പാലാ: പഠന മികവിന് മാണി സി കാപ്പൻ എം എൽ എ പ്രഖ്യാപിച്ച എം എൽ എ എക്‌സലൻസ് അവാർഡുകൾ വിദ്യാർത്ഥികളുടെ വീടുകളിൽ എത്തിച്ചു തുടങ്ങി. സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളിൽ എല്ലാ വിഷയങ്ങൾക്കും പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ എ വൺ, എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കാണ് എം എൽ എ എക്‌സലൻസ് അവാർഡുകൾ സമ്മാനിക്കുന്നത്. എം എൽ എ ഒപ്പിട്ട സർട്ടിഫിക്കേറ്റും 300 രൂപ വിലയുള്ള പാർക്കർ പേനയുമാണ് ഓരോ വിദ്യാർത്ഥികൾക്കും നൽകുന്നത്. പാലാ നിയോജക മണ്ഡലത്തിലെ വിവിധ സ്‌കൂളുകളിൽ നിന്നുമായി 750 തോളം വിദ്യാർത്ഥികൾക്കാണ് അവാർഡുകൾ നൽകുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ തപാൽ മാർഗ്ഗം രജിസ്റ്റർ ചെയ്താണ് വീടുകളിൽ എത്തിക്കുന്നത്.

എം എൽ എ യുടെ പുരസ്‌കാരം പ്രചോദനമാണെന്ന് അവാർഡ് ലഭിച്ച ചാവറ പബ്‌ളിക് സ്‌കൂളിലെ ദിയ ആൻ ജോസ് എം എൽ എ യ്ക്ക് എഴുതിയ നന്ദി കത്തിൽ പറഞ്ഞു. തപാൽ മാർഗ്ഗവും ഫോണിൽ വിളിച്ചും മാണി സി കാപ്പനോട് വിദ്യാർത്ഥികൾ നന്ദി അറിയിച്ചു.

മികച്ച വിജയം നേടിയ സ്‌കൂളുകൾക്കും ഉപഹാരം നൽകുമെന്ന് മാണി സി കാപ്പൻ പറഞ്ഞു.