അബുദാബി: തലസ്ഥാന നഗരിയിലെ എയർപോർട്ട് റോഡിലെ (റാഷിദ് ബിൻ സായിദ് സ്ട്രീറ്റ്) റെസ്‌റ്റോറന്റിൽ തിങ്കളാഴ്ച രാവിലെ ഉണ്ടായ സ്ഫോടനത്തിൽ മൂന്നു പേർ മരിച്ചു. ഗ്യാസ് പൈപ്പ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ കെട്ടിടത്തിന്റെ താഴെനില ഭാഗികമായി തകരുകയും ഏതാനും പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ പൊലീസ് ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലേക്ക് മാറ്റി.

എയർപോർട്ട് റോഡിലെ താഴെ നിലയിലുള്ള ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റിൽ രാവിലെ 10.31 ഓടെയായിരുന്നു സ്ഫോടനം. ഗ്യാസ് ഇൻസ്റ്റാലേഷൻ ഉണ്ടായ ലീക്കിനെ തുടർന്നാണ് വൻ സ്ഫോടനം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

റെസ്റ്റോറന്റിലെ ജീവനക്കാരെയും കെട്ടിടത്തിലെ താമസക്കാരെയും അബുദാബി പൊലീസ് അടിയന്തിര പൊതു സുരക്ഷ ഡയറക്ടറേറ്റിനു കീഴിൽ സംഭവ സ്ഥലത്തു നിന്നും സുരക്ഷിതമായി ഒഴിപ്പിച്ചു. സംഭവത്തിൽ റെസ്റ്റോറന്റിനു കാര്യമായ നാശനാഷ്ടം സംഭവിച്ചിട്ടുണ്ട്. സ്ഫോടനത്തെക്കുറിച്ച് അബുദാബി പൊലീസ് അടിയന്തിര പൊതു സുരക്ഷ ഡയറക്ടറേറ്റ് അന്വേഷണം നടത്തി വരികയാണ്.