ചെന്നൈ: പിണങ്ങിയ കാമുകിയുടെ അമ്മയുടെ ഫോൺ നമ്പർ അശ്ലീലപരാമർശങ്ങളോടെ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ച 17-കാരനെ പൊലീസ് അഅറസ്റ്റ് ചെയ്തു. ചെന്നൈ തൗസന്റ് ലൈറ്റ്സിലുള്ള വിദ്യാർത്ഥിയെയാണ് സൈബർ സെൽ പിടികൂടിയത്. ഇൻസ്റ്റഗ്രാമിലൂടെ വ്യാജ അക്കൗണ്ട് തുടങ്ങിയാണ് യുവാവ് പെൺകുട്ടിയുടെ അമ്മയുടെ ഫോൺ നമ്പർ പ്രചരിപ്പിച്ചത്.

വിദ്യാർത്ഥിനിയായ കാമുകിയുമായി തെറ്റിപ്പിരിഞ്ഞതിനെത്തുടർന്നാണ് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി ഫോൺനമ്പർ പ്രചരിപ്പിച്ചത്. നഗ്‌നവീഡിയോകൾക്കും ചിത്രങ്ങൾക്കും ബന്ധപ്പെടുകയെന്ന പേരിലായിരുന്നു ഫോൺനമ്പർ നൽകിയത്. കാമുകിയുടെ പേരിലായിരുന്നു ഇൻസ്റ്റഗ്രാം അക്കൗണ്ട്. അശ്ലീലസന്ദേശങ്ങളുമായി ഫോൺ വിളികളും സന്ദേശങ്ങളും പതിവായതോടെയാണ് കുമരൻ നഗറിൽ താമസിക്കുന്ന 41-കാരി പൊലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ മകളുടെ കാമുകനായ വിദ്യാർത്ഥിയാണ് ഇതിനുപിന്നിലെന്ന് വ്യക്തമായത്.