പ്രശസ്ത ഫ്രഞ്ച് തത്വചിന്തകനായ ആൽബേർ കാമ്യൂവിന്റെ പ്രശസ്തമായ ഒരു വാചകമുണ്ട്, '' നിരവധി നക്ഷത്രങ്ങൾ വെട്ടിത്തിളങ്ങുന്ന സുന്ദരമായ ആകാശത്തിനു കീഴിൽ മനുഷ്യൻ എന്ന വൃത്തികെട്ട ജീവിയെ എന്തിനു സൃഷ്ടിച്ചു?'' എന്ന വാചകം. അനുദിനം മനുഷ്യത്വം ഇല്ലാതെയായിക്കൊണ്ടിരിക്കുന്ന വർത്തമാനകാല ലോകത്തിൽ മനസ്സിൽ ഒരല്പം നന്മയെങ്കിലും അവശേഷിച്ചിട്ടുള്ളവർ നിസ്സഹായതയോടെ ആ ചോദ്യം ആവർത്തിക്കുകയാണ്. ശാസ്ത്രവും സാങ്കേതികവിദ്യയും ലോകം ഭരിക്കുന്ന ലോകത്ത് മനുഷ്യത്വം ഒരു കേട്ടുകേൾവി മാത്രം ആയിത്തീരുന്ന കാലം വിദൂരമല്ല. അത് തെളിയിക്കുന്ന മറ്റൊരു സംഭവം ഇതാ.

തെക്കൻ ബ്രസീലിലെ സാന്റാ കറ്റാറിന എന്ന സംസ്ഥാനത്തെ കനേലിൻഹ പട്ടണത്തിൽ നിന്നാണ് ലോകത്തെ ഞെട്ടിച്ച ഈ കഥ പുറത്തുവന്നത്. ഒമ്പത് മാസം ഗർഭിണിയായ ഒരു സ്ത്രീയെ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടു. അവരുടെ വയറു കീറി കുട്ടിയെ പുറത്തെടുത്ത നിലയിലായിരുന്നു കാണപ്പെട്ടത്. തുടര്ന്നു നടന്ന അന്വേഷണത്തിൽ വെളിപ്പെട്ടത് ഞെട്ടിക്കുന്ന കാര്യങ്ങളായിരുന്നു.

മോഷണ ശ്രമത്തിനിടയിലായിരുന്നു 24 കാരിയായ ഫ്ളാവിയാ ഗോഡിഞ്ഞോ കൊല്ലപ്പെട്ടത്. പണമോ ആഭരണമോ ഒന്നുമല്ല മോഷ്ടിക്കാൻ ശ്രമിച്ചത്. മറിച്ച്, ഫ്ളാവിയയുടെ വയറ്റിൽ വളരുന്ന കുഞ്ഞിനെയായിരുന്നു. ഇതിന് ശ്രമിച്ചത് ഫ്ളാവിയയുടെ ബാല്യകാല സുഹൃത്തും അവരുടെ ഭർത്താവും കൂടി. ഒരു ബേബി ഷോവറിലേക്ക് (ഗർഭിണിയായ സ്ത്രീകൾക്കായി സുഹൃത്തുക്കൾ ഒരുക്കുന്ന പാർട്ടി) എന്നപറഞ്ഞാണ് ഫ്ളേവിയയുടെ സുഹൃത്ത് അവരെ കൊലപാതകം നടന്ന സ്ഥലത്ത് എത്തിച്ചത്. തുടർന്ന് സുഹൃത്തിന്റെ ഭർത്താവ് അവരെ ഒരു ഇഷ്ടിക ഉപയോഗിച്ച് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഈ വർഷം ആദ്യം ഗർഭം അലസിപ്പോയതിനെ തുടർന്ന് ഒരു കുട്ടിയേ മോഷ്ടിക്കണമെന്ന ചിന്തയിലായിരുന്നു ഫ്ളേവിയയുടെ സുഹൃത്ത് എന്ന് പൊലീസ് പറയുന്നു. ഇഷ്ടിക കൊണ്ടുള്ള മുറിവിനു പുറമെ വയറിൽ ആഴത്തിലുള്ള മുറിവും ഉണ്ട്. ഏതോ മൂർഛയുള്ള ആയുധം കൊണ്ടുണ്ടാക്കിയ മുറിവാണിത്. വെള്ളിയാഴ്‌ച്ച രാവിലെ 9 മണിയോടെ ഫ്ളേവിയയുടെ ഭർത്താവും അമ്മയുമാണ് ആദ്യമായി മൃതദേഹം കണ്ടത്. പ്രദേശത്തെ ആളൊഴിഞ്ഞ ഒരു കളത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം. കുട്ടിയെ കാണ്മാനില്ലായിരുന്നു.

പിന്നീട് ഈ കുട്ടിയെ പ്രതികൾ ഒരു ആശുപത്രിയിലേക്ക് കൊണ്ടുപോയതായി പൊലീസ് കണ്ടെത്തി. തുടർന്നായിരുന്നു ഇരുവരേയും അറസ്റ്റ് ചെയ്തത്. ഈ കുട്ടി ഇപ്പോൾ ഫ്ളോറിയാനോപൊലീസിലെ ഒരു ചിൽഡ്രൻസ് ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മയുടെ ഗർഭപാത്രത്തിൽ നിന്നും വലിച്ചു പുറത്തെടുത്തപ്പോൾ സംഭവിച്ച മുറിവുകൾക്ക് ചികിത്സ നടത്തിക്കൊണ്ടിരിക്കുന്നു. അതല്ലാതെ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഈ നവജാതശിശുവിനില്ലെന്ന് ആശുപത്രി അധികൃതർ പറയുന്നു.

ഫ്ളേവിയ ജീവനോടെ ഇരിക്കുമ്പോഴാണോ മരിച്ചതിനു ശേഷമാണോ കുട്ടിയെ പുറത്തെടുത്തത് എന്നറിയാൻ ഓട്ടോപ്സി ഫലം വരണം. ബോധനശാസ്ത്രത്തിൽ ബിരുദമെടുത്തശേഷം അദ്ധ്യാപികയായി ജോലിചെയ്യുന്ന ഫ്ളേവിയയുടെ മൃതദേഹം കനേലിൻഹയിലെ മുൻസിപ്പൽ സെമിത്തേരിയിൽ അടക്കം ചെയ്തു.