- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇയിലെ സ്‌കൂളുകൾ ഈമാസം 30ന് തുറക്കും; വിദ്യാലയങ്ങളിലേക്ക് എത്തുന്നത് 10 ലക്ഷം കുട്ടികൾ; സ്‌കൂൾ അങ്കണത്തിൽ പ്രവേശിക്കുവാൻ മാതാപിതാക്കൾക്ക് കോവിഡ് നെഗറ്റീവ് ഫലം നിർബന്ധം
ദുബായ്: യുഎഇയിലെ സ്‌കൂളുകൾ ഈ മാസം 30ന് തുറക്കും. പുതിയ അധ്യയന വർഷത്തിൽ പത്തു ലക്ഷം കുട്ടികൾ സ്‌കൂളുകളിലേക്ക് എത്തുമെന്നാണ് കണക്കുകൾ. കോവിഡ് പശ്ചാത്തലത്തിൽ സുരക്ഷിത പഠനം ഒരുക്കാൻ ആവശ്യമായ മുൻകരുതലുകളോടെയാണ് അധ്യയന വർഷം ആരംഭിക്കുന്നത്. സ്‌കൂളുകൾ തുറക്കുന്നതിനു പിന്നാലെ യൂണിവേഴ്‌സിറ്റികളും തുറക്കാൻ പദ്ധതിയുണ്ട്.
അതേസമയം, കുട്ടികളെ സ്‌കൂളിലേക്ക് വിടുന്നതു സംബന്ധിച്ച് രക്ഷിതാക്കൾക്ക് ആശങ്കയുണ്ടെങ്കിൽ അനുസരിച്ച് ഓൺലൈൻ പഠനമോ ക്ലാസ് മുറികളിലെ പഠനമോ തിരഞ്ഞെടുക്കാൻ അനുവാദം നൽകിയിട്ടുണ്ട്. എന്നാൽ, ഫീസ് ഘടനയിൽ മാറ്റമുണ്ടാവില്ല.
അതേസമയം, അബുദാബിയിൽ മാതാപിതാക്കൾക്ക് സ്‌കൂൾ അങ്കണത്തിൽ പ്രവേശിക്കുന്നതിന് 72 മണിക്കൂർ മുമ്പ് നടത്തിയ കോവിഡ് നെഗറ്റിവ് ഫലം കാണിക്കണമെന്ന നിബന്ധന പുറത്തിറക്കിയിട്ടുണ്ട്. അബുദാബിയിലെ സ്‌കൂളുകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി അബുദാബി വിദ്യാഭ്യാസ വൈജ്ഞാനിക വകുപ്പ് (അഡെക്) പ്രസിദ്ധീകരിച്ച മാർഗനിർദേശത്തിലാണ് രക്ഷിതാക്കൾക്കുള്ള പുതിയ നിയന്ത്രണമുള്ളത്.
സ്‌കൂൾ വാഹനം ഉപയോഗിക്കാത്ത, കെ.ജി. ക്ലാസുകളിലോ ഒന്നാം ക്ലാസിലോ പഠിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് അനുഗമിക്കാതെ പറ്റില്ലെങ്കിലും സ്‌കൂൾ കോമ്പൗണ്ടിനുള്ളിൽ പ്രവേശിക്കാൻ പരിശോധനഫലം ആവശ്യമാണ്.
കുട്ടികളെ ആദ്യമായി സ്‌കൂളിലേക്ക് അയക്കുന്ന മാതാപിതാക്കൾ പുതിയ നിയന്ത്രണ സാഹചര്യത്തിൽ കുട്ടികളെ അനുഗമിക്കുന്നതെങ്ങനെയെന്ന ആശങ്കയിലാണ്. പ്രത്യേക ആവശ്യങ്ങളുമായി സ്‌കൂളിലെത്തേണ്ട മാതാപിതാക്കൾക്കും ചെറിയ കുട്ടികളുള്ളവർക്കുമാണ് ഈ പ്രശ്നം പ്രതിസന്ധിയും ആശങ്കയും ഉണ്ടാക്കുക.