യുഎഇയിൽ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയരുന്നു. ഇത് രോഗം കൂടുതൽ പടരുന്നതിന്റെ സൂചനകളാണെന്ന മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ രാജ്യത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യത.

ഏത് പ്രതിസന്ധിയെയും നേരിടാൻ രാജ്യം സുസജ്ജമാണെന്നും എന്നാൽ, രോഗികളുടെ എണ്ണം വീണ്ടും കൂടുകയാണെങ്കിൽ രാത്രി നിയന്ത്രണം തിരിച്ചുകൊണ്ടുവരുന്നതിനെ കുറിച്ച് പോലും ആലോചിക്കേണ്ടി വരുമെന്നും എൻ.സി.ഇ.എം.എ വക്താവ് ഡോ. സൈഫ് അൽ ധഹേരിയും വ്യക്തമാക്കി.

ഒരാഴ്ചയായി കോവിഡ് ബാധിതരുടെ എണ്ണം ഇരട്ടിയായി വർധിച്ച പശ്ചാത്തലത്തിലാണ് യു.എ.ഇ വീണ്ടും മുന്നറിയിപ്പുമായി രംഗത്തുവന്നത്. എന്നാൽ, സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം മാത്രമേ ഇതേ കുറിച്ച് ആലോചിക്കൂ എന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

നാല് ദിവസമായി മുകളിലേക്ക് കുതിച്ചുകൊണ്ടിരുന്ന കോവിഡ് ഗ്രാഫ് വെള്ളിയാഴ്ച താഴേക്കിറങ്ങിയതിന്റെ ആശ്വാസവുമുണ്ട്. വ്യാഴാഴ്ച 461 കേസ് റിപ്പോർട്ട് ചെയ്തപ്പോൾ വെള്ളിയാഴ്ച 391 ആയി കുറഞ്ഞു. ഒരു മരണവുമുണ്ട്.