ലണ്ടൻ: ഇന്ത്യയുടെ പൈതൃകവും ചരിത്രപെരുമയും വിറ്റുകാശാക്കുന്ന ബ്രിട്ടീഷുകാരുടെ പരമ്പരയിൽ പുതിയതൊന്നു കൂടി. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി ധരിച്ചിരുന്ന കണ്ണടകളാണ് ഇപ്പോൾ രണ്ടരക്കോടിയിലധികം രൂപയ്ക്ക് ഒരു അമേരിക്കക്കാരൻ ലേലത്തിലൂടെ സ്വന്തമാക്കിയത്. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട് ഹൻഹാമിലെ ഈസ്റ്റ് ബ്രിസ്റ്റോൾ ഓക്ഷൻ ഹൗസിലാണ് റെക്കോഡ് കുറിച്ച് ലേലം നടന്നത്. നൂറു വർഷത്തിലധികം പഴക്കുള്ള സ്വർണ്ണനിറത്തിലുള്ള ആ കണ്ണട വലിയ നേട്ടമാണ് ഉടമയ്ക്ക് നൽകിയിരിക്കുന്നത്.

ഗാന്ധിജിയുടെ വ്യക്തിത്വത്തിന്റെ തന്നെ ഭാഗമായ ഈ കണ്ണട, അദ്ദേഹം തന്നെ ആർക്കോ സമ്മാനിച്ചതായിരിക്കാം എന്നാണ് കരുതുന്നത് എന്ന് ഓക്ഷൻ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പറയുന്നു. താൻ ഉപയോഗിച്ചതും ഇപ്പോൾ ഉപയോഗിക്കാത്തതുമായ സാധനങ്ങൾ ഇഷ്ടം തോന്നുന്നവർക്ക് സമ്മാനിക്കുന്ന സ്വഭാവം ഗാന്ധിജിക്ക് ഉണ്ടായിരുന്നു. ഇത് വിൽക്കാൻ ഏൽപിച്ച ആളുടെ മുത്തച്ഛന് 1920 ലോ 30 ലോ ഗാന്ധിജി സമ്മാനിച്ചതാണ് ഈ കണ്ണട എന്നും കമ്പനി അവകാശപ്പെടുന്നു. സൗത്ത് ആഫ്രിക്കയിൽ വച്ചാണ് ഇത് നൽകിയതെന്നും വെബ്‌സൈറ്റിൽ പറയുന്നു.

അർദ്ധനഗ്നനായ ഫക്കീർ എന്ന് കളിയാക്കിയ മഹാത്മാവിന്റെ കണ്ണടകൾ ബ്രിട്ടീഷുകാർക്ക് പക്ഷെ, പണമുണ്ടാക്കാനുള്ള മറ്റൊരു വഴി മാത്രമാണ്. ഈസ്റ്റ് ബ്രിസ്റ്റോൾ ഓക്ഷൻസിന്റെ ലെറ്റർ ബോക്‌സിലൂടെ പാഴ്‌സലായാണ് ഈ സ്വർണം പൂശിയ കണ്ണട എത്തിയത്. അതിനൊപ്പം ഒരു എഴുത്തും ഉണ്ടായിരുന്നു. ഈ കണ്ണട ഗാന്ധിജിയുടേതാണ്. എന്നെ വിളിക്കുക. എന്നുമാത്രമാണ് അതിൽ എഴുതിയിരുന്നത്. ഒരു ഫോൺ നമ്പറുമുണ്ടായിരുന്നു എന്ന് ഓക്ഷനീർ ആൻഡ്രൂ സ്റ്റോവ് പറയുന്നു.

വാരാന്ത്യത്തിന് ശേഷം തിങ്കളാച്ച സ്ഥാപനം തുറന്നപ്പോഴാണ് ഈ പാഴ്‌സൽ ലഭിക്കുന്നത്. തുടർന്ന് ഇതിനെ കുറിച്ച് വിശദമായി പഠിക്കുകയും കാര്യങ്ങൾ ബോദ്ധ്യപ്പെടുകയും ചെയ്‌തെന്നും സ്റ്റോവ് പറഞ്ഞു. ഇത് അയച്ചു തന്നയാളുമായി ബന്ധപ്പെട്ടപ്പോൾ, ആ കണ്ണട നല്ലതല്ലെങ്കിൽ വലിച്ചെറിയാനാണ് ആവശ്യപ്പെട്ടതെന്നും സ്റ്റോവ് പറഞ്ഞു.

ഇംഗ്ലണ്ടിൽ നിന്നുള്ള ഒരു വയോധികനാണ് കണ്ണടയുടെ ഉടമസ്ഥൻ.സൗത്ത് ആഫ്രിക്കയിലെ ബ്രിട്ടീഷ് പെട്രോളിയം കമ്പനിയിൽ ജോലിക്കാരനായിരുന്ന അയാളുടെ അമ്മാവന് 1910-30 കാലഘട്ടത്തിൽ സമ്മാനമായി ലഭിച്ചതെന്നാണ് പറയുന്നത്. തലമുറകളായി കൈമാറി ഇയാളുടെ പക്കലെത്തി. സൗത്ത് ആഫ്രിക്കയിലെ താമസകാലത്ത് മഹാത്മാ ഗാന്ധി ഉപയോഗിച്ച് കണ്ണടകളിലൊന്നാകാം ഇതെന്നാണ് ലേലക്കമ്പനി ഉടമ പറയുന്നത്. തങ്ങൾ കണ്ണട പരിശോധിച്ചതായും അതിന്റെ കാലഘട്ടവും ഉടമ പറഞ്ഞ കാര്യവും ശരിയാണെന്ന് ബോധ്യപ്പെട്ടതായും സ്റ്റീവ് പറയുന്നു. എൺപതുകാരനായ ആ വയോധികന് ഇക്കാര്യത്തിൽ നുണ പറയേണ്ട കാര്യം ഉണ്ടെന്ന് തോന്നുന്നില്ലെന്നും ഇദ്ദേഹം പറഞ്ഞിരുന്നു

അതിന് ഉദ്ദേശം 15000 പൗണ്ട് (ഏകദേശം 15 ലക്ഷം രൂപ) വിലമതിക്കുമെന്നു പറഞ്ഞപ്പോൾ അയാൾ സ്തബ്ദനായി എന്നും സ്റ്റോവ് പറഞ്ഞു. എന്നാൽ പ്രതീക്ഷകളെയൊക്കെ കവച്ചുവച്ചുകൊണ്ട് ഓഗസ്റ്റ് 21 ന് നടന്ന അന്തിമ ലേലം വിളിയിൽ രണ്ടര കോടിയിലധികം രൂപയാണ് ലഭിച്ചത്. ഇതു സ്വന്തമാക്കാൻ ഇന്ത്യ, യുഎസ്, റഷ്യ, കാനഡ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെല്ലാം ആളുകൾ ലേലത്തിൽ പങ്കെടുത്തു.