- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് പരിശോധനയ്ക്കുള്ള ഉപകരണം ഇറക്കാൻ സിഐടിയു ചോദിച്ചത് 16,000 രൂപ; കൂലിത്തർക്കത്തിനൊടുവിൽ ഉപകരണം ലോറിയിൽ നിന്നും ഇറക്കിയത് ഡോക്ടറും ജീവനക്കാരും ചേർന്ന്
തുറവൂർ: കോവിഡ് പരിശോധനയ്ക്കുള്ള ട്രൂനാറ്റ് ലബോറട്ടറിയിലേക്ക് എത്തിച്ച ബയോസേഫ്റ്റി കാബിനറ്റ് ഇറക്കാനുള്ള കൂലിയായി സിഐടിയു യൂണിയൻ ചോദിച്ചതു 16,000 രൂപ. ഒടുവിൽ മണിക്കൂറുകൾ നീണ്ട കൂലി തർക്കത്തിനൊടുവിൽ ഉപകരണം ലോറിയിൽ നിന്നും ഇറക്കിയത് ഡോക്ടറും ആശുപത്രിയിലെ ജീവനക്കാരും ചേർന്ന്. ആലപ്പുഴ ജില്ലയിലെ തുറവൂർ താലൂക്ക് ആശുപത്രിയിലാണ് സംഭവം.
225 കിലോഗ്രാം ഭാരമുള്ള കാബിനറ്റ് ലോറിയിൽ നിന്ന് ഇറക്കാൻ 6,000 രൂപയും മുകൾനിലയിലെത്തിക്കാനുള്ള ക്രെയിൻ വാടകയായി 10,000 രൂപയുമാണ് തൊഴിലാളികൾ ആവശ്യപ്പെട്ടത്. എന്നാൽ, ക്രെയിൻ ഉപയോഗിക്കാതെ തന്നെ ഡോക്ടറും ജീവനക്കാരും ചേർന്ന് ഉപകരണം ലോറിയിൽനിന്നിറക്കുകയും ചുമന്ന് മുകൾനിലയിലെത്തിക്കുകയും ചെയ്തു.
മുംബൈയിൽ നിന്നു കാബിനറ്റ് എത്തിച്ചവർ ആദ്യം 3,000 രൂപയും ഒടുവിൽ 9000 രൂപ വരെയും വാഗ്ദാനം ചെയ്‌തെങ്കിലും ആ നിരക്ക് തൊഴിലാളികൾ അംഗീകരിച്ചില്ല. സംഭവം അറിഞ്ഞപ്പോൾ തന്നെ സിഐടിയു ഏരിയ നേതൃത്വം ഇടപെട്ടെന്നു ജില്ലാ സെക്രട്ടറി എച്ച്. സലാം പറഞ്ഞു. കൂലിത്തർക്കം വേണ്ടെന്നു നിർദേശിച്ചിരുന്നു. ജീവനക്കാർ തന്നെ ഇറക്കുന്നെങ്കിൽ തടസ്സപ്പെടുത്തരുതെന്നും തൊഴിലാളികളോടു നിർദേശിച്ചിരുന്നതായി പറഞ്ഞു.
അപകടകരമായ വസ്തുക്കളും സൂക്ഷ്മാണുക്കളും കൈകാര്യം ചെയ്യുന്ന മൈക്രോ ബയോളജി ലാബുകളിൽ സുരക്ഷയ്ക്കായി ഉപയോഗിക്കുന്നതാണ് ബയോസേഫ്റ്റി കാബിനറ്റ്. ഈ കാബിനറ്റിനുള്ളിലാണ് കോവിഡ് പരിശോധനയ്ക്കുള്ള ട്രൂനാറ്റ് യന്ത്രം സ്ഥാപിക്കുന്നത്.