- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് കസ്റ്റഡി പീഡനം: പൊലീസ് സ്റ്റേഷനുകൾ ആർ.എസ്.എസ് പീഡനകേന്ദ്രങ്ങളാവുന്നുവെന്ന് പോപുലർ ഫ്രണ്ട്; ഉത്തരവാദികളായ പൊലീസുകാർക്കെതിരേ നടപടി സ്വീകരിക്കണം
ആർ.എസ്.എസിന്റെ വംശീയ അജണ്ടകൾ നടപ്പാക്കാനുള്ള പീഡനകേന്ദ്രങ്ങളായി കേരളത്തിലെ പൊലീസ് സ്റ്റേഷനുകൾ മാറിയിരിക്കുന്നുവെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ പ്രസ്താവനയിൽ പറഞ്ഞു. പാലക്കാട് നോർത്ത് പൊലീസ് സ്റ്റേഷനിൽ കാംപസ് ഫ്രണ്ട് പ്രവർത്തകർക്കു നേരെ നടന്ന അതിക്രൂരമായ കസ്റ്റഡി പീഡനവും മുസ്ലിംവിരുദ്ധ വംശീയ അധിക്ഷേപവും ഇതിന്റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികളെ കസ്റ്റഡിയിൽ പീഡിപ്പിക്കാൻ നേതൃത്വം നൽകിയ പാലക്കാട് നോർത്ത് എസ്‌ഐ ടി സുധീഷ് കുമാറിനും ഒപ്പമുണ്ടായിരുന്ന മറ്റ് പൊലീസുകാർക്കുമെതിരേ ശക്തമായ നടപടി സ്വീകരിക്കണം. മനുഷ്യത്വരഹിതമായ ഇത്തരം നടപടികൾക്കെതിരേ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
പ്രാദേശിക സംഭവത്തിന്റെ പേരിൽ കസ്റ്റഡിയിൽ എടുത്ത കാംപസ് ഫ്രണ്ട് ഏരിയ ഭാരവാഹികളായ ബിലാൽ, അബ്ദുറഹ്മാൻ എന്നിവരെ എസ്‌ഐയും സംഘവും പ്രാകൃതമായ രീതിയിൽ മൂന്നാംമുറയ്ക്ക് വിധേയമാക്കുകയായിരുന്നു. ലിംഗത്തിൽ മുളക് സ്പ്രേ അടിച്ച ശേഷം കത്തിക്കുകയും ശരീരത്തിൽ പൊള്ളൽ ഏൽപ്പിക്കുകയും ചെയ്തു. നീയൊന്നും മുസ്ലിം സന്തതികൾക്ക് ജന്മം നൽകരുതെന്ന് ആക്രോശിച്ചുകൊണ്ടാണ് പീഡിപ്പിച്ചതെന്നാണ് മർദ്ദനമേറ്റ് അവശനിലയിൽ ആശുപത്രിയിൽ കഴിയുന്ന വിദ്യാർത്ഥികൾ പറഞ്ഞത്. വിദ്യാർത്ഥികളെ പീഡിപ്പിച്ച ഉദ്യോഗസ്ഥർക്കെതിരേ അടിയന്തരമായി വകുപ്പുതല നടപടികൾ സ്വീകരിക്കുകയും ക്രിമിനൽ കേസ് ചുമത്തുകയും ചെയ്യണം.
മുസ്ലിം വിരുദ്ധ വംശീയത പൊലീസിൽ എത്രത്തോളം അപകടകരമായ നിലയിൽ വ്യാപിച്ചുകഴിഞ്ഞുവെന്നതിനു തെളിവാണിത്. കേരളം ഭരിക്കുന്നത് ഇടതുപക്ഷമാണെങ്കിലും ആഭ്യന്തരവകുപ്പും പൊലീസും സംരക്ഷിക്കുന്നത് ആർ.എസ്.എസ് താൽപ്പര്യമാണെന്ന് മുമ്പ് പല സംഭവങ്ങളിലൂടെയെന്ന പോലെ ഇപ്പോഴും വ്യക്തമായിരിക്കുകയാണ്. പൊലീസിന്റെ തലപ്പത്ത് മുതൽ താഴെത്തട്ടുവരെ മുസ്ലിം വിരുദ്ധ മനോഭാവം വ്യാപകമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചിട്ടും മാതൃകാപരമായ നടപടികൾ എടുക്കാൻ സർക്കാർ തയ്യാറാവാത്തത് പ്രതിഷേധാർഹമാണ്. ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥിന്റെ പൊലീസിനെ പോലെ കേരളത്തിലെ പൊലീസും വർഗീയവൽക്കപ്പെടുന്നതിനെതിരേ നിശബ്ദതപാലിക്കുന്ന രാഷ്ട്രീയ കക്ഷികളുടെ നിലപാട് അപകടകരമാണെന്നും അബ്ദുൽസത്താർ കൂട്ടിച്ചേർത്തു.