സൗദി അറേബ്യ: സൗദിയിൽ വീണ്ടും സ്വദേശിവൽക്കരണം ശക്തമാക്കുവാൻ ഒരുങ്ങുന്നു. രാജ്യത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെയും എൻജിനീയറിങ് ജോലികളിൽ 20% സ്വദേശിവൽക്കരണം നടപ്പാക്കാനാണ് ഏറ്റവും ഒടുവിൽ സർക്കാർ സ്വീകരിച്ചിരിക്കുന്ന തീരുമാനം. ഇന്നു മുതൽ രാജ്യത്തെ ഒൻപതു മേഖലകളിൽ 70% സ്വദേശിവൽക്കരണം ആരംഭിച്ചിരിക്കുകയാണ്.

സ്വദേശിവൽക്കരണം വീണ്ടും ശക്തമാക്കുന്നതിലൂടെ ഈ രംഗത്തു ജോലി ചെയ്യുന്ന 50% വിദേശികൾക്ക് ജോലി നഷ്ടമാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതിനാൽ തന്നെ, കോവിഡ് പ്രതിസന്ധിയിലും ഉലയാതെ പിടിച്ചു നിന്ന മലയാളികൾ അടക്കം പ്രവാസി ഇന്ത്യക്കാർ വലിയ ആശങ്കയിലാണ്. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹ്മദ് ബിൻ സുലൈമാൻ അൽറാജിഹിയാണു സ്വദേശിവൽക്കരണം സംബന്ധിച്ച ഉത്തരവിറക്കിയത്. ബിരുദധാരികളായ സ്വദേശികൾക്ക് ജോലി ലഭ്യമാക്കുകയാണ് ലക്ഷ്യം.

തേയില-കാപ്പി-തേൻ-പഞ്ചസാര- മസാലകൾ, മിനറൽ വാട്ടർ-പാനീയങ്ങൾ, പഴം-പച്ചക്കറി, ധാന്യങ്ങൾ-വിത്തുകൾ-പൂക്കൾ-ചെടികൾ-കാർഷിക വസ്തുക്കൾ, പുസ്തകങ്ങൾ-സ്റ്റേഷനറി, പ്രസന്റേഷൻ-ആക്സസറീസ്-കരകൗശല വസ്തുക്കൾ- പുരാവസ്തുക്കൾ, ഗെയിമുകൾ- കളിക്കോപ്പുകൾ, ഇറച്ചി-മത്സ്യം-മുട്ട-പാൽ ഉൽപന്നങ്ങൾ-പാചക എണ്ണകൾ, ശുചീകരണ വസ്തുക്കൾ-പ്ലാസ്റ്റിക്-സോപ്പ് എന്നിവ വിൽക്കുന്ന ചില്ലറ, മൊത്ത വ്യാപാര സ്ഥാപനങ്ങൾക്കാണ് 70% സ്വദേശിവൽക്കരണം നിർബന്ധമാക്കിയത്.

പബ്ലിക് റിലേഷൻസ് മാനേജർ, കാഷ്യർ, സെയിൽസ് മാനേജർ, മാർക്കറ്റിങ് മാനേജർ, സൂപ്പർവൈസർ, സ്ഥാപന നടത്തിപ്പ് ചുമതല വഹിക്കുന്ന മേധാവി, മാർക്കറ്റിങ് സ്പെഷലിസ്റ്റ്, കോഫി മേക്കർ, സെയിൽസ്മാൻ എന്നീ തസ്തികകൾക്ക് സ്വദേശിവൽക്കരണം ബാധകമാണ്. ഇതുവഴി 50,000ത്തോളം സ്വദേശികൾക്കു ജോലി ലഭ്യമാക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. നിലവിൽ 21,000 സൗദി പൗരന്മാരാണ് ഈ മേഖലകളിൽ ജോലി ചെയ്യുന്നത്.