ഒട്ടാവ: കാനഡയുടെ പ്രഥമ വനിതാ ധനകാര്യ മന്ത്രിയായി ക്രിസ്റ്റിയ ഫ്രീലാന്റ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജസ്റ്റിൻ ട്രൂഡോ മന്ത്രി സഭയിൽ ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററായിരുന്നു ഫ്രീലാന്റ്. ധന വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രി ബിൽ മോൺറിയൊയുടെ അപ്രതീക്ഷിത രാജിയെ തുടർന്നാണ് മന്ത്രിസഭയിൽ പ്രധാനമന്ത്രി മാറ്റം വരുത്തിയത്.

തിങ്കളാഴ്ചയായിരുന്നു ബിൽ മോൺറിയൊ രാജി വച്ചത്. അടുത്ത ദിവസം തന്നെ പുതിയ ധന മന്ത്രിയെ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കോവിഡ് 19 മഹാമാരിയോടനുബന്ധിച്ചു വിദ്യാർത്ഥികൾക്കുള്ള ഫെഡറൽ പ്രോഗ്രാമിനെ കാര്യമായി ബാധിച്ച മന്ത്രിയുടെ ചാരിറ്റി സ്ഥാപനങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് എത്തിക്‌സ് ഇൻവെസ്റ്റിഗേഷൻ നടക്കുന്നതിനിടയിലാണ് ടൊറന്റോയിലെ സമ്പന്ന വ്യവസായിയായ മോൺറിയൊയുടെ രാജി.

മഹാമാരിയെ തുടർന്ന് തകർന്നടിഞ്ഞ കാനഡയുടെ സാമ്പത്തിക രംഗത്തിന് പുതിയൊരു ഉണർവുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി ഫ്രീലാന്റിനെ ധനകാര്യ വകുപ്പിന്റെ ചുമതലയേൽപിത്. രാജ്യാന്തര തലത്തിലും കാനഡയിലും നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമകൂടിയാണ് ഫ്രീലാന്റ്.

അതേസമയം പ്രതിപക്ഷ കൺസർവേറ്റീവ് ലീഡർ ആഡ്രു സ്‌കിമർ പ്രധാനമന്ത്രിയെയും സർക്കാരിനേയും നിശിതമായി വിമർശിച്ചു രംഗത്തുവന്നു. മഹാമാരിയുടെ മറവിൽ ജനങ്ങളിൽ നിന്നും പ്രധാനമന്ത്രി ഒളിച്ചോടുകയാണെന്നാണ് പ്രതിപക്ഷനേതാവിന്റെ ആരോപണം.