നാദാപുരം: ഡിവൈഎഫ്‌ഐയുടെ കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക ബസ് കാത്തിരിപ്പു കേന്ദ്രവും ഇരിങ്ങണ്ണൂരിലെ ലോക് താന്ത്രിക് ജനതാദൾ ഓഫിസും തകർത്ത കേസിൽ 3 ഡിവൈഎഫ്‌ഐ പ്രവർത്തകർ പിടിയിൽ. ഇരിങ്ങണ്ണൂരിൽ മുസ്ലിം ലീഗ് ഓഫിസിനു കല്ലെറിഞ്ഞതും തൂണേരിയിൽ മണ്ഡലം കോൺഗ്രസ് ഓഫിസ് തകർത്തതും ഇതേ സംഘമാണ്.

തൂണേരി കോടഞ്ചേരി വെള്ളൂർ പൈക്കിലോട്ട് ഷാജി (32), ചീക്കിലോട്ട് താഴെക്കുനി സി.ടി.കെ. വിശ്വജിത്ത് (30), മുടവന്തേരി മുത്തപ്പൻ മഠപ്പുരയ്ക്കു സമീപം മൂലന്തേരി എം.സുഭാഷ് (39) എന്നിവരാണ് അറസ്റ്റിലായത്. യൂത്ത് ലീഗ് പ്രവർത്തകൻ അസ്ലമിനെ വധിച്ച കേസിലെ പ്രതിയാണു ഷാജി. നാട്ടിൽ കലാപം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു.

അതേ സമയം, പ്രതികളെ പൊലീസ് സ്റ്റേഷനിൽ നിന്നു തന്നെ ജാമ്യത്തിൽ വിട്ടയച്ചതു വിവാദമായിട്ടുണ്ട്. കോവിഡിന്റെ കാരണം പറഞ്ഞാണ് ഇത്. ബുധനാഴ്ച പുലർച്ചെയാണ് എടച്ചേരി ചെക്ക്മുക്കിലെ ബസ് കാത്തിരിപ്പു കേന്ദ്രം തകർത്തത്.