- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിരോധ താരം സന്ദീപ് സിങ് ബ്ലാസ്റ്റേഴ്സിൽ
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണിൽ സന്ദീപ് സിങ് കേരള ബ്ലാസ്റ്റേഴ്‌സിനായി കളിക്കും. ഒരു വർഷത്തെ കരാറിലാണ് സന്ദീപ് എത്തുക. മണിപ്പൂരിലെ ഇംഫാലിൽ നിന്നുള്ള 25കാരനായ പ്രതിരോധ താരമായ സന്ദീപ് ഷില്ലോംഗ് ലജോംഗ് അക്കാദമിയിൽ നിന്ന് തന്റെ ഫുട്‌ബോൾ യാത്ര ആരംഭിക്കുകയും 2014 ൽ അവരുടെ സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം നേടുകയും ചെയ്തു. അടുത്ത വർഷം പൂണെ എഫ്സിക്കെതിരെ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു. തുടർന്ന് 2018-19 ഐഎസ്എൽ സീസണിൽ എ ടി കെ എഫ്‌സിയിൽ എത്തുന്നതിനുമുൻപായി 2017-2018 സീസണിൽ ലാങ്സ്‌നിങ് എഫ്.സിയെ പ്രാതിനിധീകരിച്ചു. കഴിഞ്ഞ ഐ-ലീഗ് സീസണിൽ (2019 -20) ട്രാവു എഫ്സിക്കായി 8 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ വലം കാൽ പ്രതിരോധതാരമായ സന്ദീപ്, അവിടെ നിന്നാണ് കെബിഎഫ്സിയിൽ എത്തിയത്.
''ഈ അഭിമാനകരമായ ക്ലബിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എന്റെ പുതിയ ടീമിനെ കാണാനും വരാനിരിക്കുന്ന സീസണിൽ ഒരുമിച്ച് പ്രവർത്തിക്കാനും ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകർ എല്ലായ്‌പ്പോഴും ടീമിന് അപാരമായ പിന്തുണയാണ് നൽകുന്നത്. ആ പിന്തുണ നേടുവാനും അവർക്ക് അഭിമാനമേകുന്ന പ്രകടനം കാഴ്ചവെക്കുന്നതിനും സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു'', കേരള ബ്ലാസ്റ്റേഴ്‌സുമായി കരാറിൽ ഏർപ്പെട്ടുകൊണ്ട് സന്ദീപ് സിങ് പറഞ്ഞു.
ഐ-ലീഗിൽ നിരവധി മത്സരങ്ങൾ കളിച്ച സന്ദീപ് പരിചയസമ്പന്നനായ കളിക്കാരനാണ്. കാലക്രമേണ, ശക്തനും മികവുറ്റ പ്രതിരോധതാരവുമായി വളർന്ന അദ്ദേഹം ഐഎസ്എല്ലിൽ തന്റെ കഴിവുകൾ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം പ്രദർശിപ്പിക്കേണ്ട സമയമാണിത്. ഞാൻ അദ്ദേഹത്തിന് എല്ലാ ഭാഗ്യവും നേരുന്നു, ഒപ്പം അദ്ദേഹത്തോടൊപ്പം ഉടൻ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു.'' കേരള ബ്ലാസ്റ്റേഴ്‌സിന്റെ അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദ് പറയുന്നു.