മൂന്നാർ: അനധികൃതമായി നിർമ്മിച്ച കെട്ടിടം പൊളിച്ചതിന്റെ വൈരാഗ്യം തീർക്കാൻ ആയുധങ്ങളുമായെത്തിയ ഗുണ്ടാസംഘം പഞ്ചായത്ത് ഓഫീസ് അടിച്ചുതകർത്തിട്ട് ജീവനക്കാരെ മർദിച്ചു. ആക്രമണത്തിൽ പരിക്കേറ്റ പഞ്ചായത്ത് സെക്രട്ടറി അടക്കം നിരവധി ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ചിന്നക്കനാലിൽ പവർഹൗസിന് സമീപവും വില്ലേജോഫീസിനുസമീപവും നിർമ്മിച്ച അനധികൃത കെട്ടിടങ്ങളാണ് റവന്യൂ സംഘം പൊളിച്ചത്. തുടർന്ന് രാത്രി എട്ടുമണിക്ക് ചിന്നക്കനാൽ പഞ്ചായത്ത് ഓഫീസിൽ വടിവാളും മരക്കമ്പുകളുമായെത്തിയ ഏഴംഗ സംഘം ആക്രമണം നടത്തുകയായിരുന്നു.

പഞ്ചായത്ത് ഓഫീസിനോടുചേർന്നുള്ള മുറിയിലാണ് ജീവനക്കാർ താമസിക്കുന്നത്. രാത്രിയിൽ ഓഫീസ് തല്ലിത്തകർക്കുന്ന ബഹളം കേട്ടെത്തിയ ജീവനക്കാരെയും സംഘം ആക്രമിക്കുകയായിരുന്നു. അംഗപരിമിതനായ പഞ്ചായത്ത് സെക്രട്ടറി ടി.രഞ്ജൻ, അക്കൗണ്ടന്റ് ശ്രീകുമാർ, ജീവനക്കാരായ രാമൻ, മനു, സുമേഷ് എന്നിവരെ പരിക്കുകളോടെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്കൗണ്ടന്റ് ശ്രീകുമാറിന്റെ കൈയും കാലും രാമന്റെ കൈയും അക്രമികൾ തല്ലിയൊടിച്ചു. വടിവാളും മരക്കമ്പുകളും ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് സെക്രട്ടറി രഞ്ജൻ പറഞ്ഞു.

കളക്ടറുടെ ഉത്തരവ് പ്രകാരം ചിന്നക്കനാൽ വില്ലേജ് ഓഫീസിന് സമീപം ജോയി ജോർജ് നടത്തിവന്ന അനധികൃത കെട്ടിട നിർമ്മാണത്തിന് കഴിഞ്ഞദിവസം പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമോ നൽകിയിരുന്നു. ഞായറാഴ്ച സ്ഥലത്തെത്തിയ കളക്ടർ നിർമ്മാണം കാണുകയും പൊളിക്കാൻ ഉത്തരവിടുകയും ചെയ്തു. ഇതനുസരിച്ച് തിങ്കളാഴ്ച രാവിലെ റവന്യൂ സംഘം കെട്ടിടം പൊളിച്ചുമാറ്റി. ഈ വൈരാഗ്യത്തിലാണ് ആക്രമണം നടത്തിയത്. കെട്ടിടത്തിന്റെ കരാറുകാരനായ ഗോപി (ശ്രീകുമാരൻ) യുടെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്നും പരിക്കേറ്റ ജീവനക്കാർ പറഞ്ഞു.