ആലുവ: 70 രൂപ ചെലവിൽ മൂന്ന് മണിക്കൂർ നേരത്തേക്കുള്ള ഓക്‌സിജൻ വീട്ടിൽ ഉത്പാദിപ്പിക്കാം. മൂന്ന് മണിക്കൂർ നേരത്തേക്കുള്ള 10,000 എംഎൽ പ്രാണവായു അനായാസം ഉൽപാദിപ്പിച്ച് റിട്ട. മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർ എ.കെ. ചന്ദ്രബോസ് ആണ് വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ പ്രശംസ നേടിയിരിക്കുന്നത്. ശുദ്ധജലവും രണ്ട് ആന്റിബയോട്ടിക്‌സുമാണു ചേരുവകൾ. വിലക്കുറവു മാത്രമല്ല ഇതിന്റെ ആകർഷണം. ശ്വസനത്തിനു ബുദ്ധിമുട്ടുള്ളവർക്കു കുപ്പിയിൽ ഓക്‌സിജൻ നിറച്ച് തോൾസഞ്ചിയിലും കീശയിലും കൊണ്ടുനടക്കാനും കഴിയും.

വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ പ്രശംസ നേടിയ കണ്ടുപിടിത്തതിന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെയും ഐഎംഎയുടെയും അംഗീകാരം കാത്തിരിക്കുകയാണ് റിട്ട. മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർ എ.കെ. ചന്ദ്രബോസ്. ആശുപത്രികളിലും വീടുകളിലും ഓക്‌സിജൻ സിലിണ്ടറുകൾ സ്ഥാപിച്ചു ജീവവായു ലഭ്യമാക്കാൻ ആയിരങ്ങൾ ചെലവു വരും. അതുകൊണ്ടു തന്നെ ശ്വാസകോശ പ്രശ്‌നങ്ങളുള്ള കിടപ്പുരോഗികൾക്കും വയോധികർ, കുട്ടികൾ തുടങ്ങിയവർക്കും ഏറെ ആശ്വാസകരമാകും വീട്ടിലെ 'ഈസി ഓക്‌സിജൻ' നിർമ്മാണം.

ജോലിയിൽ നിന്നു വിരമിച്ച ശേഷം ചന്ദ്രബോസ് ആലുവയിൽ ക്യാമറ റിപ്പയറിങ്ങും എഡിറ്റിങ് സ്റ്റുഡിയോയും നടത്തുന്നു. കൊച്ചി നിയമസഭാംഗമായിരുന്ന കെ.പി. വള്ളോന്റെ പേരക്കുട്ടി ശ്രീദേവിയാണ് ഭാര്യ.