പ്രായപൂർത്തിയാകാത്ത കൗമാരക്കാരികളുടെ പീഡനം തുടർക്കഥയാകുമ്പോൾ ലോകമാസകലമുള്ള മാതാപിതാക്കളുടെ നെഞ്ചാൺ പിടയുന്നത്. സ്ത്രീ സമത്വവും സ്ത്രീ ശാക്തീകരണവുമൊക്കെ കൊട്ടിഘോഷിക്കപ്പെടുന്ന വികസിത രാജ്യങ്ങളിൽ വരെ കൗമാരക്കാരികൾക്ക് സുരക്ഷയില്ലെന്നതാണ് ഏറ്റവും ദയനീയമായ കാര്യം. ഇസ്രയേലിലെ റെഡ് സീ റിസോർട്ടിൽ വച്ച് 30 പേർ പീഡിപ്പിച്ച 16 കാരിയുടെ കഥ ഈ ദുരന്തകഥയുടെ ഏറ്റവും പുതിയ അദ്ധ്യായമായി മാറുകയാണ്.

മയക്കുമരുന്ന് കൊടുത്ത് മയക്കികിടത്തിയ ശേഷമായിരുന്നു ഈ പെൺകുട്ടിയെ പീഡിപ്പിച്ചത്. തങ്ങളുടെ ഊഴവും കാത്ത് ഇരുപതുകളിൽ ഉള്ള യുവാക്കൾ ഹോട്ടൽ മുറിക്ക് പുറത്ത് ക്യു നിൽക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ച രണ്ട് യുവാക്കളെപൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വിവരം പുറത്തുവന്നതോടെ ഇസ്രയേലിലാകെ പ്രതിഷേധം ഇളകി മറിയുകയാണ്. പൊതുസമൂഹത്തിൽ നിന്നും വൻ പിന്തുണ ലഭിച്ചതോടെ പെൺകുട്ടി പരാതിയുമായി പൊലീസിനെ സമീപിക്കുകയും ചെയ്തു.

രാജ്യത്തെ വലിയ നഗരങ്ങളായ ടെൽ അവീവിലും ജറുസലേമിലും പ്രതിഷേധത്തിന് ശക്തിയാർജ്ജിച്ചതോടെ പ്രസിഡണ്ടും പ്രധാനമന്ത്രിയും അടക്കമുള്ള നേതാക്കൾക്ക് സ്ത്രീകൾക്ക് എതിരെയുള്ള കുറ്റകൃത്യങ്ങളെ അപലപിച്ചുകൊണ്ട് രംഗത്ത് വരേണ്ടതായി വന്നു. തികച്ചും ക്രൂരമായ കൃത്യം എന്ന് ഇതിനെ വിശേഷിപ്പിച്ച നേതന്യാഹു, ഇതിൽ ഉൾപ്പെട്ടവരെയെല്ലാം തുറുങ്കിലടയ്ക്കുമെന്ന് പ്രഖ്യാപിച്ചു. ഇത് ഒരു പെൺകുട്ടിക്ക് നേരെയുള്ള അതിക്രമമല്ല മറിച്ച്, മുഴുവൻ മനുഷ്യ രാശിക്കെതിരായുള്ള അതിക്രമമാണെന്നാണ് നേതന്യാഹു പറഞ്ഞത്.

ടെൽ അവീവ് ഉൾപ്പടെ ഇസ്രയേലിലെ പ്രധാന നഗരങ്ങളിലും പട്ടണങ്ങളിലും പെൺകുട്ടിക്ക് പിന്തുണയുമായി ജനങ്ങൾ തടിച്ചുകൂടി. ''ഞങ്ങൾ നിശബ്ദരായി ഇരിക്കില്ല'' എന്നെഴുതിയ ബാനറുകളും പ്ലക്കാർഡുകളുമായി അണിനിരന്നവരിൽ മേൽവസ്ത്രം ഊരിയെറിഞ്ഞ യുവതികളും ഉണ്ടായിരുന്നു. ഇസ്രയേലിലെ ഓരോ അഞ്ച് വനിതകളിലും ഒരാൾ വീതം ജീവിതത്തിൽ ഒരിക്കലെങ്കിലുംബലാൽസംഗം ചെയ്യപ്പെടുന്നു എന്നാണ് വനിതാ പ്രവർത്തകയായ ഇലാന വീസ്മാൻ പറയുന്നത്. ദിവസേന 260 ബലാൽസംഗ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

കഴിഞ്ഞ വർഷം സൈപ്രസിലെ ഒരു ഹോട്ടലിൽ വച്ച് 19 കാരിയായ ബ്രിട്ടീഷ് യുവതിയെ 12 ഇസ്രയേലി പുരുഷന്മാർ ചേർന്ന് ബലാൽസംഗം ചെയ്ത സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിനോട് സമാനമായതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത് എന്നാണ് പ്രതിഷേധക്കാർ പറയുന്നത്. ഈ 12 പേരും അറസ്റ്റ് ചെയ്യപ്പെട്ടു എങ്കിലും പിന്നീട് വിട്ടയക്കപ്പെട്ടു. വനിത നുണപറയുകയായിരുന്നു എന്ന് തെളിഞ്ഞതിനാലാണ് ഇങ്ങനെ സംഭവിച്ചത്. എന്നാൽ, അവരെക്കൊണ്ട് ഭയപ്പെടുത്തിയാണ് അങ്ങനെ പറയിപ്പിച്ചത് എന്ന ആരോപണവും ഉയർന്നിരുന്നു.

ആയിരങ്ങൾ പിന്തുണയുമായി തെരുവിലിറങ്ങുമ്പോഴും ഇവിടെയും ഇരയായ പെൺകുട്ടിക്ക് പല ഭീഷണികളും വരുന്നുണ്ടെന്നാണ് പെൺകുട്ടി പറയുന്നത്. സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. അതേസമയം, പ്രതിയെന്ന് സംശയിക്കപ്പെടുന്ന ഒരാൾ വ്യക്തമാക്കുന്നത്, ഈ പെൺകുട്ടിയുമായി നിരവധി പേർ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്നും, അത് പരസ്പര സമ്മതപ്രകാരമായിരുന്നു എന്നുമാണ്. പെൺകുട്ടിയുമായി ബന്ധപ്പെട്ടവരിൽ ചിലർ അതിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ സംഭവത്തിന്റെ വീഡിയോ ലഭ്യമാണ് എന്ന സന്ദേശം സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് ഇതിൽ ആദ്യ അറസ്റ്റ് നടന്നത്.

ഈ പെൺകുട്ടി ഹോട്ടലിൽ താമസിക്കുന്നുണ്ടായിരുന്നില്ല എന്നാണ് പൊലീസ് പറയുന്നത്. മദ്യപിച്ചതിന് ശേഷം ആ ഹോട്ടലിലെ ശുചിമുറിയിലേക്കാണ് പെൺകുട്ടി പോയത്. അവിടെ നിന്നാണ് ആ പെൺകുട്ടിയെ മുറിയിലേക്ക് കൊണ്ടുപോയതും ഒരു കൂട്ടം ആളുകൾ ബലാൽസംഗം ചെയ്തതും. ബലാൽസംഗം ചെയ്ത എല്ലാവരും പരസ്പരം അറിയാവുന്നവർ ആയിരുന്നില്ലെന്നും പൊലീസ് പറയുന്നു. ഊഴവും കാത്ത് ആളുകൾ മുറിക്ക് വെളിയിൽ വരിവരിയായി നിൽക്കുകയായിരുന്നു എന്ന് പ്രതികളിൽ ഒരാൾ പറഞ്ഞു. ഒരാൾ ഒരു ഡോക്ടർ എന്ന വ്യാജേനയാണ് മുറിക്കുള്ളിൽ കയറിയതും ബലാൽസംഗം ചെയ്തതും എന്ന് ഈ പെൺകുട്ടിയുടെ സുഹൃത്ത് ഒരു ടി വി ചാനലിൽ പറയുകയുണ്ടായി.

കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം ഈ സംഭവം നടന്നു എന്ന് പറയുന്ന ദിവസം ഹോട്ടലിൽ 30 പേരുടെ ആൾക്കൂട്ടം ഉണ്ടായിട്ടില്ലെന്നാണ് ഹോട്ടൽ ഉടമ പറഞ്ഞത്. ഹോട്ടലിലെ സി സിടി വി ദൃശ്യങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും അതിൽ നിന്നും താൻ പറഞ്ഞത് സത്യമാണെന്ന് വ്യക്തമാകുമെന്നുമാണ് അവർ പറയുന്നത്. പെൺകുട്ടിയോട് സഹതപിക്കുന്നു എന്നു പറഞ്ഞ അവർ ഹോട്ടലിനെ അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നതെനിതെരേയും പ്രതിഷേധിച്ചു.

ക്രമാതീതമായി മദ്യപിക്കുക, പുരുഷന്മാർ മുകളിലെ മുറിയിൽ കയറിയിറങ്ങുക എന്നിവയൊക്കെ ഹോട്ടൽ ജീവനക്കാരുടെ ശ്രദ്ധയിൽ പെടാതെ ചെയ്യാനാകില്ലെന്നാണ് കേസ് അന്വേഷിക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത്. മാത്രമല്ല, അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഒരാൾ പറഞ്ഞത്, മുപ്പത് പേരോളം ക്യുവിൽ നിൽക്കുകയായിരുന്നെന്നും മദ്യപിച്ച് ലക്കുകെട്ട പെൺകുട്ടി ഓരോരുത്തരേയായി അകത്തേക്ക് വിളിക്കുകയുമായിരുന്നു എന്നാണെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അറസ്റ്റ് ചെയ്യപ്പെട്ട മറ്റെയാൾ ഇതിൽ പങ്കുണ്ടെന്ന കാര്യം നിഷേധിച്ചിട്ടുണ്ടെനും അവർ അറിയിച്ചു.