ഹോം ക്വാറന്റീനിൽ കഴിയുന്നവർ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കടുത്ത നിയമ നടപടികൾ നേരിടേണ്ടി വരും. അധികൃതർ നിരീക്ഷിക്കില്ലെന്നു കരുതി വ്യവസ്ഥകൾ ലംഘിച്ചാൽ വൻതുക പിഴ നൽകുകയോ അല്ലെങ്കിൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടിയോ വരും. ഹോം, ഹോട്ടൽ ക്വാറന്റീനിൽ കഴിയുന്നവർ വ്യവസ്ഥകൾ ലംഘിച്ച് പുറത്ത് ചാടിയാൽ ഉടൻ പിടി വീഴും. അറസ്റ്റ് ചെയ്ത് പ്രോസിക്യൂഷന് കൈമാറുകയും ചെയ്യും.

ഹോം ക്വാറന്റീൻ വ്യവസ്ഥകൾ ലംഘിച്ചാൽ 2,00,000 റിയാൽ വരെ പിഴയും പരമാവധി മൂന്നു വർഷം വരെ തടവും അല്ലെങ്കിൽ ഇവയിൽ ഏതെങ്കിലും ഒരു ശിക്ഷയും അനുഭവിക്കേണ്ടി വരും.

പൗരന്മാരായാലും പ്രവാസികളായാലും ക്വാറന്റീൻ വ്യവസ്ഥകളിൽ വിട്ടുവീഴ്ചയില്ല. നിയന്ത്രണങ്ങൾ കർശനമാക്കിയ മെയ്‌ 22 ന് ശേഷം ഇതുവരെ ഹോം ക്വാറന്റീൻ വ്യവസ്ഥകൾ ലംഘിച്ച നൂറിലധികം പേരെയാണ് അധികൃതർ അറസ്റ്റ് ചെയ്തത്. ലംഘനം നടത്തുന്നവരുടെ പേര് വിവരങ്ങൾ സഹിതമാണ് പുറത്ത് വിടുന്നത്.