മുംബൈ: സഖ്യകക്ഷിയായ എൻസിപിയുമായുള്ള ഭിന്നതയെ തുടർന്ന് ലോക്‌സഭാംഗത്വം രാജിവയ്ക്കുകയാണെന്ന് മഹാരാഷ്ട്രയിലെ ശിവസേന എംപി സഞ്ജയ് ജാധവ്. മറാഠ്‌വാഡയിലെ പർഭണി എംപിയാണ്.

പ്രാദേശിക കാർഷികോൽപന്ന വിപണന സംഘത്തിൽ ശിവസേനാ ഭരണസമിതിയെ കൊണ്ടുവരുന്നതിനെ എൻസിപി എതിർത്തതാണു രാജിക്കു കാരണമത്രേ. എന്നാൽ, ബിജെപിക്ക് അനുകൂല സാഹചര്യമൊരുക്കാനാണോ ജാധവിന്റെ നീക്കമെന്നു സംശയമുണ്ടെന്ന് എൻസിപി പ്രാദേശിക നേതാക്കൾ ആരോപിച്ചു. എൻസിപി ഓഫിസിനു നേരെ കല്ലേറുണ്ടായതും വിവാദമായി.

മുഖ്യമന്ത്രിയും പാർട്ടി അധ്യക്ഷനുമായ ഉദ്ധവ് താക്കറെ, ജാധവിനോടു രാജി നീക്കത്തിൽ നിന്നു പിന്മാറാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണു ശിവസേനയുടെ പ്രതികരണം. കോൺഗ്രസ് ശിവസേന എൻസിപി സർക്കാരാണു മഹാരാഷ്ട്ര ഭരിക്കുന്നത്. വിവിധ തദ്ദേശ സ്ഥാപനങ്ങളിലും ഇവർ കൈകോർക്കുന്നു.