കുവൈത്ത് സിറ്റി: കുവൈത്തിൽ കുടുങ്ങി കിടക്കുന്നവരുടെ ഇഖാമയും സന്ദർശക വിസയിലുള്ളവരുടെ വിസ പുതുക്കുന്നതും സംബന്ധിച്ച് ആശങ്കയിൽ കഴിയുന്നത് നിരവധി പേരാണ്. എന്നാൽ ഇതു സംബന്ധിച്ച് പുതിയ നിർദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് രാജ്യത്തെ താമസാനുമതികാര്യ വിഭാഗം ഏറ്റവും അവസാനമായി പുറത്തു വിട്ട വിവരം വ്യക്തമാക്കുന്നത്. പുതുതായി നിർദേശങ്ങളൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ ഇന്ത്യ ഉൾപ്പെടെ യാത്രാവിലക്ക് നിലവിലുള്ള 31 രാജ്യങ്ങളിൽ കുടുങ്ങിയവർക്ക് സെപ്റ്റംബർ ഒന്നുമുതൽ ഇഖാമ പുതുക്കി നൽകുവാൻ സാധിക്കില്ലെന്നാണ് വിവരം.

കുവൈത്തിൽ കുടുങ്ങിക്കിടക്കുന്നവരുടെ സന്ദർശക വിസ ഓഗസ്റ്റ് 31ന് ശേഷം നീട്ടുകയും ഇല്ല. കോവിഡ് പശ്ചാത്തലത്തിൽ വിദേശത്തുള്ളവരുടെ ഇഖാമയും കുവൈത്തിലുള്ളവരുടെ സന്ദർശക വീസയും ഓഗസ്റ്റ് 31 വരെ നീട്ടിനൽകിയിരുന്നു. യാത്രാ വിലക്കുള്ളതിനാൽ 31 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കുവൈത്തിൽ പ്രവേശനവിലക്ക് തുടരുകയാണ്.

ഈ സാഹചര്യത്തിലാണ് താമസാനുമതികാര്യ വിഭാഗത്തിന്റെ വെളിപ്പെടുത്തൽ. കാലാവധി നീട്ടിനൽകുന്നത് സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം തീരുമാനം എടുക്കുകയാണെങ്കിൽ 31ന് ശേഷം ഇഖാമയും സന്ദർശകവിസ കാലാവധിയും യാന്ത്രികമായി നീട്ടിനൽകാൻ കഴിയും. അല്ലെങ്കിൽ സന്ദർശക വിസയിലുള്ളവർ സെപ്റ്റംബർ ഒന്നുമുതൽ ദിവസം 2 ദിനാർ വീതം പിഴ നൽകേണ്ടിവരുമെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം, പിതാവ് സ്ഥിരമായി കുവൈത്തിന് പുറത്തായാലും ഇഖാമ കാലാവധി അവസാനിച്ചാലും മക്കളുടെ ഇഖാമ മാതാവിന്റെ സ്‌പോൺസർഷിപ്പിലേക്കു മാറ്റാം. അത്തരത്തിൽ മാറ്റം അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച തീരുമാനം താമസാനുമതി വകുപ്പ് പിൻവലിച്ചു. ആശ്രിത വിസയുടെ സ്‌പോൺസർഷിപ് മാറ്റുന്നതിന് ആവശ്യമായ ഉപാധികൾ പാലിച്ചിരിക്കണം. ശമ്പളം 500 ദിനാറിൽ കുറയരുത്. അതേസമയം വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ ജോലി ചെയ്യുന്ന അദ്ധ്യാപികമാർ, ആരോഗ്യമന്ത്രാലയത്തിലെ നഴ്‌സുമാർ, ാേഫാറൻസിക് വിഭാഗത്തിലുള്ള വനിതാ ഡോക്ടർമാർ എന്നിവർക്ക് ഉപാധികൾ ബാധകമായിരിക്കില്ല.