സ്പെയിനിലേത് പോലെ വീണ്ടും രോഗവ്യാപനം വർദ്ധിക്കുകയാണെങ്കിൽ ബ്രിട്ടനിലും ഒരു രണ്ടാം ലോക്ക്ഡൗൺ വരുവാൻ സാധ്യതയുണ്ട്. ജൂലായിൽ നിയന്ത്രണങ്ങൾ പിൻവലിച്ചതിന് ശേഷം ഇതാദ്യമായി വൈറസിന്റെ പ്രത്യൂദ്പാദന നിരക്ക് 1 ന് മുകളിൽ ആയിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ നടപടികൾ ആവശ്യമായി വന്നിരിക്കുകയാണ്. പ്രാദേശികമായി രോഗവ്യാപനത്തിന് ശക്തി വർദ്ധിക്കുന്നത് പ്രത്യൂദ്പാദന നിരക്ക് വർദ്ധിപ്പിച്ചേക്കാം എന്നും വീണ്ടും ദേശീയ തലത്തിൽ ഒരു ലോക്ക്ഡൗൺ ആവശ്യമായി വന്നേക്കാം എന്നുമാണ് മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നത്.

എന്നാൽ ഒരു രണ്ടാം ലോക്ക്ഡൗണിന് സാധ്യതയില്ലെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറയാതെ പറഞ്ഞത്. എന്നാൽ സ്പെയിനിലേതിന് സമാനമായ ഒരു സാഹചര്യം ഒഴിവാക്കുവാൻ, ഉദ്യോഗസ്ഥർ ഒരു ലോക്ക്ഡൗൺ ആവശ്യമായി കരുതുന്നു. സ്പെയിനിൽ 1 ലക്ഷം പേരിൽ 142 രോഗികൾ എന്ന നിലയിലേക്ക് ആയിട്ടുണ്ട് സാഹചര്യം. ഇത് രോഗവ്യാപനം കനക്കുന്നു എന്നതിന്റെ സൂചനയാണ്.

അതിനിടയിൽ ഓൾഡാമിലും ബ്ലാക്ക്‌ബേണിലും സ്ഥിതിഗതികൾ വഷളായതിനെ തുടർന്ന് കൂടുതൽ കർക്കശമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്നലെ പാതിരാത്രി മുതൽ ആളുകൾ കൂട്ടം കൂടുന്നത് നിരോധിച്ചിരിക്കുകയാണ്. ആഗസ്റ്റിന് ശേഷം, രോഗബാധിതരുടെ എണ്ണം മൂന്നിരട്ടിയായി വർദ്ധിച്ച ബിർമ്മിങ്ഹാമിൽ കൂടുതൽ പരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്തി.

അതേസമയം സർക്കാരിന്റെ ശാസ്ത്രോപദേശക സമിതി, വൈറസ് പ്രത്യൂദ്പാദന നിരക്ക് വർദ്ധിച്ചുവരികയാണെന്ന് മുന്നറിയിപ്പ് നൽകി. ഏകദേശം 1.1 ആയിരിക്കും ഇപ്പോൾ ആർ മൂല്യം എന്നാണ് അവർ പറയുന്നത്. ബ്രിട്ടനിലെ എല്ലാ അഭ്യന്തര രാഷ്ട്രങ്ങളിലും വൈറസ് വ്യാപനത്തിന് ശക്തി വർദ്ധിച്ചുവരുന്നതായും അവർ ചൂണ്ടിക്കാണിക്കുന്നു.

ഓൾഡാമിലേയും ബ്ലാക്ക്‌ബേണിലേയും പുതിയ നിയന്ത്രണങ്ങൾ ജനങ്ങൾ ജോലിക്ക് പോകുന്നതിനോ ഷോപ്പിംഗിന് പോകുന്നതിനോ തടസ്സം നിൽക്കില്ല. എന്നാൽ, സാമൂഹിക ഒത്തുചേരലുകൾ അനുവദിക്കില്ല. അതുപോലെ സെപ്റ്റംബർ 1 ന് തന്നെ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഓൾഡാം, പെൻഡിൽ, ബ്ലാക്ക്‌ബേൺ എന്നീ മൂന്ന് സ്ഥലങ്ങളിലെ ജനങ്ങളോട് പൊതുഗതാഗത സംവിധാനങ്ങൾ ഒഴിവാക്കുവാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നിയന്ത്രണങ്ങൾ ഒന്നും പക്ഷെ, ഡാർവെൻ മേഖലയിൽ ബാധകമായിരിക്കില്ല.

അതേ സമയം, ചില ഭാഗങ്ങളിൽ മാത്രം രോഗവ്യാപനം ശക്തിപ്പെടുത്തുന്നതിനാൽ ബിർമിങ്ഹാമിൽ നഗരത്തിൽ മുഴുവൻ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതിനെതിരെ പ്രതിഷേധമുയർന്നു. ഇപ്പോൾ നഗരത്തെ ദേശീയ നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. അതായത്, രോഗവ്യാപനം കൂടുതൽ മൂർഛിക്കാതിരിക്കാൻ കൂടുതൽ സഹായങ്ങൾ നഗരത്തിന് ലഭിക്കും.

യൂറോപ്പ് വീണ്ടും ഭീതിയുടെ നിഴലിൽ

യൂറോപ്പ് ഭൂഖണ്ഡത്തെയാകെ കശക്കിയെറിഞ്ഞതാണ് കൊറോണ. ദുരന്തത്തിന്റെ ആദ്യനാളുകളിൽ ലോകം ഭീതിയോടെ വീക്ഷിച്ചിരുന്ന ഭൂഖണ്ഡമായിരുന്നു യൂറോപ്പ്. വളരെ കഷ്ടപ്പെട്ടിട്ടാണെങ്കിലും, സ്ഥിതിഗതികൾ നിയന്ത്രണാധീനമാക്കാൻ മിക്ക യൂറോപ്യൻ രാഷ്ട്രങ്ങള്ക്കും സാധിച്ചു. അമേരിക്ക പോലും രോഗബാധ നിയന്ത്രിക്കാനാകാതെ ബുദ്ധിമുട്ടുന്ന നേരാത്തായിരുന്നു യൂറോപ്യൻ രാഷ്ട്രങ്ങൾ ഈ നേട്ടം കൈവരിച്ചത്. എന്നാൽ അതിന് അല്പായുസ്സെ ഉണ്ടായിരുന്നുള്ളു എന്നാണ് ഇപ്പോൾ തെളിയുന്നത്.

കുറച്ചുനാൾ ഉറങ്ങിക്കിടന്ന രാക്ഷസ വൈറസ് വീണ്ടും ഉയർത്തെഴുന്നേറ്റ് യൂറോപ്പിനെയാകെ മുടിപ്പിക്കാൻ ആരംഭിക്കുകയാണ്. കൊറോണയുടെ രണ്ടാം വരവെന്ന് സംശയിക്കത്തക്ക വിധത്തിൽ പല രാജ്യങ്ങളിലും രോഗവ്യാപനത്തിന് ശക്തി വർദ്ധിക്കാൻ തുടങ്ങിയിട്ടുണ്ട്. ഏറ്റവും ശക്തിയായ രോഗവ്യാപനം ദൃശ്യമാകുന്ന ഫ്രാൻസിൽ ഇന്നലെ ഒരു ദിവസം 4,700 പേർക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. മെയ്‌ മാസത്തിന് ശേഷം ഇന്നലെയായിരുന്നു ഏറ്റവും അധികം പേർക്ക് ഇറ്റലിയിലും രോഗബാധ സ്ഥിരീകരിച്ചത്.

സ്പെയിൻ, ജർമ്മനി, ആസ്ട്രിയ, സ്വിറ്റ്സർലാൻഡ്, ക്രൊയേഷ്യ എന്നിവിടങ്ങളിലും രോഗവ്യാപനത്തിന് ശക്തി വർദ്ധിക്കുകയാണ്. യുവതലമുറയുടെ വേനൽക്കാല പാർട്ടികളും, ഒഴിവുകാല യാത്രകളുമൊക്കെയാണ് ഈ വർദ്ധനവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.ക്രൊയേഷയിൽ 1 ലക്ഷം പേരിൽ 7.8 രോഗികൾ എന്നനിലയിൽ നിന്നും 1 ലക്ഷം പേരിൽ 21.5 രോഗികൾ എന്ന നിലയിലേക്കാണ് ഉയർന്നിരിക്കുന്നത്. ആസ്ട്രിയയിൽ 1 ലക്ഷം പേരിൽ 8 പേർ രോഗികളായിരുന്നിടത്ത് ഇപ്പോൾ 14,4 പേർ രോഗികളാണ്. സ്വിറ്റ്സർലാൻഡിൽ 11.1 എന്നതിൽ നിന്നും 17.2 ആയി ഉയർന്നിട്ടുണ്ട്.