- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡും വിമാനയാത്രയും: ബോധവത്കരണം നടത്തി
ദുബായ്: കോവിഡ് പ്രതിസന്ധി കാലത്തു വിമാനയാത്ര ഏറെ ദുഷ്‌കരമായിതീർന്നിട്ടുണ്ടെങ്കിലും നിഷ്‌കർഷിക്കപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങളോടെയും, മുന്കരുതലുകളോടെയും യാത്രക്കൊരുങ്ങിയാൽ യാതൊരു വിധ ഭയാശങ്കകൾക്കും കാര്യമില്ലെന്നു ദുബായ് എയർ ഇന്ത്യ ഓഫീസിലെ കാർഗോ വിഭാഗം മേധാവി അബ്ദുൽ കരീം വ്യക്തമാക്കി.
മലബാർ പ്രവാസി 'കോവിഡും വിമാനയാത്ര പ്രതിസന്ധിയും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളോടെ ക്ഷണിക്കപ്പെട്ട സന്നദ്ധ പ്രവർത്തകർക്കായി സംഘടിപ്പിച്ചതായിരുന്നു ബോധവത്കരണം.
വിമാനയാത്രക്കാർ അവരുടെയും, സഹയാത്രികരുടെയും സുരക്ഷ കണക്കിലെടുത്തു കോവിഡ് ടെസ്റ്റിന് വിധേയമായി നെഗറ്റീവ് സാക്ഷ്യപത്രം ഉറപ്പുവരുത്തുന്നത് വിമാനയാത്ര വഴിയുള്ള വ്യാപനം തടയാൻ ഏറെ ഗുണകരമാണ്. ലഗേജുകളും സാമഗ്രികളും കുറയ്ക്കുന്നതും, അവ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതും നല്ലതാണ്. പി ഇ പി കിറ്റുകളാണ് ഏറെ അഭികാമ്യമെങ്കിലും, മാസ്‌കുകളും, ഗ്ലോസുകളും യാത്രയിലുടനീളം ഉപയോഗിക്കധരിച്ചിരിക്കണം. വിമാനത്താവളങ്ങളിലും, വിമാനത്തിനകത്തു തന്നെയും സ്വയമേവ സാമൂഹിക അകലം പാലിക്കാൻ ശ്രദ്ധ വേണം. അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ, പ്രായമായവരുടെയും, കുട്ടികളുടെയും യാത്ര കഴിയാവുന്നതും ഒഴിവാക്കുന്നതും നല്ലതാണ്.
രോഗവ്യാപനം പ്രതിസന്ധിയുണ്ടാക്കിയ സമയത്തും മരണപ്പെട്ട അനേകം പേരുടെ മൃതദേഹങ്ങൾ എയർ ഇന്ത്യ വഴി നാട്ടിലെത്തിക്കാൻ സാധിച്ചത് അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. ജോലി നഷ്ടപ്പെട്ടു ജീവിത മാർഗം മുട്ടിയ അനേകം ആൾക്കാരെയും നാട്ടിലെത്തിക്കാൻ സാധിച്ചു. ഇതിനൊക്കെയും മലയാളി സന്നദ്ധ പ്രവർത്തകരുടെയും, സംഘടനകളുടെയും ശ്രമങ്ങൾ ഏറെ ശ്ലാഘനീയമാണ്.
അതോടൊപ്പം തന്നെ ഫ്‌ളൈറ്റ് ടേക്കോഫിന്റെയും ലാൻഡിങ്ങിന്റെയും സമയത്തു, അവ പൂര്ണമാകും വരെ സീറ്റ് ബെൽട് ധരിക്കുക എന്നത് എല്ലാ വിമാനയാത്രക്കാരും നിർബന്ധമായും പാലിച്ചിരിക്കണം. ഫ്‌ളൈറ്റ് ലാൻഡ് ചെയ്തു നിൽക്കുന്നത് വരെ ഹാൻഡ് ബാഗേജുകൾക്കായി വ്യഗ്രത കൂട്ടുന്നതും ഒഴിവാക്കണമെന്നും, കരിപ്പൂർ വിമാന അപകടം പരാമർശിച്ചു കൊണ്ട് അബ്ദുൽ കരീം സൂചിപ്പിച്ചു. ഇത്തരം കാര്യങ്ങളിലുള്ള അശ്രദ്ധ വിമാനാപകടങ്ങളിലെ വ്യാപ്തി കൂട്ടുന്നതു എല്ലാ യാത്രക്കാരും ഓർത്തിരിക്കണം.
മലബാർ പ്രവാസി പ്രസിഡണ്ട് ജമീൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. ദുബായ് കെ എം സി സി പ്രസിഡണ്ട് ഇബ്രാഹിം എളേറ്റിൽ അബ്ദുൽ കരീമിന് ഉപഹാരം നൽകി. കരിപ്പൂർ വിമാനാപകടത്തിൽ മരണപ്പെട്ടവർക്ക് ആദരം അർപ്പിച്ചു സുൾഫിക്കർ അനുശോചന പ്രമേയം അവതരിപ്പിച്ചു,
മോഹൻ എസ് വെങ്കിട്ട്, അറ്റ്‌ലസ് രാമചന്ദ്രൻ, ബഷീർ തിക്കോടി, അഡ്വ.മുഹമ്മദ് സാജിദ്, അഡ്വ.ഇബ്രാഹിം ഖലീൽ, സാജിദ് വള്ളിയത്, നാസർ ബി.എ സംസാരിച്ചു.
രാജൻ കൊളാവിപാലം സ്വാഗതവും മനയിൽ മുഹമ്മദ് അലി നന്ദിയും പറഞ്ഞു.