മഞ്ചേശ്വരം: കഞ്ചാവ് ലഹരിയിൽ അയൽവീടുകളിലെത്തി പരാക്രമം കാട്ടിയ യുവാവിനെ നാട്ടുകാർ മർദ്ദിച്ചു കൊന്നു. ആൾക്കൂട്ട ആക്രമണത്തിൽ പരിക്കേറ്റ യുവാവ് ആശുപത്രിയിലാണ് മരിച്ചത്. കാസർഗോഡ് മീയ്യപദവ് ബേരിക്ക കെദംകോട്ടിലെ കൃപാകര (അണ്ണു28) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തരയോടെയാണ് നാടിനെ നടുക്കിയ സംഭവം. കൃപാകരയുടെ ആക്രമണത്തിൽ പരുക്കേറ്റ സമീപവാസികളായ ജിതേഷ് (18), ഉമേഷ് (27) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഞ്ചാവ് ലഹരിയിലായിരുന്നു കൃപാകരയെന്നു പൊലീസ് പറഞ്ഞു. ലഹരി മൂത്തപ്പോൾ ാേവീട്ടിൽ നിന്നു കത്രികയുമെടുത്ത് അയൽവീട്ടിലെത്തി ജിതേഷിനെ കത്രിക കൊണ്ട് കുത്തി പരുക്കേൽപ്പിച്ചുവെന്നും അടുത്ത വീട്ടിലെത്തി ഉമേശിനെ ആക്രമിച്ചുവെന്നും നാട്ടുകാർ പറയുന്നു. നാട്ടുകാർ കൃപാകരയെ പിടികൂടാൻ ശ്രമം നടത്തി. ഇതോടെ ഇയാൾ നാട്ടുകാർക്കുനേരെ തിരിഞ്ഞു. തുടർന്ന് ആൾക്കൂട്ടം അക്രമാസക്തമായെന്നു പൊലീസ് പറഞ്ഞു.

മർദനമേറ്റു തളർന്നു വീണ യുവാവിനെ നാട്ടുകാർ ആംബുലൻസിൽ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചു. രാത്രി 12.30നാണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടത്തി. മൃതദേഹം ബന്ധുക്കൾക്കു വിട്ടു കൊടുത്തു. പൊലീസ് കേസെടുത്തു. ചന്ദ്രശേഖരയുടെയും പുഷ്പാവതിയുടെയും മകനായ കൃപാകര നേരത്തെ ഹോട്ടൽ തൊഴിലാളിയായിരുന്നു. സഹോദരങ്ങൾ: ദീപ, ശിൽപ.