- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടുക്കി സ്വദേശിനിയായ യുവതി ദക്ഷിണ കൊറിയയിൽ കുഴഞ്ഞു വീണു മരിച്ചു; 28കാരിയായ ലീജാ ജോസ് കുഴഞ്ഞ് വീണത് നാട്ടിലേക്ക് പോരാൻ വിമാനം കയറാൻ എയർപോർട്ടിലെത്തിയപ്പോൾ; ഗവേഷക വിദ്യാർത്ഥിയായ ലീജയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല: മരണം സംഭവിച്ചത് ചെവി വേദനയെ തുടർന്ന് വിദഗ്ദ ചികിത്സയ്ക്കായി മടങ്ങാനൊരുങ്ങവെ
ചെറുതോണി: ഇടുക്കി സ്വദേശിനിയായ യുവതി ദക്ഷിണ കൊറിയയിൽ കുഴഞ്ഞു വീണു മരിച്ചു. നാട്ടിലേക്ക് പോരാൻ വിമാനം കയറാൻ വിമാനത്താവളത്തിലെത്തിയ മലയാളി യുവതിയാണ് എയർപോർട്ടിൽ കുഴഞ്ഞ് വീണ് മരിച്ചത്. ഇടുക്കി വാഴത്തോപ്പ് മണിമലയിൽ ജോസിന്റെയും ഷെർലിയുടെ മകൾ ലീജ ജോസ് (28) ആണ് മരിച്ചത്. അവിടെ ഗവേഷക വിദ്യാർത്ഥിനിയായ ലീജ ചെവി വേദനയെയും പുറം വേദനയെയും തുടർന്ന് നാട്ടിലേക്ക് വിമാനം കയറാൻ വിമാനത്താവളത്തിൽ എത്തിയപ്പോൾ കുഴഞ്ഞു വീഴുകയും മരണം സംഭവിക്കുകയും ആയിരുന്നു. ഉടൻ തന്നെ സമീപത്തെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ നാലു വർഷമായി ദക്ഷിണ കൊറിയയിലെ ഗവേഷക വിദ്യാർത്ഥിനിയാണ് ലീജ. കഴിഞ്ഞ ഫെബ്രുവരിയിൽ അവധിക്ക് നാട്ടിൽ വന്നിരുന്നു. കോവിഡ് വ്യാപകമാവുകയും ലോക്ഡൗൺ ഏർപ്പെടുത്തുകയും ചെയ്തതിനാൽ നിശ്ചയിച്ചിരുന്ന സമയത്ത് തിരികെ പോകാൻ കഴിഞ്ഞില്ല. പിന്നീട് കഴിഞ്ഞ ആറിനാണ് ലീജ കോഴ്‌സ് പൂർത്തിയാക്കുന്നതിന് ദക്ഷിണ കൊറിയയിലേക്കു പുറപ്പെട്ടത്. സെപ്റ്റംബറിൽ വീസ കാലാവധി തീരുന്നതിനാൽ കോഴ്‌സ് പൂർത്തിയാക്കുന്നതിനു വേണ്ടിയായിരുന്നു മടക്കം. കൊറിയയിൽ എത്തി 14 ദിവസം ക്വാറന്റീനിൽ കഴിയേണ്ടി വന്നിരുന്നു.
ഇതിനിടെ ചെവിവേദനയും പുറം വേദനയും അനുഭവപ്പെട്ടെങ്കിലും വിദഗ്ധ ചികിത്സ ലഭ്യമായില്ല. ക്വാറന്റൈൻ കാലാവധിക്കു ശേഷം ആശുപത്രിയിലെത്തി ചികിത്സ നടത്തിയെങ്കിലും കുറയാത്തതിനെത്തുടർന്ന് തിരികെ നാട്ടിലേക്കു പോരാൻ ടിക്കറ്റ് എടുത്തിരുന്നു. വ്യാഴാഴ്ച വൈകിട്ട് വിമാനത്താവളത്തിൽ എത്തിയ ലീജ അവിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തുള്ള മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതശരീരം ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
എംപിമാരായ ഡീൻ കുര്യാക്കോസ്, അൽഫോൻസ് കണ്ണന്താനം, റോഷി അഗസ്റ്റിൻ എംഎൽഎ എന്നിവർ വഴി വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. സഹോദരങ്ങൾ: ലീജോ, ലീനോ.
മറുനാടന് മലയാളി ബ്യൂറോ