ചെന്നൈ: ലോക്ഡൗണിൽ വരുമാനമില്ലാതെ കുടുംബം പട്ടിണിയിലായതോടെ ഏഴു വയസ്സുകാരൻ വിശന്നു മരിച്ചു. ചെന്നൈ തിരുനൻട്രവൂരിൽ താമസിക്കുന്ന സരസ്വതിയുടെ (35) മകൻ സാമുവേലാണ് മരിച്ചത്. മരിച്ച വിവരം പുറത്ത് അറിയിക്കാതെ മകന്റെ മൃതദേഹത്തിന് അമ്മ മൂന്ന് ദിവസം കാവലിരുന്നു. സ്വകാര്യസ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാർത്ഥിയാണ് പട്ടിണി മൂലം മരിച്ചത്.

ബെംഗളൂരുവിൽ ജോലിചെയ്യുന്ന ജീവാനന്തം എന്നയാളെ വിവാഹം ചെയ്തിരുന്ന സരസ്വതി ഏഴുവർഷംമുമ്പ് വിവാഹബന്ധം വേർപ്പെടുത്തി തനിച്ച് താമസിച്ചുവരികയായിരുന്നു. നാട്ടുചികിത്സ നടത്തിയിരുന്ന സരസ്വതിക്ക് ലോക്ഡൗണായതോടെ ജോലിയുണ്ടായിരുന്നില്ല. അതോടെ വരുമാനമില്ലാതെ അമ്മയുംമകനും കഷ്ടത്തിലായി. അടുത്ത് ബന്ധുക്കൾ താമസിക്കുന്നുണ്ടെങ്കിലും സരസ്വതി അവരോട് സഹായം തേടിയുമില്ല. കഴിഞ്ഞദിവസം സരസ്വതിതന്നെ പൊലീസ് കൺട്രോൾ റൂമിൽവിളിച്ച്, തന്റെ മകൻ പട്ടിണികാരണം മൂന്നുദിവസം മുമ്പ് മരിച്ചെന്ന് അറിയിക്കുകയായിരുന്നു.

കൺട്രോൾ റൂമിൽനിന്ന് വിവരംലഭിച്ച തിരുനൻട്രവൂർ പൊലീസ് സ്ഥലത്തെത്തി വീടുതുറന്ന് പരിശോധപ്പോഴാണ് അഴുകിത്തുടങ്ങിയ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രദേശത്താകെ ദുർഗന്ധവും പരന്നിരുന്നു. മകന്റെ മരണവിവരം ആരെയും അറിയിക്കാതിരുന്ന സരസ്വതി ദുർഗന്ധത്തെക്കുറിച്ച് അയൽക്കാർ ചോദിച്ചുതുടങ്ങിയതോടെയാണ് പൊലീസിൽ വിവരമറിയിച്ചത്. മൃതദേഹം പൊലീസ് പോസ്റ്റ്‌മോർട്ടത്തിനയച്ചു. കേസ് രജിസ്റ്റർ ചെയ്തു. സരസ്വതിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് തോന്നുന്നതിനാൽ കൗൺസലിങ് നൽകുമെന്നും കുട്ടിയുടെ മരണത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.