- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മേഗന്റെ സ്വപ്നങ്ങൾ പൂവണിഞ്ഞു; ഹോളിവുഡിലെ സൂപ്പർതാരങ്ങളേക്കാൾ കൂടിയ പ്രതിഫലത്തിൽ നെറ്റ്ഫ്ളിക്സുമായി കരാറിലേർപ്പെട്ടു മേഗനും ഹാരിയും; രാജദമ്പതികൾ നേടിയത് ഇതുവരെ ആർക്കും ലഭിക്കാത്ത പ്രതിഫലം; നെറ്റ്ഫ്ളിക്സ് സീരിയലുകളിൽ നിറയാനായി ബക്കിങ്ഹാം പാലസിൽ നിന്നും പുറത്തുചാടിയ പിള്ളേർ
മുതിർന്ന രാജകുടുംബാംഗങ്ങൾ എന്നനിലയിലുള്ള കടമകളിൽ നിന്നും ഒഴിഞ്ഞ് കൊട്ടാരം വിട്ടിറങ്ങിയ രാജകുമാരനും രാജകുമാരിയും പുതിയ കർമ്മരംഗത്തേക്ക് ഇറങ്ങുകയാണ്. നെറ്റ്ഫ്ളിക്സുമായി 150 മില്ല്യൺ ഡോളറിന്റെ കരാറാണ് ഇവർ ഒപ്പുവച്ചത് എന്ന് ഈ രംഗത്തുള്ളവർ വെളിപ്പെടുത്തുന്നു. ഇനിയും പേരിട്ടിട്ടില്ലാത്ത പ്രൊഡക്ഷൻ കമ്പനിന്യിലൂടെ ഡോക്യൂമെന്ററികളും, ഫീച്ചർ ഫിലിമുകളും, കുട്ടികൾക്കായുള്ള പരിപാടികളും ഒക്കെ നിർമ്മിക്കുകയാണ് ഉദ്ദേശിക്കുന്നത്.
ലോകമാകമാനമുള്ള 190 ദശലക്ഷം നെറ്റ്ഫ്ളിക്സ് സബ്സ്‌ക്രൈബേഴ്സിന് ആവശ്യമായ കൺടന്റുകൾ നൽകാൻ 150 മില്ല്യൺ ഡോളറിന്റെ കരാറാണ് ഒപ്പുവച്ചിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ഒബാമയുമായും നെറ്റ്ഫ്ളിക്സ് ഇത്തരത്തിലുള്ള ഒരു കരാർ ഒപ്പുവച്ചിട്ടുണ്ട്. അറിവ് നേടുവാൻ സഹായിക്കുന്ന പരിപാടികൾക്കായിരിക്കും മുൻഗണന നൽകുക എന്നാണ് ഹാരിയും മേഗനും പറയുന്നത്. കൂടാതെ, ഫാമിലി പരിപാടികളും ഉണ്ടായിരിക്കും.
കൊട്ടാരം വിട്ടിറങ്ങിയതു മുതൽ തന്നെ ഇരുവരും ഹോളിവുഡിൽ കാലുറപ്പിക്കാൻ ശ്രമിക്കുന്നു എന്നൊരു വാർത്ത പരന്നിരുന്നു. കൊട്ടാരം വിട്ടിറങ്ങിയശേഷം മേഗന്റെ ആദ്യത്തെ ഷോ തന്നെ ഡിസ്നി പ്ലസ്സിൽ അവതാരികയായിട്ടായിരുന്നു. ഇതിനെ തുടർന്ന് നെറ്റ്ഫ്ളിക്സിന്റെ ഒരു ഡോക്യൂമെന്ററിയിൽ ഹാരിയും പ്രത്യക്ഷപ്പെട്ടിരുന്നു. അതിനു ശേഷമായിരുന്നു പ്രാസംഗികർ എന്നനിലയിലേക്ക് തിരിയുവാൻ അവർ തീരുമാനിച്ചത്.
രണ്ടുവർഷം മുൻപ് മറ്റൊരു സെലിബ്രിറ്റി ദമ്പതികളായ ബാരക് ഒബാമയും മിച്ചൽ ഒബാമയുമായും നെറ്റ്ഫ്ളിക്സ് ഇത്തരത്തിലുള്ള ഒരു കരാറിൽ ഏർപ്പെട്ടിരുന്നു. ഒബാമ ഹാരിക്കും മേഗനും ആവശ്യമായ ഉപദേശങ്ങൾ നൽകുന്നു എന്ന വാർത്ത ഒബാമ തന്നെ നേരത്തേ നിഷേധിച്ചിരുന്നു. എന്നാൽ തങ്ങളുടെ ബ്രാൻഡ് എങ്ങനെ പണമാക്കി മാറ്റാം എന്നതിനെ കുറിച്ച് മുൻ അമേരിക്കൻ പ്രസിഡണ്ടും ഭാര്യയും ഹാരിക്കും മേഗനും ഉപദേശം നൽകിയിട്ടുണ്ടാകാം എന്നാണ് പൊതുവേയുള്ള സംസാരം.
സർഗാത്മകമായതും ലോകത്തിനു തന്നെ പ്രചോദനമാകുന്നതുമായ ഉള്ളടക്കങ്ങളും, സംഭവകഥകളും ഒക്കെയാണ് ഒബാമ ഇഷ്ടപ്പെടുന്നതെങ്കിൽ, കൂടുതൽ അറിവ് പ്രദാനം ചെയ്യുന്ന പരിപാടികളുമായി മുന്നോട്ടുപോകാനാണ് ഹാരിയും മേഗനും തീരുമാനിച്ചിരിക്കുന്നത്. കൂടാതെ കുടുംബ പശ്ചാത്തലത്തിലുള്ള പരിപാടികളും ഇവർ തയ്യാറാക്കും. ഇനിയും പേരിട്ടിട്ടില്ലാത്ത പ്രൊഡക്ഷൻ കമ്പനിയുടെ പേരിലായിരിക്കും നിർമ്മാണം.
ആമസോണും ഫേസ്‌ബുക്കും ഹാരിയും മേഗനുമൊന്നിച്ച പ്രവർത്തിക്കാൻ നേരത്തേ താത്പര്യം പ്രകടിപ്പിച്ചിരുന്നു. പക്ഷെ നെറ്റ്ഫ്ളിക്സിനാണ് അവരെ കൂടെ നിർത്താനായത്. നേരത്തേ, ഇനി അഭിനയ ജീവിതത്തിലേക്ക് മടങ്ങാൻ ഉദ്ദേശമില്ലെന്ന് വ്യക്തമാക്കിയ മേഗൻ പക്ഷെ സ്വന്തം പ്രൊഡക്ഷൻ കമ്പനിയുടെ ഡോക്യൂമെന്ററികളിൽ പ്രത്യക്ഷപ്പെടും. അതുപോലെ ഹാരിയും ഡോക്യൂമെന്ററികളിൽ പ്രത്യക്ഷപ്പെടും.
പ്രൊഡക്ഷൻ മേഖലയിൽ തീരെ പരിചയമില്ലാത്ത ഇവർക്ക് ഇത്ര വലിയ ഡീൽ എങ്ങനെ ലഭിച്ചു എന്ന് പലരും അതിശയപ്പെടുന്നുണ്ട്. എന്നാൽ, ഒബാമയുമായി ഉണ്ടാക്കിയ കരാർ പോലെ ഇതിലും കമ്പനി ഉന്നം വയ്ക്കുന്നത് റേറ്റിങ് അല്ല, മറിച്ച് സ്റ്റാർ പവർ മാത്രമാണ്. മത്സരം മുറുകിയ രംഗത്ത്, അറിയപ്പെടുന്നവരെ കൂടെ നിർത്തി ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമായാണ് ഈ രംഗത്തുള്ളവർ ഈ നീക്കത്തെ കാണുന്നത്.