വാഷിങ്ടൺ ഡി.സി: മൂന്നു ദിവസം നീണ്ടുനിന്ന റിപ്പബ്ലിക്കൻ പാർട്ടി ദേശീയ കൺവൻഷനുശേഷം ഇതുവരെ ബൈഡനു ലഭിച്ചിരുന്ന ലീഡൻ കുറവ്. അതേസമയം ട്രംപിന്റെ ലീഡ് മെച്ചപ്പെട്ടതായി ഓഗസ്റ്റ് 29 ശനിയാഴ്ച മോർണിങ് കൺസൾട്ട് സർവെയിൽ ചൂണ്ടിക്കാണിക്കുന്നു. കൺവൻഷന് മുമ്പ് ബൈഡനു 10 പോയിന്റ് ലീഡ് ഉണ്ടായിരുന്നത് കൺവൻഷനുശേഷം ആറായി കുറഞ്ഞു. നിലവിൽ ബൈഡന് 50 പോയിന്റും, ട്രംപിന് 44 പോയിന്റുമാണ്.

ഡെമോക്രാറ്റിക് കൺവൻഷനുശേഷം ബൈഡന്റെ ലീഡിൽ വ്യത്യാസം ഉണ്ടായിരുന്നില്ലെന്നും സർവെയിൽ പറയുന്നു. എന്നാൽ റിപ്പബ്ലിക്കൻ കൺവൻഷനിൽ ട്രംപ് നടത്തിയ അനുകൂല പ്രഖ്യാപനമാണ് ട്രംപിന്റെ ലീഡിൽ അൽപമെങ്കിലും വർധനവ് ഉണ്ടാക്കിയതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഡെമോക്രാറ്റിക് പാർട്ടിയുടെ തീവ്ര ഇടതുപക്ഷ നിലപാടുകളും, വംശീയതയുടെ പേരിൽ കലാപം അഴിച്ചുവിടുന്നതിനേയും ട്രംപ് അതിനിശിതമായി വിമർശിച്ചിരുന്നു. ബൈഡനും ബൈഡന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയും ഇടതുപക്ഷത്തിന്റെ വക്താക്കളാണെന്നും ട്രംപ് ആരോപണം ഉന്നയിച്ചിരുന്നു.

വംശീയതയുടെ പേരിൽ അക്രമത്തിനിരയായവരുടെ കുടുംബാംഗങ്ങളുമായി പ്രസിഡന്റ് ട്രംപ് ചർച്ചകൾ നടത്തിയത് ഡെമോക്രാറ്റിക് പാർട്ടി ആരോപിച്ചതുപോലെ ട്രംപ് ഒരു വംശീയവാദിയല്ല എന്നു തെളിയിക്കുന്നതാണെന്നാണ് വോട്ടർമാർ വിലയിരുത്തുന്നത്.

റിപ്പബ്ലിക്കൻ കൺവൻഷനോടെ സുപ്രധാന സെനറ്റ് സീറ്റുകളിൽ ബൈഡന് സബർബെൻ വോട്ടർമാരിൽ ഉണ്ടായിരുന്ന പിന്തുണ 14 പോയിന്റിൽ നിന്നും 8 പോയിന്റായി കുറഞ്ഞിട്ടുണ്ട്. ഇരു കൺവൻഷനുകൾക്കും ശേഷം 2016-ൽ ഹിലരിക്കുണ്ടായിരുന്നതിലധികം ലീഡ് ഇപ്പോൾ ബൈഡന് ലഭിച്ചിരിക്കുന്നുവെന്നതും പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു.