ജിദ്ദ: ഇറാൻ അനുകൂലികളായ ഹൂഥി മിലീഷ്യ സായുധ കലാപം നടത്തിക്കൊണ്ടിരിക്കുന്ന യമനിൽ നിന്ന് സൗദി നഗരങ്ങളും സിവിലിയൻ കേന്ദ്രങ്ങളും ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങൾ തുടരുന്നു. ഞായറാഴ്ച വൈകീട്ട് നടന്ന ഒടുവിലത്തെ ആക്രമണ ശ്രമത്തിൽ ഹൂഥി കലാപകാരികൾ ലക്ഷ്യമാക്കിയത് അബഹയിലെ അന്താരാഷ്ട്ര വിമാനത്താവളം. ആളില്ലാ വിമാന (ഡ്രോൺ) ത്തിൽ സ്ഫോടക വസ്തുക്കൾ നിറച്ചായിരുന്നു സ്വദേശികളും പ്രവാസികളുമായ ആയിരക്കണക്കിന് ആളുകൾ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണം.

ഹൂഥി കലാപം അമർച്ച ചെയ്യാൻ യമനിൽ സായുധ നീക്കം നടത്തി കൊണ്ടിരിക്കുന്ന സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന ഹൂഥികളുടെ ഡ്രോൺ വെടിവെച്ചിട്ടതായി ഔദ്യോഗിക വാക്താവ് കേണൽ തുർക്കി അൽമാലിക്കി അറിയിച്ചു. തകർന്ന് വീണ ഡ്രോണിന്റെ ഭാഗങ്ങളും ചീളുകളും പതിച്ച് നിസ്സാരമായ കേടുപാടുകൾ മാത്രമാണ് സംഭവിച്ചതെന്നും കേണൽ അൽമാലിക്കി തുടർന്നു. മറ്റു നാശനഷ്ടങ്ങളൊന്നും ഉണ്ടായില്ല.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇടയ്ക്കിടെ ഹൂഥികളുടെ ആക്രമണ നീക്കങ്ങൾ ഉണ്ടായിരുന്നു. നജ്റാൻ തുടങ്ങിയ യെമനിനോട് ചേർന്ന് കിടക്കുന്ന ദക്ഷിണ അതിർത്തിയിലെ നഗരങ്ങളും സിവിലിയൻ കേന്ദ്രങ്ങളുമാണ് ഹൂഥികളുടെ ആക്രമണ ലക്ഷ്യങ്ങളാവുന്നത്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും വിഫലമായ ആക്രമണങ്ങൾ ഉണ്ടായി. അവയെല്ലാം സഖ്യസേനയുടെ വ്യോമ പ്രതിരോധ സംവിധാനത്തിൽ തട്ടി നിലംപൊത്തുകയായിരുന്നു.

അതേസമയം, ബാലിസ്റ്റിക് മിസൈലുകൾ, ആളില്ലാ വിമാനങ്ങൾ എന്നിവ ഉപയോഗിച്ച് ജനവാസ കേന്ദ്രങ്ങളിലേക്ക് നടത്തുന്ന ആക്രമണ നീക്കങ്ങളുടെ ദുരന്തപൂര്ണമായ പ്രത്യാഘാതങ്ങളിലേയ്ക്ക് കേണൽ തുർക്കി അൽമാലികി ലോകശ്രദ്ധ ക്ഷണിച്ചു. ആഗോള ധാരണകളുടെ വ്യക്തമായ ലംഘനങ്ങളാണ് ഹൂഥികളുടെ ആക്രമണങ്ങൾ എന്നും അറബ് സഖ്യസേനാ വാക്താവ് വ്യക്തമാക്കി.

യമനിലെ നിയമാനുസൃതമായ സർക്കാരിനെ താഴെയിറക്കി ഇറാൻ പിന്തുണയോടെ അധികാരം കയ്യടക്കാനാണ് ഹൂഥികൾ കലാപം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെയുള്ള നീക്കങ്ങളാണ് സൗദി, യു എ ഇ തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്ന അറബ് സഖ്യസേന യമനിലെ സൈനിക നടപടികളിലൂടെ നടത്തിക്കൊണ്ടിരിക്കുന്നത്. ഹൂഥികളുടെ കലാപ നീക്കങ്ങളെ പരാജയപ്പെടുത്തുകയും യമൻ ജനതയ്ക്ക് സുരക്ഷയും സമാധാനവും ഉണ്ടാക്കിയെടുക്കാനുമുള്ള ശ്രമങ്ങൾ തുടരുമെന്നും കേണൽ അൽമാലികി കൂട്ടിച്ചേർത്തു.