ന്ത്യയിൽ ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത് 83,883 പുതിയ കോവിഡ് കേസുകൾ. ഇതോടെ ബ്രസീലിനെ കടത്തിവെട്ടി, കൊറോണ രോഗികളുടെ എണ്ണത്തിന്റെ കാര്യത്തിൽ ലോകത്തിൽ രണ്ടാംസ്ഥാനത്തേക്ക് ഇന്ത്യ കുതിക്കുകയാണ്. രണ്ടാഴ്‌ച്ച കൊണ്ട് ഒരു ദശലക്ഷം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലും പല സംസ്ഥാനങ്ങളും ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകുകയാണ്. സാമ്പത്തിക സ്ഥിതി തകരാതിരിക്കാനാണ് ഇപ്പോൾ സർക്കാരുകൾ കൂടുതൽ ഊന്നൽ നൽകുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 1,043 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഇന്ത്യയിലെ മൊത്തം കോവിഡ് മരണങ്ങൾ 68,569 ആയി ഉയർന്നിട്ടുണ്ട്. ജൂലായ് 17 നാണ് ഇന്ത്യയിൽ 10 ലക്ഷം കോവിഡ് രോഗികൾ ഉണ്ടായത്. ഏപ്രിലിൽ അമേരിക്കയും ജൂണിൽ ബ്രസീലും ഈ നാഴികക്കല്ല് പിന്നിട്ടിരുന്നു. എന്നാൽ, അതുകഴിഞ്ഞ് മൂന്നാഴ്‌ച്ചക്കുള്ളിലാണ് ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 20 ലക്ഷത്തിൽ എത്തിയത്. 16 ദിവസം കൊണ്ട് 30 ലക്ഷത്തിൽ എത്തുകയും ചെയ്തു.

മഹാരാഷ്ട്രയാണ് ഏറ്റവും അധികം ദുരിതമനുഭവിക്കുന്ന സംസ്ഥാനം. 8,25,000 കേസുകളാണ് ഇവിടെ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതുപോലെ മരണസംഖ്യയുടെ കാര്യത്തിൽ ബ്രിട്ടനേയുംമെക്സിക്കോയേയും പിന്തള്ളി ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയത് കഴിഞ്ഞയാഴ്‌ച്ചയാണ്. എന്നാലും 1.7 ശതമാനം എന്ന ഇന്ത്യയുടെ മരണനിരക്ക് അമേരിക്കയേക്കാളൂം ബ്രസീലിനേക്കാളും പല യൂറോപ്യൻ രാഷ്ട്രങ്ങളേക്കാളും വളരെ കുറവാണ്.

ഇന്ത്യയുടെ ഉൾപ്രദേശങ്ങളിലും തീരദേശങ്ങളിലും രോഗവ്യാപനം ശക്തിപ്രാപിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ ദുർബലമായ ഈ മേഖലയിൽ രോഗം വ്യാപിക്കുന്നത് അതിയായ ആശങ്കയുളവാക്കുന്നുണ്ട്. താരതമ്യേന സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള സംസ്ഥാനങ്ങളിൽ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ കേന്ദ്ര സർക്കാർ പ്രത്യേക സംഘത്തെ നിയമിച്ചിട്ടിട്ടുണ്ട്. എന്നിരുന്നാലും, ഏപ്രിൽ മുതൽ ജൂൺ വരെയുള്ള രണ്ടാം പാദത്തിൽ ജി ഡി പി 23.9 ശതമാനം കുറഞ്ഞു എന്ന പ്രഖ്യാപനത്തിനു ശേഷം സാമ്പത്തിക രംഗത്ത് മാറ്റങ്ങൾ കൊണ്ടുവരാനാണ് ഇപ്പോൾ അധികൃതർ കൂടുതൽ ശ്രദ്ധിക്കുന്നത്.

കഴിഞ്ഞ 24 വർഷങ്ങളിൽ കണ്ടതിൽ വച്ച് ഏറ്റവും ഭീകരമായ സാമ്പത്തിക തകർച്ചയാണ് ഇപ്പോൾ രാഷ്ട്രം അഭിമുഖീകരിക്കുന്നത്. തൊഴിലില്ലായ്മ നിലനിൽക്കുമ്പോൾ തന്നെ ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിലും നഷ്ടപ്പെടുന്നു. ഇതുതന്നെയാണ് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ കൊണ്ടുവരാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നതും. വൻ നഗരങ്ങളിലെ മെട്രോ സർവ്വീസുകൾ പുനരാരംഭിക്കാൻ നിർദ്ദേശം നൽകിക്കഴിഞ്ഞു. അതേസമയം പൊതുഗതാഗത സംവിധാനം ഭാഗികമായി തുറന്നുകൊടുക്കുകയാണ് തമിഴ്‌നാട് സർക്കാർ.

വരുന്ന ചൊവ്വാഴ്‌ച്ച മുതൽ ബാംഗ്ലൂരിലെ ആയിരക്കണക്കിന് പബ്ബുകൾ തുറന്നു പ്രവർത്തിക്കും.എന്നാൽ, ഉൾക്കൊള്ളാവുന്നതിന്റെ പകുതി ആളുകളെ മാത്രമെ പ്രവേശിപ്പിക്കുകയുള്ളു. വിദ്യാർത്ഥികളുടെ എതിർപ്പ് വകവയ്ക്കാതെ ചൊവ്വാഴ്‌ച്ച ഇന്ത്യയിൽ മത്സരപരീക്ഷകളും നടന്നു. നേരത്തേ രണ്ടുപ്രാവശ്യം നീട്ടിവച്ചതിനു ശേഷമാണ് ഇപ്പോൾ പരീക്ഷൾ നടന്നത്.

കോവിഡ് പരിശോധനകളുടെ എണ്ണവും ഇന്ത്യ വർദ്ധിപ്പിച്ചിട്ടുണ്ട്. പ്രതിദിനം 1 ലക്ഷത്തോളം പരിശോധനകൾ ഇപ്പോൾ നടക്കുന്നുണ്ട്. മാത്രമല്ല രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലും വർദ്ധനയുണ്ട്.