ജിദ്ദ: ത്യാഗം ചെയ്യാനുള്ള മനസ്സും എല്ലാം ത്യജിക്കാനുള്ള സന്നദ്ധതയുമാണ് ഇബ്രാഹിം നബിയെ അല്ലാഹുവിന്റെ മിത്രം ('ഖലീലുല്ലാഹ്') എന്ന പദവിയോടെ ലോകനേതാവാക്കിയതെന്നും ജീവിതത്തിൽ ആ ഗുണം നേടുമ്പോഴാണ് മനുഷ്യൻ വിജയിക്കുകയെന്നും ജമാഅത്തെ ഇസ്ലാമി കണ്ണൂർ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് സാജിദ് നദ്വി പറഞ്ഞു. 'കണ്ണൂർ നിലാവ്' എന്ന പേരിൽ ജിദ്ദ - കണ്ണൂർ ജില്ലാ അസോസിയേഷൻ സംഘടിപ്പിച്ച ഈദ് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യത്യസ്തമായ പരിപാടികളും മത്സരങ്ങളും കൊണ്ട് 'കണ്ണൂർ നിലാവ്' ഈദ് ആഘോഷം ഏറെ ശ്രദ്ധയാകർഷിച്ചു. ഖിറാഅത്ത് മത്സരം, സ്‌നാക്ക് റെസിപ്പി, മൈലാഞ്ചിയിടൽ, സെൽഫി കോൺടെസ്റ്റ് എന്നിവയിൽ നിരവധി പേർ മാറ്റുരക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം നടത്തുകയും ചെയ്തു.

സി.ബി.എസ്.ഇ പത്താം തരം പരീക്ഷയിൽ ജിദ്ദയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയവരുടെ ഇനങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. സുഹറ റസാഖ്, അഫ്‌റ ഫാത്തിമ, എ.മൂസ, റയ്യാൻ മൂസ, വഫ ഹാരിസ്, റുഹൈം മൂസ, കബീർ കണ്ണൂർ, എന്നിവർ ഗാനങ്ങളാലപിച്ചു. മുഹമ്മദ് നസീഫിന്റെ ഹിപ് റോപ്പും അബ്ഷീർ വളപട്ടണത്തിന്റെ നേതൃത്വത്തിൽ കൈമുട്ടിപ്പാട്ടും അരങ്ങേറി.

മാതാപിതാക്കളോടുള്ള കടമയെ കുറിച്ചു പി.കെ ഉമർ കുട്ടിയുടെ ഖുർആനിൽ നിന്നുള്ള ഉൽബോധനത്തോടെ ആരംഭിച്ച പരിപാടിയിൽ കണ്ണൂർ ജില്ലാ അസോസിയേഷൻ പ്രസിഡണ്ട് നിസാർ ഇരിട്ടി അദ്ധ്യക്ഷത വഹിച്ചു. നഷ് വ ഉമർ ഹോസ്റ്റിങ് നിർവ്വഹിച്ച പരിപാടിയിൽ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം അഷ്‌റഫ് പാപ്പിനിശ്ശേരി നിർവഹിച്ചു.

ജില്ലയിലെ വിവിധ അസോസിയേഷൻ നേതാക്കളായ അനീസ്.എ .കെ (തലശ്ശേരി-മാഹി) സുബ്ഹാൻ (എടക്കാട്) റഫീഖ് (കണ്ണൂർ വെൽഫേർ) എഞ്ചിനിയർ കുഞ്ഞി (സിജി) എന്നിവർ ആശംസകൾ അർപ്പിച്ചു. ജനറൽ സെക്രട്ടറി അബ്ഷീർ സ്വാഗതവും പ്രോഗ്രാം കോഡിനേറ്റർ മൂസ എ ആമുഖ ഭാഷണവും നിർവ്വഹിച്ചു. സാങ്കേതിക നിയന്ത്രണം എഞ്ചിനിയർ മുനീർ ഇബ്രാഹിമും സമാപന പ്രസംഗം റുക്‌സാന മൂസയും നിർവ്വഹിച്ചു. പരിപാടികൾക്ക് ഫവാസ് മാട്ടൂൽ, മുഹ്‌സിന നൗഫൽ, സാബിറ ഉമർ, ഫാത്തിമ ഫാറൂഖ് എന്നിവർ നേതൃത്വം നൽകി.