- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ദിവസം ഇന്ത്യ കണ്ടത് 1000 കോവിഡ് മരണങ്ങൾ; 76,000 ത്തിൽ പരം രോഗികളും; തുടർച്ചയായ രണ്ടാം ദിവസവും പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 76,000 കവിഞ്ഞു; ആഗസ്റ്റിൽ മാത്രം റിപ്പോർട്ട് ചെയ്തത് 16,86,162 രോഗികൾ; കൊറോണ ഇന്ത്യയെ കീഴടക്കുന്നത് ഇങ്ങനെ
ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന് ശക്തി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെ പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 76,489 കേസുകൾ. തുടർച്ചയായ രണ്ടാം ദിവസവും പുതിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണം 76,000 കടന്നിരിക്കുന്നു. അതേസമയം, ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 1,081 കോവിഡ് മരണങ്ങളാണ്. ഇതുവരെയുള്ളതിൽ ഏറ്റവും വലിയ രണ്ടാമത്തെ പ്രതിദിന കോവിഡ മരണ സംഖ്യയാണിത്.
ഇതോടെ ഓഗസ്റ്റ് മാസത്തിൽ മാത്രം ഇന്ത്യയിൽ 16,86,162 പേർക്കാണ് കോവിഡ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ആദ്യ രോഗബാധ സ്ഥിരീകരിച്ചതിന് ശേഷം ഓഗസ്റ്റ് മാസം വരെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണത്തിന് അടുത്തുവരുന്നു. ഓഗസ്റ്റ് മാസം വരെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 16,94,918 ആയിരുന്നു. മറ്റൊരു ഭീതിദമായ കാര്യം ഓഗസ്റ്റ് മാസത്തിൽ ഇതുവരെ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 25,000 കടന്നു എന്നതാണ്. ഇതിന് മുൻപ് ഒരു മാസത്തിൽ ഏറ്റവുമധികം കോവിഡ് മരണങ്ങൾ നടന്നത് ജൂലായിൽ ആയിരുന്നു, 19,122 മരണങ്ങൾ.
കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളിലായി രോഗവ്യാപനത്തിന് ശക്തി ക്രമാതീതമായി വർദ്ധിക്കുകയാണ്. ചൊവ്വാഴ്‌ച്ച മുതൽ വെള്ളിയാഴ്‌ച്ച വരെ അഭൂതപൂർവ്വമായ വർദ്ധനയാണ് രോഗവ്യാപനത്തിൽ ദർശിച്ചത്. രോഗം സുഖപ്പെടുന്നവരുടെ എണ്ണം 25.8 ലക്ഷമായി വർദ്ധിച്ചെങ്കിലുംഏകദേശം 7.4 ലക്ഷം സജീവമായ കേസുകൾ ഇപ്പോഴും നിലനിൽക്കുന്നു എന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. വ്യാഴാഴ്‌ച്ച പുതിയതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഏതൊരു രാജ്യത്തേയും ഓഗസ്റ്റ് മാസത്തിലെ പ്രതിദിന രോഗവ്യാപന സംഖ്യയേക്കാൾ കൂടിയതാണ്. ജൂലായ് 25 ന് അമേരിക്കയിൽ രേഖപ്പെടുത്ത്യ 78,427 ആണ് രേഖപ്പെടുത്തിയതിൽ ഏറ്റവും വലിയ പ്രതിദിന രോഗവ്യാപന സംഖ്യ.
മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം പുതിയ രോഗബാധകൾ രേഖപ്പെടുത്തുന്നത്. മരണവും ഏറ്റവും അധികം രേഖപ്പെടുത്തിയത് അവിടെത്തന്നെ. വ്യാഴാഴ്‌ച്ച 14,718 പുതിയ കേസുകളാണ് മഹാരാഷ്ട്രയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. 355 മരണങ്ങളും രേഖപ്പെടുത്തി. ആന്ധ്രാ പ്രദേശിലും പ്രതിദിനം 10,000 ത്തിൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ കർണ്ണാടകത്തിലാണ് രോഗവ്യാപനത്തിന്റെ നിരക്ക് കുതിച്ചുയരുന്നത്. വ്യാഴാഴ്‌ച്ച 9,386 പുതിയ കേസുകളാണ് ഇവിടെ രേഖപ്പെടുത്തിയത്. ഇതാദ്യമായാണ് സംസ്ഥാനത്ത് 9,000 ത്തിൽ അധികം പ്രതിദിന രോഗബാധ രേഖപ്പെടുത്തുന്നത്.
കർണ്ണാടകക്ക് പുറമേ രോഗവ്യാപനം ക്രമാതീതമായി ഉയർന്ന മൂന്ന് സംസ്ഥാനങ്ങൾ ഒഡിഷ, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവയാണ്. ഡെൽഹിയിലും കഴിഞ്ഞ വ്യാഴാഴ്‌ച്ച കണ്ടത്, കഴിഞ്ഞ 48 ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു. 1,840 പേർക്കാണ് വ്യാഴാഴ്‌ച്ച പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം ആദ്യ രോഗബാധ സ്ഥിരീകരിച്ചതിന് ശേഷം 173 ദിവസങ്ങൾ പിന്നിടുമ്പോൾ തമിഴ്‌നാട്ടിൽ ഇതുവരെ നാല് ലക്ഷം പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 7,000 ത്തോളം മരണങ്ങളും രേഖപ്പെടുത്തികഴിഞ്ഞു.
തുടർച്ചയായ രണ്ടാം ദിവസമാണ് മഹാരാഷ്ട്രയിൽ 14,000 ത്തിൽ അധികം രോഗബാധ രേഖപ്പെടുത്തിയിട്ടുൾലത്. ഇതോടെ സംസ്ഥാനത്ത് രേഖപ്പെടുത്തിയ രോഗബാധിതരുടെ എണ്ണം 7,33,568 ആയി ഉയർന്നു. ആഗസ്റ്റിൽ ക്രമാതീതമായ വളർച്ചയാണ് മഹാരാഷ്ട്രയിൽ രോഗവ്യാപനത്തിൽ ഉണ്ടായിട്ടുള്ളത്. വെറും 27 ദിവസങ്ങൾ കൊണ്ട് 3.1 ലക്ഷം പുതിയ രോഗികളാണ് ഉണ്ടായിട്ടുള്ളത്. അതേസമയം ജൂലായ് മാസത്തിൽ 2.5 ലക്ഷം രോഗബാധകളാണ് രേഖപ്പെടുത്തപ്പെട്ടത്.
ഇടയ്ക്കൊരു അയവുണ്ടായെങ്കിലും, വീണ്ടും സാഹചര്യം ഗുരുതരമാവുകയാണ്. ദിവസത്തിൽ 300 ൽ അധികം മരണങ്ങൾ വീണ്ടും റിപ്പോർട്ട് ചെയ്യപ്പെടാൻ തുടങ്ങിയിട്ടുണ്ട്. ഇതുവരെ മൊത്തം 23,444 കോവിഡ് മരണങ്ങളാണ് മഹാരാഷ്ട്രയിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
മറുനാടന് മലയാളി ബ്യൂറോ