ചെന്നൈ: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രി വെന്റിലേറ്ററിൽ തുടരുകയാണ് ഗായകൻ എസ്‌പി ബാലസുബ്രഹ്മണ്യം. ചെന്നൈ എം ജി എം ഹെൽത്ത് കെയർ ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരുന്ന അദ്ദേഹത്തിന്റെ ആരോഗ്യത്തിനായുള്ള പ്രാർത്ഥനയിലാണ് ആരാധകർ. അതിനിടയിലാണ് എസ് പി ബിക്ക് കോവിഡ് 19 പടർന്നത് ഒരു തെലുങ്ക് ടി വി ഷോയിൽ പങ്കെടുത്തതിനാലാണെന്ന വാർത്ത പുറത്തു വരുന്നത്.

ഷോയിൽ പങ്കെടുത്തിരുന്ന ഗായിക മാളവികയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മാളവികയിൽ നിന്നാണ് എസ്‌പി.ബിക്ക് കോവിഡ് പടർന്നതെന്ന വാർത്തയാണ് ഇപ്പോൾ പരക്കുന്നത്. എന്നാൽ അഥ് നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് മാളവിക. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഗായികയുടെ പ്രതികരണം. എസ് പി ബിയെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനും കോവിഡ് പോസിറ്റീവെന്നു കണ്ടെത്തിയതിനും ശേഷമാണ് താനും രോഗബാധിതയാണെന്ന് സ്ഥിരീകരിച്ചത്.

ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 8നാണ് തനിക്ക് കോവിഡ് പോസിറ്റീവാണെന്നു കണ്ടെത്തിയത്. തനിക്കും രണ്ടു വയസ്സുള്ള മകൾക്കും അച്ഛനും അമ്മയ്ക്കും കോവിഡ് പോസിറ്റീവ് ആണെന്നും അച്ഛനെ ആശുപത്രിയിലാക്കിയെന്നും മാളവിക പറയുന്നു. എന്നാൽ മാളവിക കോവിഡ് മറച്ചു വെച്ച് ചാനൽ ഷോയിലെത്തിയതാണ് എസ്‌പി.ബിക്ക് കോവിഡ് പകരാൻ കാരണമെന്നാണ് ആരോപണം.

ജൂലൈ 30നായിരുന്നു മാളവിക, ഹേമചന്ദ്ര, അനുദീപ്, പ്രണവി, ലിപ്‌സിക, തുടങ്ങിയ ഗായകർക്കൊപ്പം എസ് പി ബി പങ്കെടുത്ത ടി വി ഷോയുടെ ഷൂട്ട് നടന്നത്. എസ് പി ബിക്കും മാളവികയ്ക്കും പുറമെ ഗായിക സുനിത ഉപദ്രസ്തയ്ക്കും കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.