ഗൂഡല്ലൂർ: കാലിമെയ്‌ക്കാൻ പോയ ആദിവാസി സ്ത്രീയെ കടുവ പിടിച്ചു കൊണ്ടു പോയി കൊന്നു. ഭർത്താവും,അയൽവാസികളും നോക്കി നിൽക്കെയാണ് വീട്ടമ്മയെ കടുവ പിടിച്ചു കൊണ്ടു പോയത്. മസിനഗുഡി കുറുമർ പാടിയിലെ മാധന്റെ ഭാര്യ ഗൗരി (50) ആണു കൊല്ലപ്പെട്ടത്. മുതുമല കടുവസങ്കേതത്തിനകത്തുള്ള പ്രദേശത്താണ് സംഭവം.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ന് സിങ്കാര വനത്തിനു സമീപം കന്നുകാലികളെ മെയ്‌ക്കുമ്പോൾ കുറ്റിക്കാട്ടിൽ നിന്നു ചാടി വീണ കടുവ ഗൗരിയെ കടിച്ചുവലിച്ചു കൊണ്ടുപോവുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഭർത്താവും അയൽക്കാരും ബഹളം ഉണ്ടാക്കി പുറകേ ഓടിയെങ്കിലും ഒന്നര കിലോമീറ്ററോളം കടുവ ഗൗരിയെ വലിച്ചിഴച്ചു കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു.

ഗുരുതര പരുക്കേറ്റ ഗൗരി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മസിനഗുഡി പട്ടണത്തിൽ നിന്നു അര കിലോമീറ്റർ ദൂരത്താണ് സംഭവം നടന്ന സ്ഥലം. ്. ഒരാഴ്ച മുൻപ് ഇവിടെ കന്നുകാലിയെ കടുവ പിടികൂടിയിരുന്നു.