ധുനിക വൈദ്യശാസ്ത്രത്തിൽ ഒരു പുതിയ ചുവട് വയ്ക്കുവാൻ ആരംഭിക്കുകയാണ് ഇംപീരിയൽ കോളേജ് ലണ്ടനും യു കെ ഡിമെൻഷ്യ റിസർച്ച് ഇൻസ്റ്റിറ്റിയുട്ടും. മറവിരോഗം ബാധിച്ചവരുടെ തലച്ചോറിന്റെ ആഴങ്ങളിലേക്ക് വൈദ്യൂതി പ്രവഹിപ്പിച്ചുകൊണ്ടുള്ള ഒരു പുതിയ ചികിത്സാരീതി ആരംഭിക്കുകയാണിവിടെ. ബിൽ ഗേയ്റ്റ്സ് ഉൾപ്പടെ നിരവധിപേർ ചേർന്ന് 1.5 മില്ല്യൺ ഡോളറാണ് ഈ സംരംഭത്തിനായി ധനസഹായം നൽകിയിട്ടുള്ളത്.

അൽഷമേഴ്സ് രോഗത്തിന്റെ ആരംഭ ഘട്ടത്തിലുള്ള 24 രോഗികളേയാണ് ഇതിനായി ഗവേഷകർ തെരഞ്ഞെടുത്തിരിക്കുന്നത്. രണ്ടാഴ്‌ച്ചക്കാലത്തോളം ദിവസേന ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന ചികിത്സയാണിത്. നിരവധി ഔഷധങ്ങളും മറ്റ് ചികിത്സാ വിധികളും പരാജയപ്പെട്ടിടത്ത്, ഈ പുതിയ രീതിയിൽ ഏറെ പ്രതീക്ഷയാണ് ഈ രംഗത്തെ വിദഗ്ദർക്ക്.ടെംപൊറൽ ഇന്റർഫെറൻസ് ബ്രെയിൻ സ്റ്റിമുലേഷൻ എന്നറിയപ്പെടുന്ന ഈ സാങ്കേതിക വിദ്യയിൽ, തലയോട്ടിയോടിയോട് ഇലക്ട്രോഡുകൾ ഘടിപ്പിച്ചാണ് ചികിത്സ നടത്തുക.

ഈ ഇലക്ട്രോഡുകൾ, അപകടകാരിയല്ലാത്ത, ഉയർന്ന ആവൃത്തിയിലുള്ള രശ്മികളെ തലച്ചോറിലേക്ക് അയക്കുന്നു. ഈ രശ്മികൾക്ക് അൽപം വ്യത്യസ്തമായ ആവൃത്തിയായിരിക്കും ഉണ്ടാവുക. 2000 ഹേർട്സും 2005 ഹേർട്സുമായിരിക്കും ഇവയുടെ ആവൃത്തികൾ. ഇവ പരസ്പരം ഘണ്ടിക്കുമ്പോൾ 5 ഹേർട്സിന്റെ കുറഞ്ഞ ആവൃത്തിയുള്ള ഒരു വൈദ്യൂതി പ്രവാഹം രൂപപ്പെടുന്നു. ഈ പുതിയ പ്രവാഹമാണ് തലച്ചോറിൽ വ്യത്യാസം ഉണ്ടാക്കുന്നത് എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

ഓർമ്മയുമായി ബന്ധപ്പെട്ട തലച്ചോറിന്റെ ഭാഗമായ ഹിപ്പോകാമ്പസിലായിരിക്കും ഇത് പതിക്കുക. ഇത് ആ ഭാഗത്തുള്ള കോശങ്ങളിലെ മൈറ്റോകോൺട്രിയയ്ക്ക് പുതു ജീവൻ നൽകും. കോശങ്ങളുടെ ഊർജ്ജസ്രോതസ്സുകളായ മൈറ്റോകോൺട്രിയ, അൽഷമേഴ്സ് രോഗബാധയിൽ നശിച്ചിരിക്കും. അതിനെ പുനരുജ്ജീവിപ്പിക്കുകയാണ് ചെയ്യുന്നത്. അതേസമയം, കടന്നുപോകുന്ന തലച്ചോറിന്റെ ഭാഗങ്ങളെ ബാധിക്കാതിരിക്കാൻ മാത്രം ഉയർന്ന ആവൃത്തിയുള്ളതാണ് ആദ്യത്തെ രണ്ട് രശ്മികളും. എന്നാൽ കുറഞ്ഞ ആവൃത്തിയുള്ള പ്രവാഹം, ന്യുറോണുകളെ ഉത്തേജിപ്പിച്ച് പ്രവർത്തനക്ഷമമാക്കും.

ആരോഗ്യദൃഢഗാത്രരായ വോളന്റിയർമാരിൽ നടത്തിയ പരീക്ഷണത്തിൽ, ഈ പുതിയ ചികിത്സാ രീതി തലച്ചോറിലേക്കുള്ള രക്ത പ്രവാഹം വർദ്ധിപ്പിക്കുന്നതായി തെളിയിച്ചു. മാത്രമല്ല, മുഖം തിരിച്ചറിയൽ പോലുള്ള പരിശോധനകൾ ഇവരിൽ നടത്തിയപ്പോൾ കൂടുതൽ മെച്ചപ്പെട്ട ഫലം ലഭിക്കുകയും ചെയ്തു. എന്നാൽ, അടുത്ത വർഷം ജനുവരിയിൽ നടക്കാൻ പോകുന്ന പരീക്ഷണമാണ് മറവിരോഗമുള്ള രോഗികളിൽ നടത്തുന്ന ആദ്യ പരീക്ഷണം. ഈ രോഗത്തിന്റെ ആരംഭ ഘട്ടത്തിലുള്ള 24 പേരെയാണ് ഇതിൽ ചികിത്സിക്കുക.

മൈറ്റോകോൺട്രിയയുടെ പ്രവർത്തനക്ഷമത കുറയുന്നതാണ് അൽഷമേഴ്സ് രോഗത്തിന് പ്രധാന കാരണം എന്ന് ഗവേഷകനായ ഡോ. നിർ ഗ്രോസ്സ്മാൻ പറയുന്നു. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇപ്പോൾ നേടിയെടുത്തത് ആധുനിക വൈദ്യശാസ്ത്രത്തിലെ ഒരു നാഴികക്കല്ലാണെന്നും അദ്ദേഹം സൂചിപ്പിച്ചു.