റോമാ സാമ്രാജ്യം കത്തിയെരിയുമ്പോൾ വീണവായിച്ചു രസിച്ച നീറോ ചക്രവർത്തിയെ ഓർമ്മിപ്പിക്കുകയാണ് തായ് ലാൻഡ് രാജാവ് മഹാ വാജിരലോംഗ്കോൺ. പകർച്ചവ്യാധിയിലും പട്ടിണിയിലും സാമ്പത്തിക തകർച്ചയിലുമൊക്കെ രാജ്യത്തെ സാധാരണക്കാർ വലയുമ്പോൾ, ദൂരെ ജർമ്മനിയിലൊരു പഞ്ചനക്ഷത്ര ഹോട്ടലിൽ വെപ്പാട്ടിമാരുമൊത്ത് രതിലീലകളിൽ ആറാടുകയാണ് ഈ ആധുനിക നീറോ ചക്രവർത്തി. ലൈംഗിക പോരാളികൾ എന്ന് വിളിക്കുന്ന സ്ത്രീസൈന്യത്തോടൊപ്പം ആഡംബര ഹോട്ടലിൽ സുഖവാസം നടത്തുന്ന രജാവിനൊപ്പം ചേരുവാൻ പഴയ വെപ്പാട്ടിയും എത്തിയിരിക്കുന്നു.

രാജാവിന്റെ മുൻ അംഗരക്ഷകയും, വെപ്പാട്ടിയും പിന്നീട് രാജകീയ വെപ്പാട്ടി എന്ന സ്ഥാനം ലഭിക്കുകയും ചെയ്ത സിനീനാറ്റ് വോങ്ങ്വാജിരപക്ടി എന്ന 35 കാരിയിൽ നിന്നും പിന്നീട് ഈ രാജകീയ ബഹുമതി തിരിച്ചുവാങ്ങുകയും അവരെ ജയിലിൽ അടയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോൾ രാജാവ് ഇവർക്ക് മാപ്പുനൽകുകയും ജയിൽ വിമുക്തയാക്കി ജർമ്മനിയിലേക്ക് കൊണ്ടുവരികയും ചെയ്തിരിക്കുന്നതായി ഒരു ജർമ്മൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. രാജാവ് സ്വയം മ്യുണിക് വിമാനത്താവളത്തിലെത്തി ഇവരെ സ്വീകരിക്കുകയായിരുന്നു എന്നാണ് ഈ മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ വർഷം ജൂലായിൽ രാജാവിന്റെ 67-)0 പിറന്നാളിനാണ് കോയ് എന്നുകൂടി അറിയപ്പെടുന്ന ഈ 35 കാരിക്ക് രാജകീയ വെപ്പാട്ടി എന്ന സ്ഥാനം നൽകിയത്. 2019-ൽ തന്റെ നാലാമത്തെ ഭാര്യ സുതിദയുമായുള്ള വിവാഹം കഴിഞ്ഞ് ഏറെ താമസിയാതെയായിരുന്നു ഇത്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു പദവി ഒരു വെപ്പാട്ടിക്ക് നൽകുന്നത്.

തായ്ലാൻഡിലും വിദേശത്തും പരിശീലനം സിദ്ധിച്ച പൈലറ്റ് ആയ സിനീനാറ്റ് രാജാവിന്റെ റോയൽ ബോഡിഗാർഡ് യൂണിറ്റിൽ സേവനമനുഷ്ഠിക്കുമ്പോഴായിരുന്നു രാജകീയ പദവി ലഭിക്കുന്നത്. സൈനിക യൂണിഫോമിൽ വലിയൊരു ജാഥയായിട്ടായിരുന്നു അന്ന് അവർ ഈ ചടങ്ങിന് എത്തിയത്. എന്നാൽ, രാജ്ഞിയുടെ സ്ഥാനം ലഭിക്കുവാൻ ശ്രമിച്ചതോടെയാണെന്ന് പറയപ്പെടുന്നു, മൂന്നും മാസങ്ങൾക്ക് ശേഷം അവർക്ക് നൽകിയ പദവികൾ തിരിച്ചെടുക്കപ്പെട്ടു. രാജകീയ പാരമ്പര്യം മനസ്സിലാക്കുകയും രാജാവിനെ ബഹുമാനിക്കുകയും ചെയ്യുന്നില്ല എന്നായിരുന്നു ഔദ്യോഗിക ഭാഷ്യം. അവർ സ്വന്തം ലാഭം മാത്രം നോക്കുകയായിരുന്നു എന്നും അതിൽ കുറ്റപ്പെടുത്തി.

തുടർന്ന്, അവർ തടവിലാക്കപ്പെട്ടു. അവർ എവിടെയായിരുന്നു എന്ന് കൃത്യമായി അറിയില്ലെങ്കിലുംബാംഗ് ക്വാംഗിലെ അതീവ സുരക്ഷയുള്ള ജയിലിലായിരുന്നു അവരെന്നാണ് ജർമ്മൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. ഏകദേശം ഒരു പതിറ്റാണ്ടിനു ശേഷം തായ്ലാൻഡിൽ വധശിക്ഷ നടപ്പിലാക്കിയത് ഈ ജയിലിലായിരുന്നു. എന്നാൽ, തായ്ലാൻഡ് നിരീക്ഷകനായ ആൻഡ്രു മാക് ഗ്രിഗർ പറയുന്നത് ഇവർ ബാംഗോക്കിലെ വനിതാ ജയിലിലായിരുന്നു എന്നാണ്. എന്തായാലും, സിനീനറ്റ് ജയിൽ മോചിതയായി എന്നും ജർമ്മനിയിലേക്ക് പോയി എന്നും അദ്ദേഹവും സ്ഥിരീകരിച്ചിട്ടുണ്ട്.

തായ്ലാൻഡിൽ കോവിഡിന്റെ സൂചനകൾ കണ്ടുതുടങ്ങിയതോടെ തന്റെ വെപ്പാട്ടികളുമായി ജർമ്മനിയിലേക്ക് പറക്കുകയായിരുന്നു രാജാവ്. ജർമ്മനിയിലെ വിനോദ സഞ്ചാര പട്ടണമായ ഗാർമിസ്‌ക്-പാർറ്റേൻകിർചനിലെ ഗ്രാൻഡ് ഹോട്ടൽ സോണെബിച്ചിയിലെ നാലാം നില മുഴുവനായി രാജാവും കൂട്ടരും വാടകയ്ക്ക് എടുത്തിരിക്കുകയാണ്. ഇതിൽ ഒരു മുറി തായ്ലാൻഡിൽ നിന്നും കൊണ്ടുവന്നിട്ടുള്ള കരകൗശല വസ്തുക്കളും മറ്റും കൊണ്ട് അലങ്കരിച്ച്, രാജാവിന് ജീവിതം ആസ്വദിക്കുവാനുള്ള പ്ലഷർ റൂം ആക്കി മാറ്റിയിട്ടുണ്ട്,. ഹോട്ടൽ ജീവനക്കാർക്കും നാലാം നിലയിലേക്ക് പ്രവേശനമില്ല എന്നുംറിപ്പോർട്ടുകൾ ഉണ്ട്.

അതേസമയം രാജ്ഞി സുതിദ സ്വിറ്റ്സർലൻഡിലെ ഏഞ്ചല്ബെർഗിലെ ഹോട്ടൽ വാൾഡെഗ്ഗിൽ ഏകയായി ജീവിതം തള്ളിനീക്കുകയാണ്. തായ്ലാൻഡിലെ നിയമപ്രകാരം രാജാവിനെ വിമർശിക്കാൻ പൗരന്മാർക്ക് അവകാശമില്ല. ഈശ്വരതുല്യമായ പദവിയാണ് രാജാവിന്റേത്. വിമർശിക്കുന്നവർക്ക് 15 വർഷം വരെ തടവ് ലഭിച്ചേക്കാം. എന്നിട്ടും ഒളിഞ്ഞും തെളിഞ്ഞും ചില പ്രതിഷേധങ്ങൾ അവിടവിടെയായി ഉയരുന്നുണ്ട്. നമുക്ക് ഒരു രാജാവ് വേണോ എന്ന ഹാഷ്ടാഗ് സമൂഹമാധ്യമത്തിൽ വൈറലായി കൊണ്ടിരിക്കുന്നു. കൊട്ടാരത്തിലെ മുഴുവൻ സ്വത്തുക്കൾക്കും രാജാവിനെ മാത്രം അവകാശിയാക്കിക്കൊണ്ടുള്ള 2017-ലെ നിയമവും രണ്ട് ആർമി യൂണിറ്റുകൾ രാജാവിന്റെ പേഴ്സണൽ കമാൻഡാക്കി മാറ്റിയ 2019-ലെ നിയമവും മാറ്റണമെന്നാണ് വിമർശകരുടെ ആവശ്യം.

1932-ൽ രാജഭരണം അവസാനിച്ചതിൽ പിന്നെ നിരവധി തവണ പട്ടാളം അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തിട്ടുണ്ട്. പട്ടാളം എന്നും രാജാവിനെ പിന്തുണച്ചിട്ടേയുള്ളു. അതിനാൽ തന്നെ രാഷ്ട്രീയ നേതൃത്വത്തിനും രാജാവിനെതിരെ നീങ്ങുവാൻ ഭയമാണ്. 1946 മുതൽ തായ്ലാൻഡ് രാജാവായിരുന്ന പിതാവ് ഭൂമിബോൽ അതുല്യദേജിന്റെ മരണത്തോടെ2016-ലാണ് വാജിരലോങ്കോൺ രാജാവായി സ്ഥാനമേറ്റത്. സ്ഥാനരോഹണത്തിന് ഏതാനും നാളുകൾക്ക് മുൻപാണ് വെപ്പാട്ടിയായിരുന്ന സുതിദയെ വിവാഹം കഴിച്ച് രാജ്ഞിയാക്കിയത്.