സംഭവിക്കുന്നതെല്ലാം നല്ലതിന് എന്ന ഗീതാവചനത്തിന് ജീവിക്കുന്ന തെളിവായി മാറുകയാണ് ആമസോൺ ഉടമ ജെഫ് ബെസോസിന്റെ മുൻ ഭാര്യ മാക്കെൻസീ സ്‌കോട്ട്. വിവാഹമോചനം എന്നത് ഒരിക്കലും ജീവിതത്തിൽ സംഭവിക്കുന്ന നല്ല കാര്യമായി ആരും കാണാറില്ല. എന്നാൽ കഴിഞ്ഞ ജൂലായിൽ ജെഫിൽ നിന്നും വിവാഹമോചനം നേടുമ്പോൾ നഷ്ടപരിഹാരമായി ലഭിച്ച, ആമസോണിന്റെ നാല് ശതമാനം ഓഹരി ഇന്ന് അവരെ എത്തിച്ചിരിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന എന്ന നിലയിലേക്കാണ്.

കൊറോണക്കാലത്ത് ലോകം മുഴുവൻ അടച്ചുപൂട്ടി വീടുകളിലൊതുങ്ങിയപ്പോൾ ആമസോണിനതുകൊയ്ത്തുകാലമായിരുന്നു. അവസരം നന്നായി മുതലാക്കിയ ആമസോണിന്റെ ഓഹരി മൂല്യവും കുതിച്ചുയർന്നു. ഇത് സ്‌കോട്ടിന്റെ ബാങ്ക് ബാലൻസിൽ കൂട്ടിച്ചേർത്തത് 30.3 ബില്ല്യൺ ഡോളറായിരുന്നു. ഇതോടെ അവരുടെ മൊത്തം സമ്പാദ്യം 67.4 ബില്ല്യൺ ഡോളറായി ഉയർന്നു. തെല്ലും വിയർപ്പൊഴുക്കാതെയാണ് ഈ നേട്ടമെന്നതോർക്കണം.

2020-ൽ മാത്രം ആമസോണിന്റെ ഓഹരിമൂല്യം 2000 ഡോളറിൽ നിന്നും 3500 ഡോളറായി ഉയർന്നു. കോവിഡ് കാലം സാധാരണക്കാർക്ക് നരകം തീർത്തപ്പോൾ അമേരിക്കയിലെ ലക്ഷാധിപതികളുടെ സ്വത്ത് വർദ്ധിക്കുകയായിരുന്നു. ധനികരുടെ വരുമാനത്തിൽ കോവിഡ് കാലത്ത് 800 ബില്ല്യൺ ഡോളറിന്റെ വർദ്ധനവ് ഉണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വർദ്ധനയാണ് സാമൂഹ്യ പ്രവർത്തകയും നോവലിസ്റ്റുമായ സ്‌കോട്ടിനെ ലോകത്തിലെ ഏറ്റവും ധനികയായ സ്ത്രീ എന്ന നിലയിലെത്തിച്ചത്. മാത്രമല്ല, ലോകത്തെ സമ്പന്നരായ വ്യക്തികളിൽ 12-)0 സ്ഥാനവും ഇവർക്കുണ്ട്.

തങ്ങളുടെ സ്വത്തിന്റെ ഒരു ഭാഗം ചാരിറ്റിയായി നൽകുന്ന അമേരിക്കൻ ധനികരുടെ പാത പിന്തുടർന്ന് സ്‌കോട്ട് 1.7 ബില്ല്യൺ ഡോളർ വിവിധ സന്നദ്ധ സംഘടനകൾക്ക് നൽകുകയുണ്ടായി. വിവാഹ മോചന സമത്തെ നഷ്ടപരിഹാരമായി ലഭിച്ച 19.7 മില്ല്യൺ വിലവരുന്ന ആമസോൺ ഓഹരികളാണ് സ്‌കോട്ടിന്റെ സമ്പാദ്യത്തിന്റെ മുഖ്യഭാഗം. വിവാഹ മോചനം കഴിഞ്ഞയുടൻ സ്‌കോട്ട് ലോകത്തിലെ മൂന്നാമത്തെ ധനികയായ സ്ത്രീയായി മാറിയിരുന്നു.

മുൻ ന്യുസ് ആങ്കർ ലോറൻ സാൻഷുമയി ജെഫിന് ബന്ധമുണ്ടെന്ന് നാഷണൽ എൻക്വയറർ വെളിപ്പെടുത്തിയതിനെ തുടർന്നായിരുന്നു 25 വർഷത്തെ വിവാഹജീവിതത്തിന് അവസാനം കുറിക്കാൻ സ്‌കോട്ട് തീരുമാനിച്ചത്. ഇവർക്ക് നാല് കുട്ടികളുമുണ്ട്. ജെഫ് ഇപ്പോഴും 205 ബില്ല്യൺ ആസ്തിയോടെ ലോകത്തിലെ ഏറ്റവും വലിയ ധനികനായി തുടരുന്നു. 126 ബില്ല്യൺ ആസ്തിയുള്ള ബിൽ ഗേയ്റ്റ്സാണ് രണ്ടാമത്തെ ധനികൻ. 112 ബില്ല്യൺ ഡോളർ ആസ്തിയുള്ള മാർക്ക് സുക്കർബർഗ്, 110 ബില്ല്യൺ ഡോളറിന്റെ ആസ്തിയുള്ള എലോൺ മസ്‌ക് എന്നിവർ പുറകെയുണ്ട്.

കോവിഡ് കാലം അമേരിക്കയിലെ ധനികർക്ക് നല്ലകാലമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അമേരിക്കൻസ് ഫോർ ടാക്സ് ഫെയർനെസ്സ് എന്ന സംഘടന പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം മാർച്ച് മാസത്തിനു ശേഷം അമേരിക്കയിലെ കോടീശ്വരന്മാരുടെ മൊത്തം സ്വത്തിൽ 25 ശതമാനത്തിന്റെ വർദ്ധനയാണ് ഉണ്ടായിട്ടുള്ളത്. അതേസമയം തൊഴിൽ നഷ്ടവും വരുമാന നഷ്ടവും സാധാരണക്കാരായ അമേരിക്കക്കാരെ തെരുവുകളിൽ എത്തിച്ചിരിക്കുകയാണ്.