ന്യൂഡൽഹി: ഫേസ്‌ബുക്ക് ഇന്ത്യ പബ്ലിക് പോളിസി ഡയറക്ടർ അങ്കി ദാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി വാൾ സ്ട്രീറ്റ് ജേണൽ വീണ്ടും. ബിജെപിയെ ഉയർത്തിക്കാണിക്കാനും പ്രതിപക്ഷത്തെ താഴ്‌ത്തിക്കെട്ടാനും നിർദേശിച്ച് വർഷങ്ങളായി കമ്പനിക്കുള്ളിൽ അങ്കി ദാസ് ഇടപെടലുകൾ നടത്തിയെന്നും ജീവനക്കാർക്കായി പ്രത്യേകം പോസ്റ്റ് തയാറാക്കിയിരുന്നുവെന്നുമാണ് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടിൽ പറയുന്നത്. ഇത് രണ്ടാം തവണയാണ് വാൾ സ്ട്രീറ്റ് ജേണൽ അങ്കി ദാസിനെതിരെ ആരോപണവുമായി രംഗത്തെത്തുന്നത്. 

'സമൂഹമാധ്യമ പ്രചാരണത്തിൽ നമ്മൾ അദ്ദേഹത്തിന് വേണ്ടി തീ കൊളുത്തി, ബാക്കിയെല്ലാം ചരിത്രം' - 2014 ലെ തിരഞ്ഞെടുപ്പിൽ മോദി വിജയം കൊയ്യുന്നതിന് ഒരു ദിവസം മുൻപ് അങ്കി ദാസ് പോസ്റ്റ് ചെയ്തതാണ് ഇക്കാര്യം. 30 വർഷമായി അടിത്തട്ടിൽ നടത്തിയ പ്രവർത്തനത്തിലൂടെ ഇന്ത്യയെ മോചിപ്പിച്ചതായി മോദിയെ പുകഴ്‌ത്തിക്കൊണ്ട് അങ്കി ദാസ് കുറിച്ചു. ഫേസ്‌ബുക്ക് ആഗോള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ കാറ്റി ഹർബത് മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴും അങ്കി ദാസ് ഇവർക്കൊപ്പമുണ്ടായിരുന്നു.ഇതിനെതിരെ കമ്പനിയിലെ ജീവനക്കാർ തന്നെ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പുകളിൽ നിഷ്പക്ഷത പാലിക്കണമെന്ന കമ്പനിയുടെ ചട്ടങ്ങൾക്ക് വിരുദ്ധമായാണ് അങ്കി ദാസിന്റെ നീക്കമെന്ന് ജീവനക്കാർ പറഞ്ഞു.

ബിജെപി പ്രവർത്തകർക്കെതിരെ നടപടിയെടുത്താൽ ബിസിനസിനെ ബാധിക്കുമെന്ന് ഫേസ്‌ബുക്ക് ഉദ്യോഗസ്ഥൻ പറഞ്ഞതായും വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു. ഭരണകക്ഷിയായ ബിജെപി പ്രവർത്തകരുടെ വിദ്വേഷ പ്രസംഗങ്ങൾ നീക്കാൻ തയാറായില്ല എന്നതായിരുന്നു വാൾ സ്ട്രീറ്റ് ജേണൽ ആദ്യം ചൂണ്ടിക്കാണിച്ചത്.

സെപ്റ്റംബർ രണ്ടിന് ശശി തരൂർ അധ്യക്ഷനായ പാർലമെന്ററി കമ്മിറ്റിക്ക് മുൻപാകെ ഹാജരായി റിപ്പോർട്ടിനെക്കുറിച്ച് വിശദീകരണം നൽകാൻ ഫെയ്‌സബുക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അങ്കി ദാസ് പക്ഷപാതം കാണിച്ചിട്ടില്ലെന്നാണ് കഴിഞ്ഞ ചൊവ്വാഴ്ച ഫേസ്‌ബുക്ക് നൽകിയ വിശദീകരണം. ചില പോസ്റ്റുകൾ മാത്രം ഉയർത്തിക്കാണിക്കപ്പെട്ടു. ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കുമായി ഫേസ്‌ബുക്ക് നടത്തുന്ന ഉദ്യമത്തെ ഈ രീതിയിൽ കാണരുതെന്നും ഫേസ്‌ബുക്ക് വക്താവ് ആൻഡി സ്റ്റോൺ പറഞ്ഞു.