ കഴിയുന്നവയാണ്. സാധാരണ ഓസോൺ ജനറേറ്ററുകൾ, സ്റ്റുഡിയോകളുടേയും മുറികളുടേയും അന്തരീക്ഷത്തിലെ അണു നശീകരണത്തിന് സഹായിക്കുമ്പോൾ, വലിയ സിനിമാ ഹാളുകളെ ശുദ്ധീകരിക്കാൻ പ്രാപ്തിയുള്ളവയാണ് എയർമാസ്‌ക് അയോൺ ത്രസ്റ്ററുകൾ .

'സെന്റിമീറ്റർ ക്യുബിന് ഇരുപത്തിയഞ്ച് ദശലക്ഷം നെഗറ്റീവ് അയോണുകൾ വരെ ഡിസ്ചാർജ് ചെയ്യാൻ കഴിയുന്ന ഈ ഉപകരണത്തിന് , കൊറോണ വൈറസിന്റേയും മറ്റ് ദോഷകരമായ വൈറസുകളേയും പോസിറ്റീവ് അയോണുകളെ തൽക്ഷണം തന്നെ പൊതിഞ്ഞ്, അവയെ നിർവ്വീര്യമാക്കുന്നു . അതായത്
'വോൾഫ് എയർ മാസ്‌ക് ', ഒരു തീയറ്ററിൽ സ്ഥാപിച്ചു പ്രവർത്തന യോഗ്യമാക്കിക്കഴിഞ്ഞാൽ, ഹാളിനുള്ളിലെ വായുവിലുള്ള ദോഷകരമായ ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിച്ചുകൊണ്ട്, ഒരു സെക്കൻഡിൽ താഴെ സമയം കൊണ്ട് തന്നെ അന്തരീക്ഷവായുവിനെ ശുദ്ധീകരിച്ചു സുരക്ഷിതമാക്കാൻ ഈ സാങ്കേതികവിദ്യയിലൂടെ സാധിക്കും '.
'എയർ മാസ്‌ക് ' എന്ന് പേരിട്ടിരിക്കുന്ന അയോൺ ത്രസ്റ്ററുകളുടെ പ്രവർത്തനം കൂടുതൽ വിശദമാക്കിക്കോണ്ട് ആൾ എബൗട്ട് ഇന്നൊവേഷൻസിന്റെ സിഇഒ സുജേഷ് സുഗുണൻ അറിയിച്ചു.

ഇന്ത്യയിൽ, പ്രതിവർഷം ഏകദേശം രണ്ടായിരം സിനിമകൾ റിലീസ് ചെയ്യുമ്പോൾ, അവയ്ക്കായി 2,400 മൾട്ടിപ്ലക്സ് സ്‌ക്രീനുകളും ഏതാണ്ട് 6,700 സിംഗിൾ സ്‌ക്രീൻ തിയേറ്ററുകളും മാത്രമാണ് നമ്മുടെ രാജ്യത്ത് നിലവിലുള്ളത്. 2017 നും 2020 നും ഇടയിൽ ഇന്ത്യൻ സിനിമാ വ്യവസായം ഈ വർഷം 6% CGAR ൽ വളരുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു, അതായത് 1.9 ബില്യൺ യുഎസ് ഡോളറിൽ നിന്നും 2.0 ബില്യൺ ഡോളറിലേയ്ക്ക് വ്യവസായം എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. നിർഭാഗ്യവശാൽ, 'കോവിഡ് ', തിയേറ്ററുകൾക്ക് വരുത്തിവെച്ചത് കനത്ത നഷ്ടമാണ്. സിനിമാ വ്യവസായത്തെ എക്കാലത്തെയും താഴ്ന്ന നിലയിലേയ്ക്കാണ് ഈ മഹാമാരി അവയെ കൊണ്ടുപോയത്. ആറ് മാസത്തിലേറെയായി തിയേറ്ററുകൾ അടച്ചിരിക്കുന്നതിനാൽ ഉടമകളുടെ നിലനിൽപ്പ് തന്നെ അനിശ്ചിതത്വത്തിലാണ്. സിനിമാ ഹാളുകളുടെ പ്രവർത്തനം വീണ്ടും ആരംഭിക്കാൻ ശരിയായ പദ്ധതികളൊന്നും തന്നെ ഗവൺമെന്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടുമില്ല. ദീർഘകാലത്തേക്ക് തിയേറ്ററുകൾ ഇനിയും അടച്ചിടേണ്ട സാഹചര്യം ഉണ്ടായാൽ, സിനിമാശാലകളിലെ വിലകൂടിയ ഉപകരണങ്ങൾക്ക് കൂടുതൽ കേടുപാടുകൾ സംഭവിക്കുകയും , അത് ഉടമകൾക്ക് വീണ്ടും സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്യും.
ഈ നിർണായക സമയത്ത് വീണ്ടും പണം മുടക്കേണ്ടി വരുന്നത് പല സിംഗിൾ സ്‌ക്രീൻ ഉടമകളെ സംബന്ധിച്ചും ആശങ്കയുള്ള കാര്യമാണ്.

സിനിമാ വ്യവസായത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ പര്യാപ്തമായ ഈ ഉൽപ്പന്നത്തിന്റെ വിപണനം ഏരീസ് ഗ്രൂപ്പ് ഏറ്റെടുക്കും. ലൈറ്റിങ്, അക്കോസ്റ്റിക്‌സ്, ശബ്ദം എന്നിവയടക്കമുള്ള സംവിധാനങ്ങളെ യാതൊരു കോട്ടവും തട്ടാതെ പരിരക്ഷിച്ചു കൊണ്ട്, ഒരു സിനിമാ ഹാളിനുള്ളിൽ സ്ഥാപിക്കുവാൻ പൂർണ്ണമായും അനുയോജ്യമായ രീതിയിൽ പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന ഒന്നാണ് ഈ 'എയർ മാസ്‌ക് '.

ആയിരം ഉൽപ്പന്നങ്ങളാണ് ആദ്യഘട്ടത്തിൽ വിപണിയിലെത്തുക.

എഞ്ചിനീയർമാർ, ഡോക്ടർമാർ, ശാസ്ത്രജ്ഞർ, സാമൂഹിക സംരംഭകർ എന്നിവരടങ്ങുന്ന ഒരു സാമൂഹ്യ നവീകരണ ഗവേഷണ സ്ഥാപനമാണ് ആൾ എബൗട്ട് ഇന്നൊവേഷൻസ്.