- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശതകോടികൾ നൽകി വാങ്ങിയ ആഡംബര ബംഗ്ലാവിനെ ചുറ്റിപ്പറ്റി വിവാദം കൊഴുക്കവേ മേഗനും ഹാരിയും ലോസ് ഏഞ്ചലസിൽ ഭക്ഷണ വിതരണത്തിനിറങ്ങി; ഇതാ ചില സുന്ദരൻ ചിത്രങ്ങൾ
പുതിയതായി വാങ്ങിയ ആഡംബര ബംഗ്ലാവിനെ കുറിച്ചുള്ള വിവാദം കൊഴുക്കവേ, ഹാരിയും മേഗനും സന്നദ്ധ സേവനത്തിനിറങ്ങി. ലോക്ക്ഡൗണിന് ശേഷമുള്ള അവരുടെ അദ്യ സേവന പ്രവർത്തനമാണിത്. ഫേസ് മാസ്‌ക് ധരിച്ചുകൊണ്ട് 35 കാരനായ ഹാരിയും 39 കാരിയായ മേഗനും ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും മറ്റും വിതരണം ചെയ്യുവാൻ ഇറങ്ങി. ലോസ് ഏഞ്ചലസിലെ ബേബി 2 ബേബി എന്ന ചാരിറ്റി സംഘടനയുമായി സഹകരിച്ചായിരുന്നു പ്രവർത്തനം. അർഹരായ കുടുംബങ്ങളിൽ അവശ്യ വസ്തുക്കൾ ലഭ്യമാക്കുക എന്നതാണ് ഈ സേവനത്തിന്റെ ലക്ഷ്യം.
സൗത്ത് ലോസ് ഏഞ്ചലസിലെ ഡോ. ഓവൻ ലോയ്ഡ് നോക്സ് എലിമെന്ററി സ്‌കൂളിൽ വാഹനങ്ങളുടെ ജനലുകളിലൂടെയും മറ്റും സാധനങ്ങൾ നൽകുന്ന ദമ്പതിമാരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. തികച്ചും സാധാരണ വേഷത്തിലെത്തിയ ഇവർ, കുട്ടികളോട് കളിപറഞ്ഞും മുതിർന്നവരോട് വിശേഷമന്വേഷിച്ചുമാണ് തങ്ങളുടെ പ്രവർത്തനത്തിൽ ഏർപ്പെട്ടത്.
ഈ വർഷം ആദ്യം, രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങൾ എന്ന നിലയിലുള്ള കടമകൾ ഒഴിഞ്ഞശേഷം, ഹാരിയും മേഗനും വീണ്ടും ബ്രിട്ടനിലേക്ക് പോകുമെന്ന് അഭ്യുഹങ്ങൾ പരക്കുന്നതിനിടയിലാണ് ഇപ്പോൾ ഇത്തരമൊരു പ്രവർത്തനവുമായി ഇവർ രംഗപ്രവേശനം ചെയ്തിരിക്കുന്നത്. ലോക്ക്ഡൗൺ കാലത്തെ യാത്രാ വിലക്കുകൾ നീങ്ങിയതിന് ശേഷം ഇരുവരും ബ്രിട്ടനിലേക്ക് പോകുമെന്ന് വിവാദ പുസ്തകത്തിന്റെ രചയിതാക്കളിൽ ഒരളായ സ്‌കോബി പറഞ്ഞിരുന്നു.
കൊട്ടാരത്തിന്റെ വാതിലുകൾ ഇവർക്കായി തുറന്നിട്ടിരിക്കുകയാണെന്ന് രാജ്ഞി വെളിപ്പെടുത്തിയെങ്കിലും അവർ അങ്ങോട്ട് പോകുവാൻ സാധ്യതയില്ലെന്നും സ്‌കോബി പറഞ്ഞു. മേഗൻ നേരത്തേ ഏറ്റെടുത്ത ചില ചാരിറ്റി പ്രവർത്തനങ്ങൾ അവിടെയുണ്ട്. അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനായിരിക്കും അവർ പോകുന്നത്. മാത്രമല്ല, അവർ അടുത്തിടെ ആരംഭിച്ച ആർച്ചിവെൽ എന്ന സന്നദ്ധസേവന സംഘടനയുടെ പ്രവർത്തനങ്ങളിലും അവർ ശ്രദ്ധ കേന്ദ്രീകരിക്കും.
അതിനിടയിൽ ഈ രാജദമ്പതിമാരുടെ അഭ്യൂദയകാംക്ഷികളും സുഹൃത്തുക്കളും ഇവർക്കായി ചെയ്ത സഹായങ്ങളും മറ്റും എടുത്തുപറഞ്ഞുകൊണ്ട് വിവാദ പുസ്തകമായ ഫൈംഗ്ഡിങ് ഫ്രീഡത്തിന്റെ രചയിതാക്കൾ രംഗത്തെത്തി.വീടുകൾ കുറഞ്ഞ വാടകയ്ക്ക് ലഭ്യമാക്കിയതും. സൗജന്യമായോ കുറഞ്ഞ നിരക്കിലോ ഹോട്ടൽ മുറികൾ ഏർപ്പാടാക്കിയതും മുതൽ സൗജന്യ വിമാന യാത്രവരെ ഈ പട്ടികയിലുണ്ട്.
കാനഡയിൽ നിന്നും അമേരിക്കയിലെത്തിയ ഇവർ നാല് മാസത്തോളം താമസിച്ചത് സ്റ്റുഡിയോ ഭീമനായ ടൈലർ പെറിയുടെ ആഡംബര ബംഗ്ലാവിലാണ്. ഇത് സാധാരണയായി വാടകയ്ക്ക് നൽകുന്ന വീടല്ല. എന്നാൽ അതേ സ്ഥലത്തെ, സമാനമായ ഒരു വീടിന് ഇപ്പോൾ ചോദിക്കുന്ന വാടക പ്രതിമാസം 11,250 പൗണ്ടാണ്. അതുപോലെ 2016-ൽ ഹാരിയുമായുള്ള ആദ്യ ഡേറ്റിംഗിനെത്തിയ മേഗൻ താമസിച്ചതും കുറഞ്ഞ വാടകയ്ക്കായിരുന്നു എന്നാണ് ഇവർ പറയുന്നത്.
മാത്രമല്ല, ഇവരുടെ ബന്ധത്തിൽ ചെറിയൊരു വിള്ളൽ വീണപ്പോൾ മേഗൻ രഹസ്യമായി ലണ്ടനിലെത്തിയത് കനേഡിയൻ റിയൽ എസ്റ്റേറ്റ് ഭീമന്റെ സ്വകാര്യ ജെറ്റിലായിരുന്നു. മേഗന്റെ ഉറ്റ സുഹൃത്തായിരുന്ന ജെസിക്ക മൾറോൺ വഴിയായിരുന്നു ഇത് സംഘടിപ്പിച്ചത്. മാത്രമല്ല, വിവാഹശേഷം ഇവർ തികച്ചും രഹസ്യമായി മധുവിധുവിന് പോയത് മറ്റൊരു സുഹൃത്തിന്റെ സ്വകാര്യ ജെറ്റിലായിരുന്നു എന്നും ഇവർ പറയുന്നു. ഇത്തരത്തിൽ ഇവർക്ക് ലഭിച്ച നിരവധി സഹായങ്ങളുടെ വിവരവുമായാണ് ഇപ്പോൾ ജീവചരിത്ര രചയിതാക്കൾ രംഗത്തെത്തിയിരിക്കുന്നത്.