കൊറോണ വ്യാപനം ശക്തമായതോടെ ഗ്ലാസ്ഗോയിൽ ഇന്നലെ പാതിരാത്രി മുതൽ പുതിയ ലോക്ക്ഡൗൺ നിയന്തണങ്ങൾ പ്രാബല്യത്തിൽ വന്നു. ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജൻ പ്രഖ്യാപിച്ചതാണ് ഈ വിവരം. ഡൺബാർട്ടൺഷയർ, ഈസ്റ്റ് റെൻഫ്ര്യൂഷയർ എന്നിവിടങ്ങളിൽ കൂടി ബാധകമായ പുതിയ നിയമ പ്രകാരം ആർക്കും കുടുംബത്തിന് വെളിയിൽ ഉള്ളവരുമായി കണ്ടുമുട്ടുവാനോ കൂട്ടം ചേരുവാനോ അനുവാദമില്ല. ഈ പ്രദേശങ്ങളിൽ അടിയന്തര ഘട്ടങ്ങളിലെ ആശുപത്രി സന്ദർശനത്തിനൊഴികെയുള്ള യാത്രകൾക്ക് വിലക്കുണ്ട്. അതുപോലെ, കെയർഹോമുകളിൽ പ്രിയപ്പെട്ടവരെ സനദർശിക്കാനെത്തുന്നവർക്ക് പുറത്തുനിന്ന് മാത്രമെ അവരെ കാണാൻ കഴിയുകയുള്ളു.

14 ദിവസത്തേക്കാണ് ഈ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത് എങ്കിലും ഒരാഴ്‌ച്ച കഴിഞ്ഞ് ഇത് വീണ്ടും പുനപരിശോധിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഗ്രെയ്റ്റർ ഗ്ലാസ്ഗോയിലെ എൻ എച്ച് എസ് റീജിയണൽ ബോർഡ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 66 പുതിയ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് ഈ കടുത്ത നടപടി കൈക്കൊള്ളാൻ സർക്കാർ മുതിർന്നത്. ഇത്തരം നിയന്ത്രണങ്ങളുമായി പൊരുത്തപ്പെട്ടുപോകാൻ വളരെ ബുദ്ധിമുട്ടാണെങ്കിലും ഇതല്ലാതെ മറ്റ് വഴികളില്ലെന്നാണ് നിക്കോള സ്റ്റർജൻ പറഞ്ഞത്.

കഴിഞ്ഞ ഓഗസ്റ്റ് 5 ന് അബെർഡീനിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. 2,00,000 ത്തോളം ജനങ്ങളുള്ള നഗരത്തിൽ ആർക്കും അവർ താമസിക്കുന്ന സ്ഥലത്തുനിന്നും അഞ്ച് മൈൽ ദൂരത്തേക്കപ്പുറം യാത്രചെയ്യുവാൻ അനുവാദം നൽകിയിരുന്നില്ല. പബ്ബുകളും ബാറുകളൂം റെസ്റ്റോറന്റുകളുമൊക്കെ അടച്ചിട്ടിരിക്കുകയായിരുന്നു. 18 ദിവസങ്ങൾക്ക് ശേഷമായിരുന്നു ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയത്.

ഇന്നലെ മൊത്തം 154 പേർക്കാണ് സ്‌കോട്ട്ലാൻഡിൽ രോഗബാധ സ്ഥിരീകരിച്ചത്. എന്നാൽ, മരണങ്ങളൊന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ സ്‌കോട്ടലാൻഡിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 314 പുതിയ കേസുകളാണ് ഇതിൽ 135 എണ്ണം ഗ്ലാസ്ഗോ ക്ലൈഡ് മേഖലയിൽ നിന്നാണ്. ഇതാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കാരണമായത്.

വീടിനു വെളിയിലുള്ള ഒരാളുമായി കണ്ടുമുട്ടരുതെന്ന് നിബന്ധനയുണ്ടെങ്കിലും ചില സാഹചര്യത്തിൽ അതിൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഒറ്റക്ക് താമസിക്കുന്നവർ, വ്യത്യസ്ത സ്ഥലങ്ങളിൽ താമസിക്കുന്ന ദമ്പതിമാർ, 18 വയസ്സിൽ താഴെയുള്ള കുട്ടികളോടൊത്ത് താമസിക്കുന്ന മാതാപിതാക്കൾ എന്നിവരുടെ കാര്യത്തിൽ ചില ഇളവുകളുണ്ട്.

ഇതിനിടയിൽ, സന്ദർശനത്തിനു ശേഷം തിരിച്ചുവരുമ്പോൾ ക്വാറന്റൈൻ നിർബന്ധമായ രാജ്യങ്ങളുടെ പട്ടികയിൽ ഗ്രീസിനേയും ചേർത്തുകൊണ്ട് സ്‌കോട്ടലാൻഡ് സർക്കാർ വിജ്ഞാപനം ഇറക്കി. വ്യാഴാഴ്‌ച്ച മുതൽ, ഗ്രീക്ക് സന്ദർശിച്ച് സ്‌കോട്ടലാൻഡിൽ എത്തുന്നവർ 14 ദിവസത്തെ ക്വാറന്റൈനിൽ പോകണം.

കോവിഡ് വ്യാപനം ശക്തമാകുമ്പോഴും പൊതുവേയുള്ള ലോക്ക്ഡൗണിൽ കൂറ്റുതൽ ഇളവുകൾ നൽകുകയാണ് സ്‌കോട്ടലാൻഡ്. തിങ്കളാഴ്‌ച്ച മുതൽ ജിമ്മുകളും ഇൻഡോർ സ്വിമ്മിങ് പൂളുകളും തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഇതേ ദിവസം തന്നെ മാസ്‌കുകളും അണിഞ്ഞ് കുട്ടികൾ സ്‌കൂളുകളിൽ എത്തുകയും ചെയ്തു. പൊതു ഇടങ്ങളിൽ മാസ്‌ക് നിർബന്ധമാണെങ്കിലും, ക്ലാസ്സ് റൂമിനകത്ത് വിദ്യാർത്ഥികൾ മാസ്‌ക് ധരിക്കേണ്ടതില്ല.