ലോകത്ത് കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. കോവിഡ് നെഗറ്റീവായിട്ടും ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനാൽ ഇതിനെക്കുറിച്ച് ലോക ആരോഗ്യ സംഘടനയും പഠനംതുടങ്ങി. പല രാജ്യങ്ങളിലും പോസ്റ്റ് കോവിഡ് ക്‌ളിനിക്കുകൾ തുടങ്ങിക്കഴിഞ്ഞു. എന്നാൽ പല ലക്ഷണങ്ങളും പേടിയുടെയും ആശങ്കയുടെയും പുറത്തുള്ളതാണെന്ന് ഡോക്ടർമാർ പറയുന്നു.

ഇന്ത്യയിൽ തമിഴ്‌നാട്ടിൽ സർക്കാർ പോസ്റ്റ് കോവിഡ് ക്ലിനിക്ക് ആരംഭിച്ചു. മഹാരാഷ്ട്രയിലും ഇത്തരം കേസുകൾ കൂടിയ സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളിൽത്തന്നെ തുടർപരിശോധന വിഭാഗം തുടങ്ങാനുള്ള നീക്കത്തിലാണ്. കേരളത്തിൽ കോവിഡ് മുക്തരിൽ 14 ദിവസം കഴിയുമ്പോൾ തുടർ പരിശോധന നടത്തുന്നുണ്ട്. തുടർന്ന് മരുന്നുകൾ കഴിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ അതിനുള്ള നിർദേശങ്ങൾ നൽകും. വയോജനങ്ങളാണെങ്കിൽ ഇ.സി.ജി., ശ്വാസകോശത്തിന്റെ ശേഷി, എക്കോ, മറ്റ് പ്രധാന അവയവങ്ങളുടെ പരിശോധന തുടങ്ങിയവ നടത്താൻ നിർദേശിക്കാറുണ്ട്.

ആശങ്കകൾ പരിഹരിക്കണം
പോസ്റ്റ് കോവിഡ് സിൻഡ്രത്തിന്റെ യഥാർഥ തീവ്രത മനസ്സിലാക്കണമെങ്കിൽ കുറച്ചുകൂടി കഴിയണം. ശാസ്ത്രീയമായി പഠനങ്ങൾ നടന്നുവരുന്നതേയുള്ളൂ. ആളുകൾ ഫോണിൽ വിളിച്ച് പരാതിപ്പെടുന്നത് അതിഭയങ്കര ക്ഷീണവും മന്ദതയും ഉന്മേഷക്കുറവും ആണെന്നാണ്. രോഗമുക്തിനേടി മാസങ്ങൾക്കു ശേഷവും ഈ പ്രശ്നം അനുഭവിക്കുന്നവരുണ്ട്. അത്തരം പ്രശ്നങ്ങളെ അർഹിക്കുന്ന പ്രാധാന്യത്തോടെത്തന്നെ കാണണം.

- ഡോ. പി.എസ്. ഷാജഹാൻ, ശ്വാസകോശരോഗ വിദഗ്ധൻ, ആലപ്പുഴ ഗവ. മെഡി. കോളേജ്.