2015 ലാണ് സംഭവം നടക്കുന്നത്. മാലിദ്വീപിലെ ഒരു ചെറിയ ദ്വീപായ വെലാ ദ്വീപ് 50 മില്ല്യൺ ഡോളറിന് വാടകയ്ക്ക് എടുത്തിരിക്കുന്നത്, ലോകത്തിൽ അന്നുവരെ ആരും നടത്താത്ത ഒരു പാർട്ടി നടത്തുന്നതിനാണ്. അതിൽ പങ്കെടുക്കാൻ വന്നവരൊക്കെ തന്നെ തങ്ങളുടെ കാര്യങ്ങൾ നോക്കുവാൻ വേലക്കാരേയും കൂടെ കൊണ്ടുവന്നിട്ടുണ്ട്. കാരണം, ഒരു മാസത്തേക്കാണ് പാർട്ടി നടക്കുന്നത്. ലോകത്തിന്റെ പല ഭാഗത്തുനിന്നും കൊണ്ടുവന്ന ഡി ജെ മാർ സംഗീതത്താൽ ഉത്സവാന്തരീക്ഷം തീർക്കുമ്പോൾ, മാദകത്തിടമ്പുകൾ അർദ്ധനഗ്‌നകളായി ആടിത്തിമിർക്കുന്നു. സിരകളിൽ ലഹരി പടർത്താൻ വിലകൂടിയ മദ്യവും.

അർദ്ധരാത്രിയും കഴിഞ്ഞ് നീളുന്ന പരിപാടി കഴിഞ്ഞാൽ അതിഥികൾ തങ്ങൾക്കായി നീക്കിവച്ച വില്ലകളിലേക്ക് മടങ്ങും, പിറ്റേന്ന് ഉച്ചതിരിഞ്ഞ് വീണ്ടും കൂടാൻ. റിസോർട്ടിലെ ജീവനക്കാർക്ക്, ഈ പ്രമുഖ അതിഥികൾ ഉള്ളപ്പോൾ ഫോൺ ഉപയോഗിക്കുവാനുള്ള അനുവാദമില്ല. ഓരോരുത്തർക്കും ടിപ്പായി കൊടുത്തത്, അവരുടെ ഒരു വർഷത്തെ ശമ്പളത്തിന്റെ പകുതി തുക. നിർഭാഗ്യകരമെന്നു പറയട്ടെ, ഒരാഴ്‌ച്ച കഴിഞ്ഞപ്പോഴേക്കും ഈ പാർട്ടി നിർത്തി എല്ലാവർക്കും മടങ്ങേണ്ടതായി വന്നു, കാരണം അതീവ രഹസ്യമാക്കി വച്ചിരുന്ന പാർട്ടിയുടെ വിവരം ചോര്ന്നു.

രാജ്യത്തിന്റെ സൈനികർ യമനിൽ ജീവൻ മരണപോരാട്ടം നടത്തുന്ന സമയത്തായിരുന്നു, രാജ്യത്തിന്റെ പ്രധാനമന്ത്രി സുഹൃത്തുക്കളുമായി കുടിച്ചുല്ലസിക്കാൻ എത്തിയത്. ഈ വിവരം ചോർന്നപ്പോൾ എല്ലാം നിർത്തി മടങ്ങേണ്ടതായി വന്നു. ഈ പ്രതിരോധ മന്ത്രിയാണ് ഇന്ന് സൗദിയിലെ കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ എന്ന എം ബി എസ്.എം ബി എസ്സിന്റെ വൈരുദ്ധ്യമാർന്ന മുഖങ്ങൾ തുറന്നു കാട്ടുകയാണ് ബ്രാഡ്ലി ഹോപ്പ്, ജസ്റ്റിൻ ഷെക്ക് എന്നീ രണ്ട് പത്രപ്രവർത്തകർ ചേർന്നെഴുതിയ ബ്ലഡ് ആൻഡ് ഓയിൽ; മുഹമ്മദ് ബിൻ സൽമാന്റെ, ലോകാധികാരത്തിനായുള്ള ഒടുങ്ങാത്ത ആഗ്രഹം എന്ന പുസ്തകം.

ഒരു തികഞ്ഞ കപട നാട്യക്കാരനായിട്ടാണ് പുസ്തകത്തിൽ എം ബി എസ്സിനെ വർണ്ണിച്ചിരിക്കുന്നത്. രാജകുടുംബാംഗങ്ങളും , രാജ്യത്തെ പല ഉന്നതരും നടത്തിവന്നിരുന്ന അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തുന്നവനായിട്ടാണ് എം ബി എസ് വാഴ്‌ത്തപ്പെടുന്നത്. പല പ്രമുഖരേയും അഴിമതിയുടെ പേരിൽ റിയാദിലെ ഒരു ഹോട്ടലിൽ തടവിലാക്കിയിരിക്കുകയുമാണ്. എന്നാൽ, ഇത്രമാത്രം ധൂർത്തടിച്ചു കളയാനുള്ള പണം എം ബി എസ് സമ്പാദിച്ചത് എങ്ങനെയെന്ന ചോദ്യം പുസ്തകത്തിലുയർത്തുന്നു.

മാലിദ്വീപിലെ പാർട്ടി അതിന്റെ ഒരു ഭാഗം മാത്രമാണ് ബിൽ ഗേയ്റ്റ്സ് ഒരാഴ്‌ച്ചത്തേക്ക് 5 മില്ല്യൺ ഡോളറിന് വാടകയ്ക്ക് എടുത്തിരുന്ന ഒരു ആഡംബര നൗക എം ബി എസ് വാങ്ങിയത് 429 മില്ല്യൺ ഡോളറിനാണ്. ഇതിന്റെ യഥാർത്ഥ വിലയുടെ ഇരട്ടിവരും ഈ നൽകിയ തുക. എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ ഈ നൗകയിലാണ് പല ലോക നേതാക്കൾക്കും എം ബി എസ് വിരുന്നൊരുക്കിയത്.

അതുകൊണ്ടു തീർന്നില്ല അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തുന്ന എം ബി എസ്സിന്റെ ധൂർത്ത്.ഫ്രാൻസിലെ വെഴ്സൈല്ലെസിൽ പരമ്പരാഗത ഫ്രഞ്ച് മാതൃകയിലുള്ള കൂറ്റൻ ബംഗ്ലാവ് സ്വന്തമാക്കിയത് 300 മില്ല്യൺ ഡോളറിനാണ്. 17-)0 നൂറ്റാണ്ടിലെ ശിൽപ മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന ഈ കെട്ടിടത്തെയാണ് ഫോർബ്സ് മാസിക ലോകത്തിലെ ഏറ്റവും ചെലവേറിയ വീടായി തെരഞ്ഞെടുത്തത്. പ്രശസ്ത ടി വി താരം കിം കർദാഷിയൻ തന്റെ വിവാഹവേദിയായി ഈ വീട് ആലോചിക്കുകയും ചെയ്തിരുന്നുവത്രെ! ഇതിനു പുറമേയാണ് പാരിസിനടുത്ത് 620 ഏക്കർ എസ്റ്റേറ്റും എം ബി എസ് വാങ്ങിയത്.

2017-ൽ ലിയോനാർഡോ ഡാവിഞ്ചിയുടെ ചിത്രം 450 മില്ല്യൺ ഡോളറിന് ലേലത്തിൽ പിടിച്ച അജ്ഞാതനായ അറബിയും മറ്റാരുമല്ലെന്നാണ് പുസ്തകത്തിൽ പറയുന്നത്. ധൂർത്തിന്റെ കഥകൾ നിലനിൽക്കുമ്പോഴും, ലോകത്തിനു മുന്നിൽ ഒരു ആധുനികന്റെ പരിവേഷം ലഭിക്കാൻ എം ബി എസ് കാര്യമായി ശ്രമിക്കുന്നുണ്ടെന്നും പുസ്തകത്തിൽ പറയുന്നു. പാശ്ചാത്യ ലോകത്തെ നിരവധി പ്രമുഖരെ തന്നിലേക്കാകർഷിക്കാൻ ഇത്തരത്തിലൊരു ആധുനിക മുഖം ആവശ്യമാണെന്ന അദ്ദെഹത്തിന് അറിയാമായിരുന്നു. എന്നാൽ പലവിധത്തിലും എം ബി എസ് ഒരു പാരമ്പര്യവാദി തന്നെയായിരുന്നു.

സ്ത്രീകൾക്ക് ഡ്രൈവിങ് അനുമതി വരെ നൽകിയെങ്കിലും അതിനായി ശബ്ദമുയർത്തിയ സ്ത്രീകളുടെ ഗതി ഈ സത്യം ഉയർത്തിപ്പിടിക്കുന്നു. അതുപോലെ മറ്റൊരു രസകരമായ കാര്യം പുസ്തകത്തിൽ പറയുന്നത് എം ബി എസ്സും ആമസോൺ ഉടമ ജെഫ് ബെസോസും ചേർന്ന ഒരു അത്താഴ വിരുന്നിനെ കുറിച്ചാണ്. അത്താഴം കഴിഞ്ഞ ഉടനെ എം ബി എസ്സിന്റെ ഫോണിൽ നിന്നും വന്ന ഒരു വാട്സ്അപ് മെസേജ തുറന്നതോടെ ബെസോസിന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടുവത്രെ. അതിലെ സകല വിവരങ്ങളും ചോര്ന്നുവത്രെ.

ജമാൽ ഖഷോഗിയുടെ കൊലപാതകത്തിൽ എന്നപോലെ ഇവിടെയും എം ബി എസ് നിഷ്‌കളങ്കത നടിക്കുകയായിരുന്നു. ഖഷോഗിയുടെ മരണത്തിൽ എം ബി എസിന് പങ്കില്ലെന്ന കാര്യം തുർക്കിയും സി ഐ എ യും ഒരുപോലെ നിഷേധിച്ചിട്ടുണ്ട്. ഇതുപോലെ പല കാര്യങ്ങളിലും എം ബി എസിന്റെ വൈരുദ്ധ്യമുഖങ്ങൾ തുറന്നു കാട്ടുന്നുണ്ട് ഈ പുസ്തകം