ചെന്നൈ: തിരുവണ്ണാമലയിൽ അമേരിക്കൻ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സന്ന്യാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സ്വദേശിയായ മണികണ്ഠനാണ് (40) പിടിയിലായത്. തിരുവണ്ണാമലയിൽ താമസിച്ചു വരികയായിരുന്ന 32വയസ്സുകാരിയായ അമേരിക്കക്കാരിയെ ആണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. നാട്ടുകാർ പിടികൂടി ഇയാളെ പൊലീസിൽ ഏൽപ്പിക്കുക ആയിരുന്നു.

പ്രശസ്തമായ ഗിരിവല പാതയിലെ അരുണാചലേശ്വര നഗറിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം. ലോകമെമ്പാടുനിന്നുമുള്ള വിശ്വാസികൾ തിരുവണ്ണാമലയിൽ ദർശനത്തിനെത്താറുണ്ട്. അവരിൽ ചിലർ തിരുവണ്ണാമലയിൽത്തന്നെ മുറിയെടുത്ത് താമസിച്ച് മാസങ്ങൾക്കുശേഷമാണ് തിരികെ പോകാറുള്ളത്. ഇത്തരത്തിൽ താമസത്തിനെത്തിയതായിരുന്നു അമേരിക്കൻ യുവതി. അരുണാചലേശ്വര നഗറിലെ ഒരു വീട്ടിൽ താമസിച്ചുവരുകയായിരുന്ന ഇവർ കഴിഞ്ഞ ജനുവരിയിലാണ് ഇവിടെയെത്തിയത്.

തിരുവണ്ണാമലയിലും പരിസരങ്ങളിലുമായി സന്ന്യസ്തജീവിതം നയിച്ചിരുന്ന മണികണ്ഠൻ യുവതിയെ നോട്ടമിട്ട് കഴിഞ്ഞദിവസം അവരുടെ താമസസ്ഥലത്തെത്തി പീഡിപ്പിക്കാൻ ശ്രമിച്ചു. നിലത്തു തള്ളിയിട്ട് ബലാത്സംഗത്തിന് മുതിർന്നതോടെ യുവതി സ്വയം പ്രതിരോധിക്കുകയും നിലവിളിക്കുകയും ചെയ്തു. ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാർ അവിടെനിന്ന് മണികണ്ഠനെ പിടികൂടി മർദിച്ച് മരത്തിൽ കെട്ടിയിട്ടു. പിന്നീട് പൊലീസിനെ വിളിച്ചുവരുത്തി പ്രതിയെ കൈമാറി. പീഡനശ്രമത്തിനിടെ തലയ്ക്ക് പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.