പിരിഞ്ഞുപോയ സഹോദരങ്ങളെ ഒന്നിപ്പിക്കാൻ അമ്മയുടെ സ്നേഹം നിറഞ്ഞ ഓർമ്മകൾക്കാകുമെന്ന പ്രതീക്ഷയിലാണ് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ആരാധകർ. അടുത്ത വർഷം ജൂലായ് 1 ന് ഡയാന രാജകുമാരി താമസിച്ചിരുന്ന കെൻസിങ്ടൺ കൊട്ടാരത്തിൽ അവരുടെ ഒരു പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഇരുവരും ഒരുമിച്ച് തയ്യാറായതോടെയാണ് ഈ പ്രതീക്ഷ ഉയരുന്നത്. അന്ന് ഡയാന രാജകുമാരിയുടെ അറുപതാം പിറന്നാൾ ആണ്.

ഹാരിക്കും വില്യമിനും ഇടയിൽ ഇരുണ്ടുകൂടിയ പിണക്കത്തിന്റെ കാർമേഘങ്ങൾ ഹാരിയും ഭാര്യ മേഗനും കൊട്ടാരം വിട്ടിറുങ്ങുന്നിടത്തുവരെ എത്തി. പിന്നീട് അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഹാരിയേയും വില്യമിനേയും ഇപ്പോൾ ഒന്നിപ്പിച്ചിരിക്കുന്നത് 2017-ൽ ഡയാനയുടെ ഇരുപതാം ചരമവാർഷികത്തോടനുബന്ധിച്ച് സ്ഥാപിക്കാൻ ഉദ്ദേശിച്ച പ്രതിമയുടെ കാര്യത്തിലാണ്. കലഹങ്ങളും പിണക്കങ്ങളുമായി ഈ പദ്ധതി നീണ്ടുപോവുകയായിരുന്നു. ഈ പുതിയ നീക്കം സഹോദരങ്ങൾക്കിടയിലെ പിണക്കത്തിന്റെ മറ നീക്കാൻ സഹായിക്കുമെന്നാണ് എല്ലാവരും പ്രത്യാശിക്കുന്നതെന്ന് കൊട്ടാരം വൃത്തങ്ങൾ സൂചിപ്പിച്ചു.

ബ്രിട്ടനിലും, ലോകത്താകമാനവും ഡയാന ചെലുത്തിയ സ്വാധീനം എന്താണെന്ന് തിരിച്ചറിയുവാനുള്ള കർത്തവ്യമാണ് ഹാരിയേയും വില്യമിനേയും ഏല്പിച്ചിട്ടുള്ളത്. തങ്ങളുടെ അമ്മയുടെ ജീവിതവും അമ്മ അവശേഷിപ്പിച്ചു പോയ നല്ല ഓർമ്മകളും കെൻസിങ്ടൺ കൊട്ടാരം സന്ദർശിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്നവർക്കു കൂടി പകര്ന്നു നൽകാനാണ് ഇത്തരമൊരു ഉദ്യമം എന്നാണ് ഹാരിയും വില്യമും പറയുന്നത്. ഈ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്‌ച്ചകളിൽ സഹോദരങ്ങൾ പരസ്പരംസംസാരിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.

ഇരു രാജകുമാരന്മാരും കുടുംബസമേതം ആഘോഷങ്ങളിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൊട്ടാരം വൃത്തങ്ങൾ അറിയിച്ചു. രാജ്ഞിയും ചാൾസ് രാജകുമാരനും ഈ സന്ദർഭം രാജകുമാരന്മാരെ ഒന്നിപ്പിക്കാനായി ഉപയോഗിക്കും എന്നുതന്നെയാണ് പ്രതീക്ഷ. വില്യം രാജകുമാരനൊപ്പം പ്രാധാന്യം പലകാര്യങ്ങളിലും ലഭിക്കാതിരുന്നതാണ് ഹാരിയുടെ പിണക്കത്തിന് കാരണമെന്ന് പറയപ്പെടുന്നു. കെയ്റ്റ് രാജകുമാരി തന്റെ മുകളിൽ അധീശത്വം പുലർത്തുന്നു എന്ന മേഗന്റെ ചിന്തകൂടി ആയപ്പോൾ കാര്യങ്ങൾ എല്ലാം കുഴഞ്ഞുമറിയുന്ന അവസ്ഥയിലുമായി.

പ്രശസ്ത ശില്പി ഇയാൻ റാങ്ക് രൂപകല്പന ചെയ്ത പ്രതിമ കെൻസിങ്ടൺ കൊട്ടാരത്തിലെ സൻകൻ ഗാർഡനിലായിരിക്കും സ്ഥാപിക്കുക. ഡയാന രാജകുമാരിക്ക് ഏറെ പ്രിയപ്പെട്ട ഒരിടമായിരുന്നു ഈ ഗാർഡൻ. ബ്രിട്ടീഷ് നാണയങ്ങളിൽ കാണുന്ന എലിസബത്ത് രണ്ടാമൻ രാജ്ഞിയുടെ ചിത്രം വരച്ചതും ഇയാൻ റാങ്ക് ആയിരുന്നു. ഈ വരുന്ന ഓഗസ്റ്റ് 31ന് ഡയാന രാജകുമാരി പാരിസിൽ കാറപകടത്തിൽ മരിച്ചിട്ട് 23 വർഷം തികയുകയാണ്. അന്ന് വില്യം രാജകുമാരന് 15 ഉം ഹാരിക്ക് 12 വയസ്സായിരുന്നു പ്രായം.