- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ആറാം തവണയും ബയോൺ മ്യൂണിക്കിന്; മ്യൂണിക്കിന്റെ വിജയം ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച്: 2013ൽ കിരീടം അണിഞ്ഞതിന് ശേഷം നാലു സെമി ഫൈനലുകൾ തോറ്റതിന്റ ക്ഷീണം മ്യൂണിക് തീർത്തപ്പോൾ കണ്ണീരോടെ കളമൊഴിഞ്ഞ് പി.എസ്.ജി: 2019ന് ശേഷം തോൽവിയറിയാതെ മ്യൂണിക് ഇതുവരെ പൂർത്തിയാക്കിയത് 29 മത്സരങ്ങൾ
ലിസ്‌ബൺ: യുവേഫാ ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിട്ട് ബയോൺ മ്യൂണിക്. ഇത് ആറാം തവണയാണ് ചാമ്പ്യൻസ് ലീഗ് കിരീടം മ്യൂണിക്ക് സ്വന്തമാക്കുന്നത്. ഫ്രഞ്ച് ചാമ്പ്യന്മാരായ പാരീസ് സെയ്ന്റ് ഷാർമാങ്ങിനെ (പി.എസ്.ജി) ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് ബയേൺ മ്യൂണിക്ക് കിരീടം സ്വന്തമാക്കിയത്. പതിനൊന്നാം ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കുന്ന ബയേൺ മ്യൂണിക്കിന്റെ ആറാം കിരീട ധാരണമാണ് ഇന്നലെ നടന്നത്. ലിസ്‌ബണിലെ ഡാ ലുസ് സ്റ്റേഡിയത്തിൽ പ്രാദേശിക സമയം തിങ്കളാഴ്ച പുലർച്ചെ നടന്ന മത്സരത്തിൽ 59-ാം മിനിറ്റിൽ കിങ്സ്ലി കോമാനാണ് ബയേണിന്റെ വിജയ ഗോൾ നേടിയത്.
ജോഷ്വ കിമ്മിച്ചിന്റെ പാസിൽ നിന്ന് ഹെഡറിലൂടെയായിരുന്നു കോമാന്റെ ഗോൾ. 2013-ൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ശേഷം തുടർച്ചയായ നാല് സെമി ഫൈനലുകളിൽ തോറ്റുമടങ്ങേണ്ടി വന്നതിന്റെ ക്ഷീണം ബയേൺ ഇത്തവണ തീർത്തു. ഫിനിഷിങ്ങിലെ പിഴവുകളാണ് പി.എസ്.ജിക്ക് തിരിച്ചടിയായത്. 26-ാം മിനിറ്റിൽ ലഭിച്ച അവസരം ഡി മരിയ പുറത്തേക്കടിച്ചുകളയുക ആയിരുന്നു. ജയത്തോടെ ഇത്തവണ ബയേൺ ട്രെബിൾ നേട്ടം സ്വന്തമാക്കി.
ബയേൺ പെരിസിച്ചിന് പകരം കോമാനെ ആദ്യ ഇലവനിൽ ഇറക്കിയപ്പോൾ പരിക്ക് കാരണം സെമിയിൽ പുറത്തിരുന്ന ഗോൾകീപ്പർ കെയ്‌ലർ നവാസ്, റിക്കോയ്ക്ക് പകരം കളത്തിലിറങ്ങി. പതിവു പോലെ 4-2-3-1 ശൈലിയിൽ തന്നെയാണ് കോച്ച് ഹാൻസ് ഫ്‌ളിക്ക് ബയേണിനെ കളത്തിലിറക്കിയത്. പി.എസ്.ജി കോച്ച് തോമസ് ടുച്ചലാകട്ടെ 4-3-3 ശൈലിയിലും ടീമിനെ കളത്തിലിറക്കി.
2019 ഡിസംബറിന് ശേഷം തോൽവി അറിയാതെ ഇതോടെ 29 മത്സരങ്ങളാണ് ബയേൺ പൂർത്തിയാക്കിയത്. 98 ഗോളുകൾ അടിച്ചുകൂട്ടിയ ജർമൻ ടീം വെറും 22 ഗോളുകൾ മാത്രമാണ് ഇക്കാലയളവിൽ വഴങ്ങിയത്. ചാമ്പ്യൻസ് ലീഗിന്റെ ഈ സീസണിൽ 11 കളിയിൽ നിന്ന് 43 ഗോളാണ് ബയേൺ അടിച്ചെടുത്തത്. ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് ജർമൻ ടീമിന്റെ കിരീടധാരണം.
സമീപകാല ചരിത്രം പോലെ ആദ്യമായി ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കുന്ന പി.എസ്.ജിക്ക് കണ്ണീരുമായി മടങ്ങേണ്ടി വന്നു. അവസാനമായി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കന്നിയങ്കത്തിനിറങ്ങിയ ആറു ടീമുകൾക്കും തോൽവിയായിരുന്നു ഫലം. ടോട്ടൻഹാം 2019-ൽ ലിവർപൂളിനോടും 2008-ൽ ചെൽസി മാഞ്ചസ്റ്റർ യുണൈറ്റഡിനോടും 2006-ൽ ആഴ്‌സണൽ ബാഴ്‌സലോണയോടും മൊണാക്കോ 2004-ൽ പോർട്ടോയോടും, ബയേർ ലെവർകൂസൻ 2002-ൽ റയൽ മാഡ്രിഡിനോടും തോറ്റു, വലൻസിയ 2000-ൽ റയൽ മാഡ്രിഡിനോടും തോറ്റു.